തൃശ്ശൂര്‍: സംഗീത സംവിധായകന് ജോണ്‍സന്റെ മകള്‍ ഷാന്‍ ജോണ്സന് ജന്മനാട് വിടനല്‍കി. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ തൃശ്ശൂര്‍ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലാണ് ഷാന്‍ ജോണ്‍സണെ സംസ്ക്കരിച്ചത്. മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്റെ പുത്രിയെ അവസാനമായി ഒരു നോക്കു കാണാന്‍ നാട്ടുകാരും ബന്ധുക്കളും കലാസ്നേഹികളും അടക്കം ആയിരങ്ങള്‍ എത്തി. ഭര്‍ത്താവും മക്കളും നഷ്ടമായതോടെ തനിച്ചായ ഷാനിന്റെ മാതാവ് റാണിയെ ആശ്വസിപ്പിക്കാന്‍ എല്ലാവരും പാടുപെടുകയായിരുന്നു. തന്നെ ഈ ലോകത്ത് തനിച്ചാക്കി വിട്ടുപോയ മകളെ ഓര്‍ത്ത് ആ അമ്മ അലമുറയിട്ടു കരഞ്ഞപ്പോള്‍ കണ്ടു നിന്നവരുടെയും കണ്ണു നിറഞ്ഞു.
ചെന്നൈയില്‍ നിന്നും നാട്ടിലെത്തിച്ച മൃതദേഹം തൃശൂരിലെ വീട്ടില്‍ ഇന്ന് രാവിലെ 10 മുതല്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. വീട്ടിലെത്തി നിരവധി പേര് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഷാനിന്റേത് സ്വാഭാവിക മരണമാണെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. മോര്‍ച്ചറിക്കകത്ത് വച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തിയശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.
ചെന്നൈയില്‍ ഷാനിന് അനവധി സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഇവരെല്ലാം അവസാനമായി ഷാനിനെ ഒരു നോക്കു കാണാന്‍ എത്തിയിരുന്നു. എല്ലാവരും കണ്ണീരോടെയാണ് പ്രിയ സുഹൃത്തിന് വിട നല്‍കിയത്. സംഗീത മേഖലയിലെ സുഹൃത്തുക്കളും മറ്റു ബന്ധുക്കളും ഇന്നലെ രാവിലെ തന്നെ റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലെത്തിയിരുന്നു. മോര്‍ച്ചറിക്കു മുന്നില്‍ കാത്തുനിന്നവര്‍ കരച്ചിലടക്കാന്‍ പാടുപെടുകയായിരുന്നു.
നാട്ടില്‍ മൃതദേഹം എത്തിച്ചപ്പോള്‍ സംഗീത രംഗത്തെയും രാഷ്ട്രീയകലാരംഗത്തെയും പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. സിനിമ രംഗത്ത് നിന്ന് കമല്‍, സിബി മലയില്‍, വിദ്യാധരന് മാസ്റ്റര്‍ എന്നിവര്‍ അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തി. ഭര്‍ത്താവിനെയും മകനെയും നഷ്ടപ്പെട്ടതിന് പിന്നാലെ മകളെയും നഷ്ടമായതോടെ ഷാനിന്റെ മാതാവ് റാണി ജീവിതത്തില്‍ തീര്‍ത്തും തനിച്ചായി. സംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരില്‍ മിക്കവരുടെയും കണ്ണില്‍ കണ്ണീരണിഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലും സജീവമായിരുന്ന ഷാനിന് ഫേസ്ബുക്കിലൂടെയും നിരവധി പേര് ആദരാജ്ഞലികള്‍ നേര്‍ന്നു.
തമിഴ് സിനിമയായിരുന്നു ഷാനിന്റെ തട്ടകം. പ്രെയ്സ് ദ ലോര്‍ഡ്, എങ്കേയും എപ്പോതും, പറവൈ, തിര എന്നീ സിനിമകളില്‍ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. ഹിസ് നെയിം ഈസ് ജോണ്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്കിയതും ഷാനാണ്.