സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിന് മാര്‍ഗ്ഗങ്ങള്‍ തേടി എനര്‍ജി കമ്പനികള്‍. ബ്രിട്ടനിലെ മൂന്ന് പ്രമുഖ എനര്‍ജി കമ്പനികളായ ബ്രിട്ടീഷ് ഗ്യാസ്, ഇഡിഎഫ് എനര്‍ജി, ഫസ്റ്റ് യൂട്ടിലിറ്റി എന്നിവര്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് വേണ്ടി തങ്ങളുടെ ഏറ്റവും മികച്ചതും വിലക്കുറവുള്ളതുമായ ഡീലുകള്‍ മാറ്റിവെച്ചിരിക്കുകയാണ്. അതായത് സ്മാര്‍ട്ട് മീറ്റര്‍ വേണ്ടെന്ന് തീരുമാനിക്കുന്ന ഉപഭോക്താക്കള്‍ക്ക് വര്‍ഷത്തില്‍ 111 പൗണ്ട് വരെ നഷ്ടമായേക്കും. കുറഞ്ഞ നിരക്കുള്ള ഡീലുകളില്‍ ഏര്‍പ്പെടുന്ന ഉപഭോക്താക്കള്‍ ഏതു നിമിഷവും സ്മാര്‍ട്ട് മീറ്ററിലേക്ക് മാറേണ്ടി വരും എന്ന നിബന്ധനയാണ് ഇ.ഓണ്‍ മുന്നോട്ടു വെക്കുന്നത്.
മീറ്ററുകള്‍ മാറുന്നതിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്താനായി സ്മാര്‍ട്ട് മീറ്റര്‍ ഒണ്‍ലി താരിഫുകള്‍ കമ്പനികള്‍ അവതരിപ്പിച്ചു തുടങ്ങിയതായി വിദഗ്ദ്ധര്‍ പറയുന്നു. യുകെയിലെ 50 മില്യന്‍ വീടുകളിലും ബിസിനസുകളിലുമായി 2020 അവസാനത്തോടെ സ്മാര്‍ട്ട് എനര്‍ജി മീറ്ററുകള്‍ സ്ഥാപിക്കണമെന്നാണ് എനര്‍ജി കമ്പനികള്‍ക്ക് ഗവണ്‍മെന്റ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതില്‍ പരാജയപ്പെട്ടാല്‍ 7 ബില്യന്‍ പൗണ്ട് വരെ പിഴ നല്‍കേണ്ടി വരുമെന്ന ഭീഷണിയും കമ്പനികള്‍ നേരിടുന്നുണ്ട്. കമ്പനികള്‍ നേരിടുന്ന വലിയൊരു വെല്ലുവിളി, ഈ മീറ്ററുകള്‍ സ്ഥാപിക്കുന്നതില്‍ ഉപഭോക്താക്കള്‍ക്ക് വിസമ്മതം അറിയിക്കാമെന്ന വ്യവസ്ഥയാണ്.
അതുകൊണ്ടു തന്നെ ഉപഭോക്താക്കളെ പരമാവധി സ്മാര്‍ട്ട് മീറ്ററുകളിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് കമ്പനികള്‍. അതേസമയം മീറ്ററുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ സപ്ലയര്‍മാര്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയുമാണന്ന പരാതിയും വ്യാപകമാണ്. സ്മാര്‍ട്ട് മീറ്ററുകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്നും അത് നിയമപരമായ അനിവാര്യതയാണെന്നും കമ്പനികള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായും വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അതിനായി തങ്ങളുടെ ഏറ്റവും മികച്ച പദ്ധതികള്‍ ഉപഭോക്താക്കള്‍ക്ക് നിഷേധിക്കുകയാണെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്.
Leave a Reply