ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്.ഒ
ഗ്ലാസ്ഗോ: പന്തക്കുസ്താദിവസം പരിശുദ്ധാത്മാവിനെ സ്വീകരിച്ച് സുവിശേഷ പ്രഘോഷണത്തിനിറങ്ങിയ ശ്ലീഹന്മാരുടെ അതേ ഉത്തരവാദിത്തം തന്നെയാണ് എല്ലാ ക്രൈസ്തവര്ക്കുമുള്ളതെന്ന് ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഗ്ലാസ്ഗോയിലെ ഹാമില്ട്ടണ് സെന്റ് കുത്ത്ബെര്‍ട്ട് ദേവാലയത്തില്‍ നടന്ന അഞ്ചാം ഏകദിന ഒരുക്ക ധ്യാനത്തില്‍ ദിവ്യബലി മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഈ ലോകത്തില്‍ സ്വര്‍ഗ്ഗഭാഗ്യം നേടാനാകുമെന്നും അവസാന വിധിയെക്കുറിച്ച് അവര്‍ക്ക് പേടിക്കേണ്ടതില്ലെന്നും പിതാവ് സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
തിങ്കളാഴ്ച ലോംഗ്സൈറ്റ് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ വച്ചുനടന്ന മാഞ്ചസ്റ്റര്‍ റീജിയണിന്റെ ഒരുക്ക ധ്യാനത്തിലും നിരവധിയാളുകള്‍ പങ്കെടുത്തു. റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയിലിന്റെ നേതൃത്വത്തില്‍ ആതിഥ്യമരുളിയ കണ്‍വെന്‍ഷനില്‍ റവ. ഫാ. സോജി ഓലിക്കല്‍, ബ്രദര്‍ റെജി കൊട്ടാരം എന്നിവര്‍ വചനശുശ്രൂഷ നയിച്ചപ്പോള്‍ പീറ്റര്‍ ചേരാനെല്ലൂരിന്റെ നേതൃത്വത്തിലുള്ള സംഗീത ശുശ്രൂഷയും ദൈവചിന്തകളുണര്ത്തി.
ഏകദിന കണ്‍വെന്‍ഷന്റെ ആറാം ദിവസത്തെ ശുശ്രൂഷകള്‍ ഇന്ന് പ്രസ്റ്റണ്‍ റീജിയണില്‍ നടക്കും. പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് തിരുക്കര്‍മ്മങ്ങള്‍. പ്രസ്റ്റണ്‍ റീജിയണിനു കീഴിലുള്ള വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നു വരുന്ന വിശ്വാസികളെയും വൈദികരെയും സ്വീകരിക്കാന്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി റീജിയണ്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ് രൂപതാ ചാന്‍സലര്‍ റവ. ഡോ. മാത്യൂ പിണക്കാട്ട് അറിയിച്ചു.
മാര്‍ ജോസഫ് സ്രാമ്പിക്കല്‍, റവ. ഫാ. സോജി ഓലിക്കല്‍, റവ. ഫാ. ഫാന്‍സ്വാ പത്തില്‍, ബ്രദര്‍ റെജി കൊട്ടാരം, പീറ്റര്‍ ചേരാനെല്ലൂര്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. ഗ്ലാസ്ഗോയില്‍ ഇന്നലെ നടന്ന ഏകദിന കണ്വെന്ഷന് വിജയമാക്കാന്‍ സഹായിച്ച എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുന്നതായി റീജിയണ്‍ ഇന്‍ – ചാര്‍ജ്ജ് റവ. ഫാ. ജോസഫ് വെമ്പാടുന്തറ അറിയിച്ചു.
ഇന്ന് ധ്യാനം നടക്കുന്ന പ്രസ്റ്റണ്‍ കത്തീഡ്രലിന്റെ അഡ്രസ്സ്: St. Alphonsa of Immaculate Conception Cathedral, St. Ignatious Square, Preston PRI ITT.
Leave a Reply