ആകാംക്ഷകളും പ്രതീക്ഷകളും വീണ്ടും വാനോളമുയർത്തി കൊണ്ട് ബാഹുബലി ദി കൺക്ളൂഷനിലെ സാഹോരോ ബാഹുബലി എന്ന ഗാനത്തിന്റെ പ്രൊമോ വിഡിയോയെത്തി. അമരേന്ദ്ര ബാഹുബലിയായും മഹേന്ദ്ര ബാഹുബലിയായും എത്തുന്ന പ്രഭാസാണ് വിഡിയോയിലുളളത്. ബാഹുബലിയുടെ ആക്ഷൻ രംഗങ്ങളും മഹിഷ്‌മതിയുമെല്ലാമാണ് 30 സെക്കന്റ് ദൈർഘ്യമുളള പ്രമോ വിഡിയോയിലുളളത്. എസ്.എസ്.രാജമൗലിയാണ് ബാഹുബലി ദി കൺക്ളൂഷൻ സംവിധാനം ചെയ്യുന്നത്.
കെ.ശിവശക്തി ദത്ത,ഡോ.കെ.രാമകൃഷ്‌ണ എന്നിവരാണ് തെലുങ്കിലെ ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് എം.എം.കീരവാണി.
2015ലാണ് മഹിഷ്‌മതിയുടെ കഥ പറഞ്ഞ എസ്.എസ്. രാജമൗലി ചിത്രം ബാഹുബലി തിയേറ്ററിലെത്തിയത്. കട്ടപ്പയെന്തിന് ബാഹുബലിയെ കൊന്നുവെന്ന വലിയൊരു ചോദ്യമുയർത്തിയാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് തിരശീല വീണത്. അന്ന് മുതലുളള കാത്തിരിപ്പാണ് ബാഹുബലി ദി കണക്ളൂഷനായി. ഏപ്രിൽ 28നാണ് ബാഹുബലി ദി കൺക്ളൂഷൻ തിയേറ്ററിലെത്തുക. രാജ്യത്താകമാനം 6500 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
പ്രഭാസ്, സത്യരാജ്, റാണ ദഗുബട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, മീര കൃഷ്‌ണ എന്നിവരാണ് ബാഹുബലിയിലെ പ്രധാന അഭിനേതാക്കൾ. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകളിലാണ് ബാഹുബലി ദി കൺക്ളൂഷനിറങ്ങുന്നത്.
മലയാളം ബാഹുബലിയിൽ സാഹോരോ ബാഹുബലിയെന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്‌ണനാണ്. സംഗീതം നൽകിയിരിക്കുന്നത് എം.എം.കീരവാണിയും. യാസിൻ നസാർ, വിജയ് യേശുദാസ്, ശ്വേത മോഹൻ എന്നിവരാണ് മലയാളത്തിലെ ഗാനം പാടിയിരിക്കുന്നത്. ചിത്രം തിയേറ്ററിലെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രേക്ഷകരുടെ ആകാംക്ഷ ഒന്നൂടെ ഉയർത്തിയിരിക്കുകയാണ് സഹോരോ ബാഹുബലിയെന്ന ഗാനത്തിന്റെ പ്രമോഷൻ വിഡിയോ.
Leave a Reply