യൂറോപ്പില്‍ നടക്കുന്ന ഏറ്റവും വലിയ മലയാള സിനിമ അവാര്‍ഡ് ചടങ്ങായ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കുവാനിരുന്ന സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഷൂട്ടിംഗ് തിരക്കുകള്‍ മൂലം പരിപാടിക്ക് എത്തിച്ചേരുന്നതല്ല എന്ന് സംഘാടകര്‍ അറിയിച്ചു. പകരമെത്തുന്നത് ബോളിവുഡ് സിനിമയിലെ മുടിചൂടാ മന്നനായ അനില്‍ കപൂര്‍ ആണ്. നാല്‍പ്പത് വര്‍ഷക്കാലത്തിലധികമായി ഇന്ത്യന്‍ സിനിമകളില്‍ നിറഞ്ഞ് നില്‍ക്കുന്ന സൂപ്പര്‍ താര സാന്നിദ്ധ്യമാണ് അനില്‍ കപൂര്‍. രണ്ട് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡും നേടിയിട്ടുള്ള അനില്‍ കപൂര്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും തലയെടുപ്പുള്ള നടന്മാരില്‍ ഒരാള്‍ കൂടിയാണ്.

ഓണത്തിന് റിലീസ് ചെയ്യേണ്ട ലാല്‍ജോസ് ചിത്രമായ ‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകള്‍ മൂലമാണ് മോഹന്‍ലാല്‍ ആനന്ദ്‌ ടിവി അവാര്‍ഡ് നൈറ്റിന് എത്തില്ല എന്നറിയിച്ചിരിക്കുന്നത്. യുകെയിലെ ലാല്‍ ആരാധകരെ അദ്ദേഹത്തിന്‍റെ തീരുമാനം അല്‍പ്പം നിരാശയിലാക്കുമെങ്കിലും അനില്‍ കപൂറിന്‍റെ സാന്നിദ്ധ്യവും നിറപ്പകിട്ടാര്‍ന്ന മറ്റ് പ്രോഗ്രാമുകളും അവാര്‍ഡ് നൈറ്റിന്റെ ആവേശം ഒട്ടും ചോരാതെ കാത്തുസൂക്ഷിക്കും എന്ന വിശ്വാസത്തിലാണ് സംഘാടകരായ ആനന്ദ് ടിവിയുടെ അണിയറ പ്രവര്‍ത്തകര്‍.

മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്ന ഷോയില്‍ താരങ്ങള്‍ തന്നെ അവതരിപ്പിക്കുന്ന നിരവധി പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നത് കൊണ്ട് തന്നെ യൂറോപ്പ് മലയാളികള്‍ക്ക് ലഭിക്കുന്ന ഒരപൂര്‍വ്വ അവസരമാണ് ആനന്ദ് ടിവി അവാര്‍ഡ് നൈറ്റിന്റെ ഭാഗമാവുക എന്നത്. യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയരായ നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍, എക്കാലത്തെയും മികച്ച നടിമാരായ മഞ്ജു വാര്യര്‍, ഭാവന, അഭിനയ ചക്രവര്‍ത്തിമാരായ മുകേഷ്, ഇന്നസെന്‍റ്, സുരാജ് വെഞ്ഞാറമൂട്, സൂപ്പര്‍ഹിറ്റ്‌ സംവിധായകന്‍ വൈശാഖ്, ഗായകന്‍ എം.ജി. ശ്രീകുമാര്‍ തുടങ്ങി വളരെ വലിയ ഒരു താരനിര തന്നെ അവാര്‍ഡ് നൈറ്റില്‍ അണി നിരക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ഭാവന അവതരിപ്പിക്കുന്ന നൃത്തവും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന ഹാസ്യ പരിപാടികളും അവാര്‍ഡ് നൈറ്റില്‍ മറ്റ് ആകര്‍ഷണങ്ങളാകും. ജൂണ്‍ 24 ശനിയാഴ്ച വൈകുന്നേരം അഞ്ച് മണി മുതലാണ്‌ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റിന് തുടക്കം കുറിക്കുന്നത്. മാഞ്ചസ്റ്റര്‍ നഗരത്തിന്‍റെ അഭിമാനമായ o2  അപ്പോളോയിലാണ് അവാര്‍ഡ് നൈറ്റ് അരങ്ങേറുന്നത്.

ആനന്ദ് ടിവി അവാര്‍ഡ് നൈറ്റിന്റെ ടിക്കറ്റുകളുടെ സിംഹഭാഗവും ഇപ്പോള്‍ തന്നെ വിറ്റ്‌ തീര്‍ന്നിരിക്കുകയാണ്. എങ്കിലും ഇനിയും മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് അവസാന സമയത്തെ തിരക്കില്‍ നിന്നും ഒഴിവാകാനുള്ള അവസരം ലഭ്യമാണ്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ആര്‍ക്കെങ്കിലും മോഹന്‍ലാല്‍ ഷോയില്‍ നിന്നും പിന്മാറിയത് മൂലം പ്രോഗ്രാം കാണേണ്ട എന്നുണ്ടെങ്കില്‍ അവര്‍ക്ക് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്.

അവാര്‍ഡ് നൈറ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കും ആനന്ദ് മീഡിയയുടെ 02085866511 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.