ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

വാല്‍സിംഹാം: കഴിഞ്ഞ പത്തുവര്‍ഷത്തോളമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്, ‘ഇംഗ്ലണ്ടിന്റെ നേ്രസത്താ’യ വാല്‍സിംഹാമിലേക്ക് ഒഴുകിയെത്തിയിരുന്ന കേരള ക്രൈസ്തവര്‍ ഇത്തവണ മുതല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ ഒന്നായി മാതൃസന്നിധിയിലേയ്ക്കെത്തുന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം ജൂലൈ 16-ാം തീയതിയാണ് കേരള ക്രൈസ്തവര്‍ വാല്‍സിംഹാമില്‍ ഒരു ദിവസം മുഴുവന്‍ പരിശുദ്ധ അമ്മയോടൊപ്പം ചിലവിടുന്നതിനായി എത്തിച്ചേരുന്നത്. രാവിലെ 9 മണിക്ക് റവ. ഫാ. സോജി ഓലിക്കലും സെഹിയോന്‍ യുകെ ടീമും നേതൃത്വം നല്‍കുന്ന ധ്യാനത്തോടെ ആരംഭിക്കുന്ന അനുഗ്രഹീതദിനം സമാപിക്കുന്നത് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മാര്‍ സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ആഘോഷമായ വി. കുര്‍ബാനയോടു കൂടിയാണ്.

രാവിലെ നടക്കുന്ന ധ്യാന ശുശ്രൂഷകള്‍ക്കുശേഷം 11.30 മുതല്‍ 1.30 വരെ ഉച്ചഭക്ഷണത്തിനായും അടിമ സമര്‍പ്പണ പ്രാര്‍ത്ഥനയ്ക്കായും വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായും മാറ്റിവച്ചിരിക്കുന്ന സമയമാണ്. ഉച്ചകഴിഞ്ഞ് 1.30ന് ജപമാല പ്രദക്ഷിണം ആരംഭിക്കും. പ്രദക്ഷിണത്തില്‍ ഉപയോഗിക്കുന്നതിനായി സാധിക്കുന്നിടത്തോളം മുത്തുക്കുടകള്‍, കൊടികള്‍, പൊന്‍, വെള്ളി കുരിശുകള്‍, ബാനറുകള്‍, മെഗാഫോണ്‍ എന്നിവയും ജപമാലകളും കൊണ്ടുവരണമെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കര ഓര്‍മ്മിപ്പിച്ചു. കോച്ചുകളില്‍ വാല്‍സിംഹാമിലേക്ക് വരുന്നവര്‍ തങ്ങള്‍ വരുന്ന കോച്ചുകളുടെ എണ്ണം ജൂണ്‍ 26-ാം തീയതിക്ക് മുമ്പായി അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മിതമായ നിരക്കില്‍ ലഭിക്കുന്ന ഉച്ചഭക്ഷണ പായ്ക്കറ്റുകള്‍ ആവശ്യമുള്ളവരും കണ്‍വീനറെ അറിയിക്കേണ്ടതാണ്.

അന്വേഷണങ്ങള്‍ക്ക് : റവ. ഫാ. ടെറിന്‍ മുല്ലക്കര, കണ്‍വീനര്‍ – 07985695056, ബിബിന്‍ ആഗസ്തി – 07530738220.

എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും വാല്‍സിംഹാമിലേക്ക് വരുന്നതിന് സൗകര്യമൊരുക്കുന്നതിനായി ജൂലൈ 17-ാം തീയതി സീറോ മലബാര്‍ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ വി. കുര്‍ബാന ഉണ്ടിയിരിക്കുന്നതല്ലെന്ന് വിശ്വാസികളെ അറിയിക്കാന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വൈദികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തവണത്തെ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്ന സഡ്ബറി കൂട്ടായ്മയുടെയും മറ്റു വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങളും ക്രമീകരണങ്ങളും പുരോഗമിക്കുകയാണെന്ന് ജനറല്‍ കണ്‍വീനര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കര അറിയിച്ചു.