അപ്പച്ചന് കണ്ണഞ്ചിറ
സ്റ്റീവനേജ്: മാര്‍ഷ്യല്‍ ആര്‍ട്സിലെ പ്രശസ്തമായ ‘ടേയ് ക്വോണ്‍ ടോ’ സ്പോര്‍ട്സ് വിഭാഗത്തില്‍ നടന്ന ഇംഗ്ലീഷ് നാഷണല്‍ കോമ്പറ്റീഷനില്‍ ജൂനിയര്‍ മിഡില്‍ വെയിറ്റ് വിഭാഗം ‘സ്പാറിങ്ങില്‍’ ജേതാവായി മലയാളി ബാലന് തിളക്കമാര്‍ന്ന വിജയം. സ്റ്റീവനേജില്‍ നിന്നുള്ള ബെഞ്ചമിന്‍ ഐസക് ആണ് മലയാളികള്‍ക്ക് അഭിമാനമായി വൂസ്റ്ററില്‍ വെച്ച് നടത്തപ്പെട്ട നാഷണല്‍ മത്സരത്തില്‍ കിരീടമണിഞ്ഞത്. ആറുമാസത്തെ പരിശീലനം മാത്രം നേടി ഈ രംഗത്തെ നവാഗതനും, മുമ്പ് മത്സരങ്ങള്‍ കണ്ടോ പങ്കെടുത്തോ പരിചയം പോലും ഇല്ലാതെ പോര്‍ക്കളത്തിലിറങ്ങി TAGB (‘ടേയ് ക്വോണ്‍ ടോ’ അസോസിയേഷന് ഓഫ് ഗ്രേറ്റ് ബ്രിട്ടണ്) ഇംഗ്ലീഷ് ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍ പട്ടം നേടിയെന്നതിലാണ് ബെഞ്ചമിന്‍ ഏവരുടെയും കയ്യടി നേടിയത്.
ബെഞ്ചമിന്റെ, തലക്ക് മേല്‍ പാദം ഉയര്‍ത്തി ആഞ്ഞ് കിക്കെടുക്കുമ്പോള്‍ തന്നെ മുഷ്ടി ചുരുട്ടി അക്രമിക്കുന്ന ശൈലി ഈ കൊമ്പറ്റീഷനില്‍ ആകര്‍ഷകവും ശ്രദ്ധേയവും പ്രശസ്തവുമായിക്കഴിഞ്ഞു. ത്വരിത റെസ്പോണ്‍സ്, നല്ല മെയ്വഴക്കം, ഏകാഗ്രത, കായിക ക്ഷമത, മനോ ശക്തി എല്ലാം ഒത്തു ചേര്‍ന്നാല്‍ മാത്രം വിജയിക്കാവുന്ന ഒരു അഭ്യാസമുറയാണ് ‘ടേയ് ക്വോണ്‍ ടോ’. ഏറെ കഴിവുകളും ലക്ഷ്യ ബോധവും അര്‍പ്പണ മനോഭാവവും നിറഞ്ഞ കഠിനാദ്ധ്വാനിയും മിടുക്കനുമായിട്ടാണ് ബെഞ്ചമിനെപ്പറ്റി മുതിര്‍ന്ന പരിശീലകന് ജോണ്‍ പവല്‍ സ്കൂള്‍ ബോര്‍ഡിലെ അഭിനന്ദനക്കുറിപ്പില്‍ രേഖപ്പെടുത്തിയത്.
ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ബെഞ്ചമിന്‍ സ്റ്റീവനേജിലെ നോബല്‍ സ്കൂളിലാണ് പഠിക്കുന്നത്. ഡ്രോയിങ്ങിലും പെയിന്റിങിലും കലാ വാസനയുള്ള ബെഞ്ചമിന്‍ പെറ്റുകളെ ലാളിച്ചു വളര്‍ത്തുന്ന ഒരു മൃഗസ്നേഹി കൂടിയാണ്. ലോകത്തിലെ ഏറ്റവും വലിയ ഭാഷയായ ചൈനയുടെ ‘മാന്‍ഡാറിന്‍’ അനായാസം ഉപയോഗിക്കുവാനും ഭാഷയില്‍ വളരെ പ്രാഗത്ഭ്യം തെളിയിക്കുവാനും ബെഞ്ചമിന്‍ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. പതിനാലാം വയസ്സിലേക്ക് ചുവടു വെക്കുമ്പഴേക്കും ‘ഷോട്ടോകാന്‍ കരാട്ടെ’യില്‍ അടിസ്ഥാന പരിശീലനം നേടിയ ബെഞ്ചമിന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സെന്റ് നിക്കോളാസ് സ്കൂളിലെ ഏറ്റവും നല്ല സ്പോര്ട്സ്മാനും, ഇന്റ്റര്‍ കൗണ്ടി സ്കൂള്‍ ജാവലിന്‍ ത്രോ മത്സരത്തില്‍ ചാമ്പ്യനും ആയിരുന്നു.
ബെഞ്ചമിന്റെ ഏക സഹോദരന് ബെനഡിക്ട് സ്റ്റീവനേജ് പിന് ഗ്രീന്‍ ഫുട്ബോള്‍ ക്ലബ്ബിന്റെ പ്രമുഖ മിഡ്ഫീല്‍ഡര്‍ എന്ന നിലയിലാണ് സ്റ്റീവനേജില്‍ പ്രശസ്തനായിട്ടുള്ളത്. പുതിയ സീസണില്‍ ടീമിന്റെ ടോപ് സ്കോറര്‍ സ്ഥാനം നിലനിര്‍ത്തിപ്പോരുന്ന ബെനഡിക്ട് വിഡിയോ ഗെയിമില്‍ അഗ്രഗണ്യനാണ്. എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ബെനഡിക്ട്.
മൂവായിരത്തോളം വര്‍ഷങ്ങളുടെ ചരിത്രം അവകാശപ്പെടുന്ന മാര്‍ഷ്യല്‍ ആര്‍ട്സില്‍ ഏറ്റവും ജന പങ്കാളിത്തം നേടിയ ‘ടേയ് ക്വോണ്‍ ടോ’ കായിക ക്ഷമതയും, വിനോദവും, സ്വയ രക്ഷയും പ്രധാനം ചെയ്യുന്ന ഒരു ആകര്‍ഷകമായ സ്പോര്‍ട്സിനമാണ്. ആയതിനാല്‍ തന്നെ ഏറ്റവും നവീന ഇനമായി ഒളിമ്പിക് സ്പോര്‍ട്സില്‍ ‘ടേയ് ക്വോണ്‍ ടോ’ മത്സരം ഉള്‍പ്പെടുത്തിക്കഴിഞ്ഞു.
ലോക പ്രശസ്ത ‘സ്പോര്‍ട്ടിങ് ആന്‍ഡ് സെല്‍ഫ് ഡിഫെന്‍സ്’ അഭ്യാസ കലയായ കൊറിയന്‍ ‘ടേയ് ക്വോണ്‍ ടോ’ സ്പോര്‍ട്സില്‍ 184 രാജ്യങ്ങളിലായി 60 മില്യണ്‍ ജനങ്ങള്‍ പരിശീലിച്ചു വരുന്നുണ്ടത്രേ. ‘ടേയ് ക്വോണ്‍ ടോ’ എന്ന പേരിന്റെ അര്‍ത്ഥം പാദവും മുഷ്ടിയും ഉപയോഗിച്ച് തര്‍ക്കുകയോ, അക്രമിക്കുകയോ ചെയ്യുന്ന കല എന്നാണ്. 1983 ല്‍ യുകെയില്‍ ആരംഭിച്ച ഈ സ്പോര്‍ട്സിനം ദേശീയ അംഗീകാരവും യുകെ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗത്വവും നേടിയിട്ടുണ്ട്.
കൊല്ലം ജില്ലയിലെ നല്ലില വാഴപ്പള്ളില്‍ കുടുംബാംഗവും സ്റ്റീവനേജില്‍ താമസിക്കുകയും ചെയ്യുന്ന ഐസക് (റെജി), കണ്ണൂര്‍ തേര്‍മല സ്വദേശിയും സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ നേഴ്സുമായ സിബി ഐസക് ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്ത മകനാണ് ബെഞ്ചമിന്‍. സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി കമ്മ്യൂണിറ്റിയിലും വിശ്വാസ കൂട്ടായമകളിലും സജീവ സാന്നിദ്ധ്യമായ ഐസക്കിന്റെ കുടുംബം അറിയപ്പെടുന്ന ഗായക കുടുംബമാണ്. ഒട്ടു മിക്ക വാദ്യോപകരങ്ങളും അനായാസം കയ്യാളുവാന്‍ ഐസക്കിന് കഴിയും.
ബെഞ്ചമിന്റെ ഉന്നത നേട്ടത്തില്‍ സ്റ്റീവനേജ് മലയാളികളുടെ കൂട്ടായ്മയായ ‘സര്‍ഗ്ഗം സ്റ്റീവനേജി’നു വേണ്ടി ഭാരവാഹികളായ അബ്രാഹം കുരുവിള, മനോജ് ജോണ്‍,ഷാജി ഫിലിഫ് എന്നിവര്‍ അനുമോദനവും, ആശംസകളും നേര്‍ന്നു. ഒളിംപിക്സില്‍ പുതിയതായി ചേര്‍ക്കപ്പെട്ട ഈ കായിക ഇനത്തില്‍ മലയാളികള്‍ക്ക് അഭിമാനമായി ഇംഗ്ലീഷ് ചാമ്പ്യനായ ബെഞ്ചമിന്‍ ഉയര്‍ന്നു വരട്ടെ എന്നാണ് എല്ലാ പ്രവാസി മലയാളികളുടെയും അഭിലാഷവും ആശംസകളും.
Leave a Reply