ലണ്ടന്‍: ശമ്പളം വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് എയര്‍വേയ്‌സ് ക്യാബിന്‍ ജീവനക്കാര്‍ സമരത്തിലേക്ക്. ജൂണ്‍ 16 മുതല്‍ നാല് ദിവസത്തേക്ക് പണിമുടക്കാനാണ് തീരുമാനം. യുണൈറ്റ് യൂണിയന്‍ അംഗങ്ങളാണ് സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഐടി തകരാറ് മൂലം യാത്രാതടസമുണ്ടായ എയര്‍ലൈന് സമരം കനത്ത നഷ്ടമായിരിക്കും സമ്മാനിക്കുകയെന്ന് വിലയിരുത്തപ്പെടുന്നു. സാങ്കേതികത്തകരാറ് മൂലം വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ 75,000 യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്.

പോവര്‍ട്ടി പേ വിഷയത്തില്‍ മുമ്പ് സമരം ചെയ്ത ജീവനക്കാര്‍ക്ക് ചില വിലക്കുകള്‍ കമ്പനി ഏര്‍പ്പെടുത്തിയിരുന്നു. സമരത്തേത്തുടര്‍ന്ന് കമ്പനി ജീവനക്കാരുമായി ഒത്തുതീര്‍പ്പിലെത്തിയെങ്കിലും നടപടികള്‍ തുടരുകയായിരുന്നു. കഴിഞ്ഞ സമരകാലത്ത് മറ്റ് സര്‍വീസുകളില്‍ നിന്ന വിമാനങ്ങള്‍ വാടകയ്ക്ക് എടുത്തും ഫ്‌ളൈറ്റുകള്‍ സംയോജിപ്പിച്ചും യാത്രക്കാരെ ലക്ഷ്യങ്ങളിലെത്തിക്കാന്‍ കഴിഞ്ഞിരുന്നുവെന്നാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് അവകാശപ്പെടുന്നത്. കമ്പ്യൂട്ടര്‍ തകരാറ് മൂലമുണ്ടായ പ്രതിസന്ധി പോലെയുള്ള പ്രശ്‌നങ്ങള്‍ സമരം മൂലമുണ്ടാകില്ലെന്നും കമ്പനി പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

ഐടി തകരാറിന്റെ കാരണം കമ്പനി അന്വേഷിച്ച് വരികയാണ്. മെയിന്റനന്‍സ് ജീവനക്കാരന്‍ അബദ്ധത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതാണ് കാരണമെന്ന് വിവരമുണ്ടെങ്കിലും കമ്പനിയുടെ ഡേറ്റ സെന്ററിന്റെ വൈദ്യുതി വിതരണം കൈകാര്യം ചെയ്യുന്ന കരാര്‍ കമ്പനി ഇത് സ്ഥിരീകരിച്ചിട്ടില്ല. തകരാറിന് കാരണമെന്തെന്നത് ഇപ്പോഴും അവ്യക്തമായി തുടരുന്നു എന്നാണ് വിവരം.