ലണ്ടന്‍: ലാംബെത്ത് പാലത്തിനു മുകളില്‍ ഡബിള്‍ ഡെക്കര്‍ ബസ് പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പടര്‍ത്തി. ഭീകരാക്രമണമെന്ന് കരുതി ആളുകള്‍ ഭയചകിതരായതാണ് പ്രശ്നം സൃഷ്ടിച്ചത്. എന്നാല്‍ ഹോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനായി സൃഷ്ടിച്ച സ്ഫോടനമായിരുന്നു അതെന്ന് പിന്നീടാണ് ജനങ്ങള്‍ക്ക് മനസിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വെസ്റ്റ്മിനിസ്റ്ററിലേക്ക് പോയ ബസിന്റെ മുകല്‍ നിലയിലാണ് പൊട്ടിത്തെറി നടന്നതെന്ന് തൊട്ടടുത്ത പാര്‍ക്കിലുണ്ടായിരുന്നവര്‍ പറഞ്ഞു. ഭീകരാക്രമണമാണെന്നു കരുതി പ്രദേശത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ദി ഫോറിനര്‍ എന്ന സിനിമയുടെ ചിത്രീകരണമാണ് അവിടെ നടന്നതെന്ന് പിന്നീട് വിശദീകരണമുണ്ടായി. ജാക്കിചാന് പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയില്‍ പീയേഴ്സ് ബ്രോസ്നനും മുഖ്യ വേഷത്തിലെത്തുന്നു. പൊതുസ്ഥലത്തുണ്ടായ പൊട്ടിത്തെറി ഒട്ടേറെപ്പേരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ടാകുമെന്ന് വോസ്റ്റര്‍ഷയര്‍ എംപി നിഗെല്‍ ഹഡില്‍സ്റ്റണ്‍ പറഞ്ഞു. അതൊരു സിനിമാ ചിത്രീകരണം മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ഹഡില്‍സ്റ്റണ്‍ സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്.
സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ തന്നില്‍ 7/7 ആക്രമണ പരമ്പരകളുടെ ഓര്‍മയാണുണര്‍ത്തിയതെന്ന് ഫെയില്‍നട്ട് എന്നൊരാള്‍ ട്വീറ്റ് ചെയ്തു. ഇത്തരത്തിലുളള സ്ഫോടനം നടത്തും മുമ്പ് അത് വ്യാജമാണെന്ന കാര്യം ജനങ്ങളെ അറിയിക്കണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടു വയ്ക്കുന്നു. ആക്രമണത്തിന്റെ ഭീതിയുമായി കഴിയുന്ന തങ്ങളെ ഇത്തരത്തില്‍ ദ്രോഹിക്കരുതെന്നും ഫെയില്‍നട്ട് പറഞ്ഞു.
സ്ഫോടനം സൃഷ്ടിച്ച വന്‍ അഗ്നിഗോളം ബസിന്റെ മുകള്ഭാഗം തകര്‍ത്തു. ഡമ്മി മൃതദേഹങ്ങള്‍ ബസില്‍ വച്ചിരുന്നതും പരിഭ്രാന്തി വര്‍ദ്ധിക്കാന്‍ കാരണമായി. സിനിമ ചിത്രീകരിക്കുന്നവരെയും ക്യാമറയുമൊക്ക ജനങ്ങള്‍ കാണാതെ വരുമ്പോള്‍ തീര്‍ച്ചയായും ഭയം ഉണ്ടാകുമെന്നും പാര്‍ലമെന്റിന് മുന്നിലൂടെ നടന്ന് പോകുകയായിരുന്ന ചില സഞ്ചാരികള്‍ക്ക് ഇത് യഥാര്‍ത്ഥമാണോ അല്ലയോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്നും ദൃക്സാക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു.
വീഡിയോ കാണാം