ലണ്ടന്‍: പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നുമുള്ള ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് ബാലി. ചെലവു കുറഞ്ഞ സ്ഥലമെന്നതിനാല്‍ ഹണിമൂണ്‍ യാത്രകള്‍ക്കും ഈ ഇന്തോനേഷ്യന്‍ ദ്വീപ് ഏറെ അനുയോജ്യമാണ്. ഇന്തോനേഷ്യയിലെ ഏറ്റവും വികസിതമായ ദ്വീപും ഇതുതന്നെ. എന്നാല്‍ ഇവിടെയെത്തുന്ന യാത്രക്കാര്‍ കബളിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ഈയിടെ പുറത്തുവന്ന അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ചിക്കന്‍ എന്ന പേരില്‍ വിളമ്പുന്നത് മിക്കപ്പോളും പട്ടിയിറച്ചിയാണെന്ന് അന്വേഷണം സാക്ഷ്യപ്പെടുത്തുന്നു.
ബാലിയുടെ രഹസ്യ മാംസ വ്യാപാരവും അതിന്റെ ഓസ്ട്രേലിയന്‍ ടൂറിസം ബന്ധവും എന്ന പേരില്‍ അനിമല്‍സ് ഓസ്ട്രേലിയ എന്ന മൃഗ സംരക്ഷണ സംഘടന സംഘടിപ്പിച്ച അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്. തെരുവുകളില്‍ നിന്ന് പിടിക്കുന്ന നായകളെ കശാപ്പ് ചെയ്താണ് ഇറച്ചിയെടുക്കുന്നത്. പലപ്പോഴും വളര്‍ത്തുനായകളും ഈ വിധത്തില്‍ പിടിക്കപ്പെടാറുണ്ട്. മുളങ്കൂടുകളിലോ പ്ലാസ്റ്റിക് ചാക്കുകളിലോ കൊണ്ടുവരുന്ന നായകളുടെ കാലുകള്‍ കെട്ടിയിടുകയും ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായ ടേപ്പ് വെച്ച് ഒട്ടിക്കുകയും ചെയ്യാറുണ്ടെന്ന് അനിമല്‍ ഓസ്ട്രേലിയ വ്യക്തമാക്കുന്നു.
ഭക്ഷണവും വെള്ളവുമില്ലാതെയാണ് ഇവയെ ഈ വിധത്തില്‍ മണിക്കൂറുകളോളം കെട്ടിയിടുന്നത്. ഇവയുടെ മുന്നില്‍ വെച്ചുതന്നെയാണ് കശാപ്പ് നടക്കുന്നതും. ചൈനയിലെ കുപ്രസിദ്ധമായ യൂലിന്‍ പട്ടിയിറച്ചി ഉത്സവത്തിന് കൊല്ലുന്നതിനേക്കാള്‍ ഏഴ് മടങ്ങ് നായകളെ ബാലിയില്‍ ഇറച്ചിക്കായി കൊല്ലുന്നുണ്ടെന്നാണ് കണക്ക്. വഴിയോര കച്ചവടക്കാരാണ് പട്ടിയിറിച്ചി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതെന്നായിരുന്നു കരുതിയിരുന്നതെങ്കിലും 70 ശതമാനം റെസ്റ്റോറന്റുകളും ചിക്കന്‍ പകരം പട്ടിയിറച്ചി വിളമ്പുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
Leave a Reply