ലണ്ടന്‍: ഗ്രെന്‍ഫെല്‍ഡ് ടവറിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയി ഉയര്‍ന്നു. തീപ്പിടിത്തതില്‍ കത്തിയെരിഞ്ഞ ടവറിനുള്ളില്‍ നടക്കുന്ന തെരച്ചില്‍ പുരോഗമിക്കുന്നതോടെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇന്നലെ രാവിലെ 11 മണിക്ക് ദുരന്തത്തില്‍ മരിച്ചവരെ സ്മരിക്കുന്നതിനായി ഒരു മിനിറ്റ് മൗനം ആചരിച്ചു. നാല് പേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. തെരച്ചില്‍ പൂര്‍ത്തിയാകാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് അഗ്നിശമന സേന നല്‍കുന്ന വിവരം.

ആന്തണി ഡിസ്സന്‍ (65), അബുഫാര്‍സ് ഇബ്രാഹിം (39), യാ-ഹാദി സിസി സായെ (ഖദീജ സായെ 24), 52കാരിയായ സ്ത്രീ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മൊഹമ്മദ് അല്‍ഹജാലി എന്ന 23കാരനായ സിറിയന്‍ അഭയാര്‍ത്ഥിയെ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. വെസ്റ്റ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഇയാളെയാണ് ആദ്യം തിരിച്ചറിഞ്ഞത്. ഇതോടെ തിരിച്ചറിഞ്ഞവരുടെ എണ്ണം 5 ആയി. ഗ്രെന്‍ഫെല്‍ഡ് ടവറില്‍ തീപ്പിടിത്ത സമയത്ത് ആരൊക്കെ ഉണ്ടായിരുന്നു എന്നത് അറിയുന്നതിനായി ഏജന്‍സികള്‍ ശ്രമിച്ചു വരികയാണ്.

കഴിഞ്ഞ രണ്ടു ദിവസമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതിനായി കഠിന പരിശ്രമമാണ് നടത്തുന്നത്. ടവറില്‍ ഉണ്ടെന്നു കരുതുന്നവരേക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭ്യമല്ലെങ്കില്‍ അവര്‍ മരിച്ചിരിക്കാനാണ് സാധ്യതയെന്ന് മെട്രോപോളിറ്റന്‍ പോലീസ് കമാന്‍ഡര്‍ സ്റ്റുവര്‍ട്ട് കന്‍ഡി പറഞ്ഞു. മരണ സംഖ്യ ഇനിയും കൂടുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. പക്ഷേ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അത്രയും വര്‍ദ്ധന മരിച്ചവരുടെ എണ്ണത്തില്‍ ഇനിയുണ്ടാകാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതവരെ ലഭിച്ച മൃതദേഹങ്ങളില്‍ ചിലത് തിരിച്ചറിയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.