കോഴിക്കോട്: സാഹിത്യകാരന് അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അറുപത്തിരണ്ട് വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തേത്തുടര്‍ന്ന് ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് കക്കട്ടില്‍ കണ്ടോത്തുകുനി ജുമാമസ്ജിദില്‍. വി.ജമീലയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.മൃതദേഹം 12 മണി വരെ കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
1954 ജൂലൈ 7ന് കോഴിക്കോടു ജില്ലയിലെ കക്കട്ടിലിലാണ് ജനനം. പാറയില്‍ എല്‍പി സ്കൂള്‍, വട്ടോളി സംസ്കൃതം ഹൈസ്കൂള്‍, ഫറോക്ക്, മടപ്പള്ളി, തൃശൂര്‍ കേരളവര്‍മ, തലശ്ശേരി ബ്രണ്ണന്‍ കോളെജ്, തലശ്ശേരി ഗവ. ട്രെയ്നിങ് കോളജ് എന്നിവിടങ്ങളില്‍ നിന്നാണു വിദ്യാഭ്യാസം നേടിയത്. വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കുറ്റ്യാടി ഹൈസ്കൂള്‍, കൂത്താളി ഹൈസ്കൂള്‍, ഡപ്യൂട്ടേഷനില്‍ കോട്ടയം പായിപ്പാട് നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു.
രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (സ്കൂള്‍ ഡയറി, വടക്കുനിന്നൊരു കുടുംബവൃത്താന്തം) നേടിയിട്ടുണ്ട്. പുറമെ അങ്കണം സാഹിത്യ അവാര്‍ഡ്, എസ്. കെ. പൊറ്റെക്കാട് അവാര്‍ഡ്, മികച്ച കഥാകൃത്തിനുളള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, രാജീവ്ഗാന്ധി പീസ് ഫൗണ്ടേഷന് അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകളും നേടിയിട്ടുണ്ട്.
ചെറുകഥകളിലൂടെയാണ് അക്ബര്‍ കക്കട്ടില്‍ മലയാളി വായനക്കാര്‍ക്ക് സുപരിചിതനാകുന്നത്. രണ്ടു നോവലുകളും അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്. കാരൂര്‍ നീലകണ്ഠപ്പിള്ളയ്ക്കു ശേഷം അധ്യാപക കഥകളിലൂടെ പ്രശസ്തനായ സാഹിത്യകാരനായിരുന്നു കക്കട്ടില്‍. 54 ഓളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഷമീലാ ഫഹ്മി, അധ്യാപകകഥകള്‍, മേധാശ്വം, ഈ വഴി വന്നവര്‍, നാദാപുരം’ എന്നിവ പ്രധാന ചെറുകഥാസമാഹാരങ്ങളാണ്.