ലെസ്റ്റര്‍ ഒരുങ്ങി. ഒരു നാടും നഗരവും ഒരു കലാമാമാങ്കത്തിന് ഒരുങ്ങുമ്പോള്‍ എന്നും എവിടെയും വിജയങ്ങള്‍ മാത്രം കൈമുതലായുള്ള ഒരു അസ്സോസ്സിയേഷനും ചിലങ്കയണിയുന്നു. ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസിയേഷന്‍. കലാ കായീകരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യപ്രതിഭകള്‍ വാഴുന്ന യൂറോപ്പിലെ കലാമണ്ഡലം. വര്‍ഷം തോറും, ജന്മനാടിന്റെ ജില്ലകള്‍ തിരഞ്ഞുപിടിച്ച് പാവങ്ങള്‍ക്ക് സാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശം നല്‍കുന്ന സമാന ചിന്താഗതിയുള്ള മലയാളത്തിന്റെ കൂട്ടായ്മ. തീര്‍ന്നില്ല, ദാനമായി കിട്ടിയ അവയവങ്ങള്‍ ദാനമായി തന്നെ നല്‍കി ചിലര്‍ക്കൊക്കെ ജീവിതം നല്‍കാന്‍ കാത്തിരിക്കുന്ന വലിയ മനസ്സുള്ള ഒരു സമൂഹം. ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസിയേഷനെ ഇതില്‍ എന്തിനോടും ഉപമിക്കാം. ജനങ്ങളോടൊപ്പമുള്ള ജനകീയ പത്രം എന്ന് അവര്‍ ഉറപ്പു വരുത്തിയ മലയാളം യു കെ യുടെ എക്‌സല്‍ അവാര്‍ഡ് നൈറ്റില്‍ ജി. എം. എ യുടെ പ്രകടനം ഇനി ഊഹിക്കാവുന്നതേയുള്ളൂ. അവര്‍ ലെസ്റ്ററില്‍ എത്തും. തീര്‍ച്ച..!!
അവിടെ തിളങ്ങുന്ന താരങ്ങളുടെ നീണ്ട നിര ഇങ്ങനെ പോകുന്നു.

ബെനീറ്റ ബിനു.
സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍.

നല്ലൊരു നര്‍ത്തകിയായ അമ്മയുടെ വയറിനുള്ളില്‍ നിന്നും ചിലങ്കയുടെ ശബ്ദം കേട്ടു ജന്മമെടുത്ത ഈ കൊച്ചു മിടുക്കി പിച്ചവെച്ചു തുടങ്ങിയതും ചിലങ്കയുടെ താളത്തില്‍ നന്നെ. മൂന്നാം വയസ്സില്‍ നൃത്തത്തിന്റെ ആദ്യ ചുവടുകള്‍ വെച്ച ബെനീറ്റ ഗ്ലോസ്റ്ററിലെ സെന്റ്. പീറ്റേഴ്‌സ് ഹൈസ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഗ്ലൊസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്റെ പ്രശസ്തി യൂറോപ്പ് മുഴുവനും എത്തിച്ചതില്‍ ഈ കൊച്ചു മിടുക്കിയുടെ പങ്ക് ചെറുതൊന്നുമല്ല.

കേരളത്തില്‍ കൂത്താട്ടുകുളത്ത് കാഞ്ഞിരത്തിങ്കല്‍ കുടുംബാംഗമായ ബിനുമോന്‍ കുര്യാക്കോസിന്റേയും ബിനു സെബാസ്റ്റ്യന്റെയും രണ്ടു മക്കളില്‍ മൂത്തയാളാണ് ബെനീറ്റ. ഇളയ സഹോദരന്‍ ബെനറ്റ് ബിനു ഒന്നാം ക്ലാസില്‍ പഠിക്കുന്നു. മൂന്നാം വയസ്സില്‍ ചിലങ്കയണിഞ്ഞ ബെനിറ്റയിപ്പോള്‍ ജെസ്സി ചന്ദര്‍ ടീച്ചറിന്റെ ശിക്ഷണത്തില്‍ ഭരതനാട്യം അഭ്യസിക്കുകയാണ്.

യുക്മ നാഷണല്‍ കലാമേളയിലെ നര്‍ത്തകികളുടെ പേടിസ്വപനമാണ്
ബെനീറ്റയിപ്പോള്‍. 2013 മുതല്‍ തുടര്‍ച്ചയായി യുക്മ നാഷണല്‍ കലാമേളയില്‍ നാടോടി നൃത്തത്തിനുള്ള ഒന്നാം സമ്മാനം ബെനീറ്റയുടെ സ്വന്തമാണ്. കൂടാതെ യുക്മ സൗത്ത് വെസ്റ്റ് റീജണിന്റെ കലാതിലകവും. നൃത്തത്തോടൊപ്പം തന്നെ മോണോ ആക്ടിലും കഥാപ്രസംഗത്തിനും നിരവധി സമ്മാനങ്ങള്‍ വരിക്കൂട്ടിയ ബെനീറ്റ ഗ്ലോസ്റ്റര്‍ഷെയര്‍
മലയാളി അസ്സോസിയേഷന്റെ അഭിമാനമാണ്. മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റില്‍ ബെനീറ്റ എത്തുകയാണ്. ബോളിവുഡ് സുന്ദരിമാരെ വെല്ലുന്ന നൃത്തച്ചുവടുകളുടെ ഈണത്തിലും താളത്തിലും.

മലയാളം യുകെയുടെ സ്റ്റേജില്‍ ബെനീറ്റ അവതരിപ്പിക്കുന്ന സിനിമാറ്റിക് സിംഗിള്‍സിനു പുറമേ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസിയേഷനിലെ തന്നെ സുന്ദരിമാരുടെ ബോളിവുഡ് ഗ്രൂപ്പ് ഡാന്‍സ് അരങ്ങേറും. മാധുരി ദിക്ഷിത്തും പ്രിയങ്കാ ചോപ്രായും കത്രീനാ കെയ്ഫും ജൂഹി ചൗഹളയും കരീനാ കപൂറുമൊക്കെ ബോളിവുഡില്‍ വിരിയിച്ച ഡാന്‍സിന്റെ അതേ രൂപം.

ശില്പാ അമിന്‍.

കൊറിയോഗ്രാഫിയും ഒപ്പം നൃത്തവും. ഇതു രണ്ടും ലെസ്റ്ററില്‍ കാണാം. മാംഗളൂരിലെ ഉടുപ്പിയില്‍ നിന്നുള്ള ശങ്കര്‍ അമിന്‍,
ഉഷ അമിനിന്റെയും മകളായ ശില്പ നൃത്തത്തിലെന്ന പോലെ തന്നെ കൊറിയോഗ്രാഫിയിലും തന്റെ കഴിവ് തെളിയിക്കാനൊരുങ്ങുകയാണ്. മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റില്‍ ബോളിവുഡ് ഡാന്‍സിന് നേതൃത്വം വഹിക്കുന്നത് ശില്പയാണ്. ശില്പയും ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസിയേഷന്റെ സ്വന്തമാണ്.

സുബിന്‍ ജോസഫ്.
കസ്റ്റമര്‍ കെയര്‍ മാനേജരായി ഐബിസ് ഹോട്ടലില്‍ ജോലി ചെയ്യുന്ന സുബിന്‍ ഗ്ലോസ്റ്ററിലാണ് താമസം. തിരുവനന്തപുരത്തിനടുത്തുള്ള പൂവാറില്‍ സുബിലയം ഹൗസില്‍ സോമന്‍ ജോസഫിന്റെയും ബിന്ദു സോമന്റേയും മകനായ സുബിന്‍ നല്ലൊരു കൊറിയോഗ്രാഫര്‍ കൂടിയാണ്. ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസിയേഷന്റെ ഒട്ടുമിക്ക ഡാന്‍സുകളും സുബിന്‍ ജോസഫിന്റെ സ്വന്തമാണ്. ശില്പ നയിക്കുന്ന ഈ വര്‍ണ്ണ വിസ്മയത്തില്‍ സുബിനും കൈകോര്‍ക്കുന്നു.
യുക്മ നാഷണല്‍ കലാമേളയില്‍ സീനിയേഴ്‌സിന്റെ കഥാപ്രസംഗം, മോണോ ആക്ട്, പദ്യപാരായണം, നാടോടി നൃത്തം തുടങ്ങിയവയില്‍ സ്ഥിരമായി ഒന്നാം സമ്മാനം കൈ പിടിയിലൊതുക്കുന്ന ബിന്ദു സോമനെ പരിചയമുണ്ടോ..?
അത് സുബിന്റെ അമ്മയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാറാ സുനില്‍

സാറയും ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസിയേഷന്റെ സ്വന്തം. ഗ്ലോസ്റ്ററിലെ ചെല്‍ട്ടെന്‍ഹാമില്‍ താമസിക്കുന്ന സാറാ, റിപ്സ്റ്റണ്‍ ഹാള്‍ ഗേള്‍സ് ഹൈസ് സ്‌ക്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു. അടൂരിനടുത്തുള്ള കടമ്പനാട്ടാണ് കുടുംബവീട്. സുനില്‍ ജോര്‍ജ്ജ് അച്ചനും, അമ്മ സിന്‍സി എബ്രാഹവും. സിയോണ്‍ സുനില്‍ സാറയുടെ സഹോദരനാണ്. കലാരംഗത്ത് സാറയുടെ സംഭാവനകള്‍ പ്രായത്തേക്കാളും വലുതാണ്. യുക്മ നാഷണല്‍ കലാമേളയില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റില്‍ സാറയും കൈകോര്‍ക്കും.

ഷാരോണ്‍ ഷാജി.

വൈക്കം കായലിലെ ഓളം.! ഗ്രാമീണ സംഗീതത്തില്‍ വൈക്കം കായലിന് പ്രത്യേക പ്രശക്തിയുണ്ട്.
വൈക്കം കായലില്‍ ഓളം തുള്ളുമ്പോള്‍ …
താ…നാരോ തന്നാരോ….
ഇത് കേള്‍ക്കാത്ത ഒരു മലയാളിയും യുകെയിലില്ല. ഈ ഈണവും താളവും ഇപ്പോള്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്റെ സ്വന്തം.
വൈക്കത്തുകാരായ ഷാജിയുടേയും ഷീജയുടേയും പ്രിയ ഷാരോണിന് ഇപ്പോള്‍ ഒമ്പത് വയസ്സ്. നാലാം വയസ്സില്‍ ഷാരോണ്‍ തന്റെ ആദ്യ ചുവടുകള്‍ വെച്ചു തുടങ്ങി. പങ്കെടുത്ത മത്സരങ്ങളിലൊക്കെ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍… യുക്മയും ഷാരോന്റെ തട്ടകം. വാരിക്കൂട്ടിയത് നിരവധി. കലയില്‍ മാത്രമല്ല, പഠിത്തത്തിലും ഷാരോണ്‍ മുമ്പില്‍ തന്നെ. കിംഗ്‌സ് ഹാം സ്‌കൂള്‍ സ്റ്റാര്‍ അവാര്‍ഡ് ഒരിക്കല്‍ ഷാരോനെ തേടിയെത്തിയിരുന്നു. മലയാളം യു കെ എക്‌സല്‍ അവാര്‍ഡ് നൈറ്റില്‍ ഷാരോനുമെത്തുമ്പോള്‍….!

സിയന്‍ ജേക്കബ്

വെറും ആറ് വയസ്സ്. ബ്രട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ സഹകരണത്തോടെ മിസ് ചാരിറ്റി ഹാര്‍ട്ട് ബ്യൂട്ടി പേജന്റ് മത്സരത്തില്‍ മിസ് ചാരിറ്റി ഹാര്‍ട്ടായും അതോടൊപ്പം കാര്‍ണ്ണിവല്‍ ക്യൂന്‍ പേജന്റ് മത്സരത്തില്‍ മിനി കാര്‍ണ്ണിവല്‍ ക്യൂന്‍ ഇന്റര്‍നാഷണല്‍ 2017 ആയും വിജയിച്ചു.
ഇനി ഞങ്ങള്‍ പറയട്ടെ. സിയൻ എന്ന കുരുന്നു മിടുക്കിയും മലയാളം യു കെ യുടെ അവാര്‍ഡ് നൈറ്റിൽ ചേച്ചിമാർക്കൊപ്പം താരമാകും.

ഇതെല്ലാം ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്റെ സംഭാവനകള്‍ മാത്രമാണ്. ഇത്രയധികം പ്രതിഭകള്‍ തിങ്ങിപ്പാര്‍ക്കുന്നിടം ഭൂമിയില്‍ വേറെയില്ല… ജി എം എ യുടെ പ്രസിഡന്റ് ടോം ശങ്കൂരിക്കനും സെക്രട്ടറി മനോജ് വേണുഗോപാലിനും മലയാളം യു കെ യുടെ അഭിനന്ദനങ്ങള്‍… ഇത് നിങ്ങള്‍ക്ക് അഭിമാനമാണ്…

പുലിമുരുകന്‍ സിനിമയുടെ സംവിധായകന്‍ വൈശാഖ് ഉദ്ഘാടകനാകുന്ന ഈ അവാര്‍ഡ് നൈറ്റില്‍ തങ്ങള്‍ അവതരിപ്പിക്കുന്ന പ്രോഗ്രാമുകള്‍ അങ്ങേയറ്റം വ്യത്യസ്തവും, ആസ്വാദകരവുമാക്കുവാനുള്ള കഠിന പരിശീലനത്തിലാണ്  ജി എം എ യുടെ കലാപ്രതിഭകള്‍.

മനോഹരമായ ഈ കലാസന്ധ്യക്ക് പോകുവാനായി ജി എം എ പ്രസിഡന്റ് ടോം ശങ്കൂരിക്കലിന്റെയും, സെക്രട്ടറി മനോജ്‌ വേണുഗോപാലിന്റെയും നേതൃത്വത്തില്‍ അമ്പതു സീറ്റുള്ള ബസ് ബുക്ക് ചെയ്തു കഴിഞ്ഞു. മലയാളം യുകെയുടെ ആദ്യ അവാര്‍ഡ് നൈറ്റില്‍ ഗ്ലോസ്സറ്റര്‍ഷൈയര്‍ മലയാളി അസോസിയേഷനിലെ കലാകാരന്മാരുടെ സാന്നിധ്യം ഈ അവാര്‍ഡ് നൈറ്റിനെ വേറിട്ടതാക്കും എന്ന് ഉറപ്പാണ്‌.