ലണ്ടന്‍: പാര്‍ലമെന്റില്‍ നിലവിലുണ്ടായിരുന്ന ഭൂരിപക്ഷം കൂടി നഷ്ടപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്‍സര്‍വേറ്റീവ് എംപിമാരോട് മാപ്പ് അപേക്ഷിച്ച് തെരേസ മേയ്. ടോറി എംപിമാരുടെ യോഗത്തിലാണ് മേയുടെ ഖേദപ്രകടനം. താനാണ് ഈ അവസ്ഥയിലേക്ക് വലിച്ചിഴച്ചതെന്ന് അവര്‍ പറഞ്ഞു. അധികാരത്തില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന പിടി അയയാന്‍ കാരണമായ പിഴവുകളുടെ ഉത്തരവാദിത്തം മേയ് ഈ യോഗത്തില്‍ വെച്ച് ഏറ്റെടുത്തു. സര്‍ക്കാര്‍ രൂപീകരണം താമസിക്കുന്നത് മൂലം ക്വീന്‍സ് സ്പീച്ച് വൈകിയാല്‍ അത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മേയ് നടത്തിയ വന്‍ ചൂതാട്ടത്തിന്റെ പരാജയമാകും.
ഇത് മേയുടെ നേതൃപാടവമില്ലായ്മയായിപ്പോലും വിലയിരുത്തപ്പെടും. സര്‍ക്കാരിന്റെ വിശ്വാസ്യതയുടെ ഏറ്റവും അടിസ്ഥാന പരീക്ഷയാണ് ക്വീന്‍സ് സ്പീച്ച് പാസാക്കുക എന്നത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പാര്‍ട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുമായി ധാരണയിലെത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ക്വീന്‍സ് സ്പീച്ച് വൈകുമെന്ന് ക്യാബിനറ്റിലെ മുതിര്‍ന്ന അംഗങ്ങള്‍ അറിയിച്ചു. ബ്രിട്ടനിലെ ഭരണ പ്രതിസന്ധി ബ്രെക്സിറ്റ് ചര്‍ച്ചകളെയും ബാധിക്കും. ബ്രെക്സിറ്റ് നടപടികള്‍ 2019 വരെ നീളാനും ഇത് കാരണമായേക്കും.
1922 കമ്മിറ്റിയിലാണ് മേയ് തന്റെ പരാജയം സമ്മതിച്ചത്. താനാണ് ഈ അവസ്ഥയ്ക്ക് ഉത്തരവാദിയെന്നും താന്‍ തന്നെ ഈ വിഷമസന്ധിയില്‍ നിന്ന് പാര്‍ട്ടിയെ പുറത്തെത്തിക്കുമെന്നും അവര്‍ പറഞ്ഞു. യോഗത്തില്‍ ബാക്ക് ബെഞ്ചേഴ്സ് തെരേസ മേയെ ഏറെ സമയം ചോദ്യം ചെയ്തതായാണ് വിവരം. യോഗം പതിവിന് വിപരീതമായി ഒരു മണിക്കൂറിലേറെ നേരം നീണ്ടു. യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനും മേയ് തയ്യാറായില്ല.
Leave a Reply