ബെര്‍ലിന്‍: ഡൊണാള്‍ഡ് ട്രംപിനു കീഴിലുള്ള അമേരിക്കയെ ജര്‍മനിക്കും യൂറോപ്പിനും വിശ്വസിക്കാനാകില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍. യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ വിധി സ്വയം നിര്‍ണ്ണയിക്കണമെന്നും അവര്‍ പറഞ്ഞു. പരമ്പരാഗതമായി തുടര്‍ന്നു വരുന്ന പാശ്ചാത്യ സഖ്യം എന്ന സങ്കല്‍പത്തിന് അമേരിക്കയുടെ പുതിയ ഭരണകൂടവും ബ്രെക്‌സിറ്റും ഭീഷണിയാണെന്നും അവര്‍ പറഞ്ഞു.മറ്റുള്ളവരില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കുന്നതിന്റെ കാലം അവസാനിച്ചുവെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അത് താന്‍ അനുഭവിച്ചു വരികയാണെന്നും മെര്‍ക്കല്‍ വ്യക്തമാക്കി.
അമേരിക്കയും ബ്രിട്ടനുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുമെങ്കിലും യൂറോപ്പിന്റെ ഭാവിക്കായി നാം പ്രവര്‍ത്തിച്ചാലേ മതിയാകൂ എന്ന് മനസിലാക്കണമെന്നും മറ്റു യൂറോപ്യന്‍ രാജ്യങ്ങളോട് മെര്‍ക്കല്‍ പറഞ്ഞു. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ട്രംപ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മെര്‍ക്കലിന്റെ പ്രതികരണം. യൂറോപ്യന്‍ പ്രതിനിധികളെ നിരാശരാക്കിക്കൊണ്ടാണ് അമേരിക്ക ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ സമയം ആവശ്യപ്പെട്ടത്.
ആഗോള താപനം എന്നത് തട്ടിപ്പാണെന്ന് മുമ്പ് പറഞ്ഞിട്ടുള്ള ട്രംപിനോട് 2015ലെ പാരീസ് കരാറിനെ മാനിക്കണമെന്ന് മറ്റു നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അടുത്തയാഴ്ചയോടെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് ട്രംപിന്റെ ട്വീറ്റ്. 195 രാജ്യങ്ങള്‍ ഒപ്പ് വെച്ച കരാറില്‍ അമേരിക്ക മാത്രം ഒപ്പുവെക്കാന്‍ മടി കാണിക്കുന്നതിലുള്ള നീരസമാണ് മെര്‍ക്കല്‍ പ്രകടിപ്പിച്ചത്.
Leave a Reply