ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു കെ :- സാൽഫോർഡിൽ ഇലക്ട്രിക് ബൈക്ക് ഓടിച്ചിരുന്ന കൗമാരക്കാരൻ പോലീസ് പിന്തുടർന്നതിനെ തുടർന്ന് പാർക്ക് ചെയ്തിരുന്ന ആംബുലൻസുമായി കൂട്ടിയിടിച്ച് മരണപ്പെട്ടു. മരണപ്പെട്ട പതിനഞ്ചു വയസ്സുകാരനെ ട്രാഫിക് ഉദ്യോഗസ്ഥർ പിന്തുടർന്നിരുന്നുവെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി) വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് പിന്തുടർന്നതിനെ തുടർന്ന് കുട്ടി നിർത്തിയിട്ടിരുന്ന ആംബുലൻസിലേക്ക് വന്ന് ഇടിച്ചു കയറുകയായിരുന്നുവെന്ന് നോർത്ത് വെസ്റ്റ് ആംബുലൻസ് അധികൃതരും വ്യക്തമാക്കി . ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്ട് (ഐഒപിസി ) അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏകദേശം ഉച്ചയ്ക്ക് രണ്ടുമണിക്ക് ബാലനെ പോലീസ് ഓഫീസർമാർ ഫിറ്റ്‌സ്‌വാറൻ സ്ട്രീറ്റിലൂടെയും ലോവർ സീഡ്‌ലി റോഡിലേക്കും പിന്തുടർന്നെന്നും, എന്നാൽ പിന്നീട് റോഡിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ പോലീസ് വാഹനത്തിന്റെ വഴി തടസ്സപ്പെടുത്തിയതായുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തുടർന്ന് ലാങ് വർത്ത് റോഡിൽ നിർത്തിയിട്ടിരുന്ന ആംബുലൻസുമായി ബാലന്റെ വാഹനം കൂട്ടിയിടിക്കുകയുമായിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്ന ജീവനക്കാർ ഉടൻ തന്നെ ബാലന് ആവശ്യമായ ചികിത്സ നൽകുകയും പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്ന് നോർത്ത് വെസ്റ്റ് ആംബുലൻസ് ട്രസ്റ്റ് വ്യക്തമാക്കി. മരണപ്പെട്ട ബാലന്റെ വീട് അപകടം നടന്ന സ്ഥലത്തിന് സമീപത്തായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


അപകടം നടന്ന സ്ഥലത്ത് ബാലന്റെ ഫ്രെയിം ചെയ്ത ചിത്രത്തിന് സമീപം നിരവധി പേർ പൂക്കളും മെഴുകുതിരികളും കാർഡുകളും അർപ്പിച്ച കാഴ്ച ഹൃദയഭേദകമാണ്. നിലവിലെ അന്വേഷണത്തിന് ഐഒപിസിയാണ് നേതൃത്വം നൽകുന്നതെന്നും സ്വതന്ത്രമായതും വ്യക്തമായതുമായ അന്വേഷണം പൂർണ്ണമായും ഉണ്ടാകുമെന്നും പോലീസ് അധികൃതർ വ്യക്തമാക്കി. അപകടം നടന്നതിനുശേഷം കുറെ സമയം റോഡിൽ ഗതാഗതം നിർത്തിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം, കാർഡിഫിൽ പതിനഞ്ചുകാരനായ ഹാർവി ഇവാൻസും പതിനാറുകാരനായ കൈറീസ് സള്ളിവനും ഒരു പോലീസ് വാൻ പിന്തുടർന്നതിനെ തുടർന്ന് ഇ-ബൈക്ക് കൂട്ടിയിടിച്ച് കൊല്ലപ്പെട്ടിരുന്നു. മരണപ്പെട്ട ബാലന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും പോലീസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.