മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ സിനിമാസമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ തഴയപ്പെട്ട ലിബര്‍ട്ടി ബഷീറിന് നാളെ മുതല്‍ സിനിമകള്‍ നല്‍കാന്‍ തീരുമാനം.
നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും അസോസിയേഷന്‍ യോഗത്തില്‍ ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടു. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍നിന്നു ബഷീര്‍ രാജിവച്ചതോടെയാണ് വിലക്ക് പിന്‍വലിച്ചത്.
ഇതോടെ ഞായറാഴ്ച മുതല്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകള്‍ക്കു സിനിമകള്‍ വിതരണം ചെയ്യാന്‍ യോഗത്തില്‍ ധാരണയായി. പുതിയ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുമായുള്ള എതിര്‍പ്പുകളെ തുടര്‍ന്നാണ് ബഷീറിന്റെ തിയറ്ററുകള്‍ക്കു റിലീസ് സിനിമകള്‍ ലഭിക്കാതിരുന്നത്.
ദിലീപ് ആണ് പുതിയ സംഘടനയുടെ നേതാവ്. സിനിമാ വ്യവസായത്തെ വ്യക്തി താത്പര്യത്തിന്റെ പേരില്‍ ബഷീര്‍ തകര്‍ക്കുകയാണെന്ന ആരോപണമുണ്ടായിരുന്നു.
തിയറ്ററുകളില്‍ നിന്ന് ഉടമകള്‍ക്കു ലഭിക്കുന്ന വരുമാന വിഹിതം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു ഫെഡറേഷന്‍ നേതൃത്വം നിര്‍മാതാക്കളും വിതരണക്കാരുമായി ഇടഞ്ഞതോടെ ആഴ്ചകളോളം മലയാള സിനിമാ ലോകം സ്തംഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ദിലീപിന്റെ നേതൃത്വത്തില്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്ന സംഘടന രൂപീകരിച്ചത്.
Leave a Reply