ലണ്ടനിൽ വീണ്ടും ഭീകരാക്രമണം. ലണ്ടൻ ബ്രിഡ്ജിൽ കാൽനടക്കാരുടെ മേൽ ഭീകരർ വാൻ ഇടിച്ചു കയറ്റി. ഉടൻ തന്നെ സായുധ പോലീസ് പരിസരം വളഞ്ഞു. ഭീകരർ പോലീസിന്റെ വെടിയേറ്റു വീണു. നിരവധി ആംബുലൻസുകളും പോലീസ് വാഹനങ്ങളും സ്ഥലത്ത് പാഞ്ഞെത്തി. പോലീസിനെ സഹായിക്കാൻ ഹെലികോപ്റ്റർ വിംഗ് ആകാശത്ത് വട്ടമിട്ടു പറന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനായി ഏയർ ആംബുലൻസും ഉടൻ എത്തി. സമീപ റോഡുകളിലെ ഗതാഗതം പോലീസ് വഴി തിരിച്ചു വിട്ടു. ആളുകൾ ലണ്ടൻ ബ്രിഡ്ജ് ഭാഗത്തേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മെട്രോ പൊലിറ്റൻ പോലീസ് മുന്നറിയിപ്പ് നല്കിക്കൊണ്ടിരുന്നു. ശനിയാഴ്ച രാത്രി 10.08 ഓടെയാണ് ആക്രമണം നടന്നത്. ഒരു വെളുത്ത ട്രാൻസിറ്റ് വാനാണ് യാത്രക്കാരുടെ മേൽ പാഞ്ഞുകയറിയത്. ലണ്ടൻ ബ്രിഡ്ജിൽ ആറോളം പേർക്ക് വാനിടിച്ച് പരിക്കേറ്റു.
അതേ സമയം തന്നെ തൊട്ടടുത്തുള്ള ബോറോ മാർക്കറ്റിലും ഭീകരൻ കത്തിയുമായി നിരപരാധികളെ കുത്തി വീഴ്ത്തി. ‘ഇത് അള്ളാഹുവിനു വേണ്ടി ‘ എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടാണ് അക്രമികൾ താണ്ഡവമാടിയത്. ആറ് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. 50 ലേറെ പേർക്ക് പരിക്കുണ്ട്. 12 ഇഞ്ചോളം നീളമുള്ള ബ്ലേഡ് ഉള്ള കത്തി ഉപയോഗിച്ച് കണ്ണിൽ കണ്ടവരെയൊക്കെ ആക്രമിക്കുകയായിരുന്നു അക്രമികൾ. ഓടിയൊളിക്കാൻ പോലീസ് ജനങ്ങൾക്ക് നിർദ്ദേശം നല്കി. ഒരു കൊച്ചു പെൺകുട്ടിയെയും ഭീകരർ നിഷ്കരുണം കുത്തി വീഴ്ത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ ലണ്ടനിലെ ആറ് ഹോസ്പിറ്റലുകളിലായി അടിയന്തിര ചികിത്സക്ക് വിധേയമാക്കി.
വെടിയേറ്റ് വീണ ഭീകരരുടെ ദേഹത്ത് സൂയിസൈഡ് വെസ്റ്റ് ഘടിപ്പിച്ചിരുന്നതായി കരുതുന്നു. സായുധ പോലീസിനൊപ്പം ബോംബ് ഡിസ്പോസൽ റോബോട്ടുകളും വിന്യസിക്കപ്പെട്ടു. ഞായറാഴ്ച പുലർച്ചെ 12.25 ന് ലണ്ടനിലുണ്ടായത് ഭീകരാക്രമണമാണെന്ന് മെട്രോ പോലിറ്റൻ പോലീസ് പ്രഖ്യാപിച്ചു. സുരക്ഷാ ഏജൻസികൾ പ്രധാനമന്ത്രിയെ സംഭവത്തിന്റെ വിശദാംശങ്ങൾ അറിയിച്ചു കൊണ്ടിരുന്നു. പ്രധാനമന്ത്രി തെരേസ മെയും ലണ്ടൻ മേയറും അമേരിക്കൻ പ്രസിഡന്റും ഭീകരാക്രമണത്തെ അതിശക്തമായ ഭാഷയിൽ അപലപിച്ചു.















Leave a Reply