ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിസ്റ്റാളിൽ മൂന്ന് കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ 42 വയസ്സുകാരിയായ അമ്മയെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന വാർത്തകൾ പുറത്തുവന്നു . ഞായറാഴ്ച പുലർച്ചെ 12:40 -നാണ് സംഭവം പുറംലോകം അറിഞ്ഞത്. സംഭവത്തെ തുടർന്ന് ഒരു സ്ത്രീ അറസ്റ്റിലായതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ മരിച്ച കുട്ടികളും അറസ്റ്റിലായ സ്ത്രീയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നില്ല. ഇപ്പോഴാണ് അറസ്റ്റിലായ സ്ത്രീ കുട്ടികളുടെ അമ്മ തന്നെയാണെന്ന വാർത്ത പോലീസ് പുറത്തു വിട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അറസ്റ്റിലായ കുട്ടികളുടെ അമ്മ സുഡാൻ വംശജയാണെന്നാണ് കരുതപ്പെടുന്നത്. 2 ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. ആൺകുട്ടികളിൽ ഒരാൾക്ക് 8 വയസ്സും മറ്റേയാൾക്ക് വെറും ആറുമാസവുമാണ് പ്രായം. 4 വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയാണ് കൊല്ലപ്പെട്ടവരിൽ മൂന്നാമത്തെയാൾ. കുടുംബ വഴക്കിനെ തുടർന്നാണ് ഇവർ ക്രൂരകൃത്യം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ . കുട്ടികളുടെ പിതാവ് സെക്യൂരിറ്റി ഗാർഡ് ആയി ആണ് ജോലി ചെയ്യുന്നത്. കൊലപാതകം നടക്കുന്ന സമയത്ത് ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല.

ഞായറാഴ്ച പുലർച്ചെ പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് ഒരു നാടിനെയാകെ ഞെട്ടിച്ച സംഭവങ്ങൾ പുറത്തറിഞ്ഞത്. പ്രാദേശിക സമൂഹത്തിലും ഇംഗ്ലണ്ടിലുമൊട്ടാകെ സംഭവം കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. അവോൺ, സോമർസെറ്റ് പോലീസാണ് കൊലപാതകത്തിന്റെ തുടർ നടപടികൾ സ്വീകരിക്കുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ് എന്നാണ് കൊലപാതകത്തെ കുറിച്ച് ചീഫ് ഇൻസ്പെക്ടർ വിക്സ് ഹേവാർഡ് മെലർ പറഞ്ഞു . മേജർ ക്രൈം ഇൻവെസ്റ്റിഗേഷൻ ടീമിലെ ഡിറ്റക്ടീവുകളാണ് കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം നടത്തുന്നത്. വരും ദിവസങ്ങളിൽ സംഭവം നടന്ന സ്ഥലത്ത് കൂടുതൽ പോലീസ് സാന്നിധ്യം ഉണ്ടാകുമെന്നും ഇത് ഇവിടുത്തെ താമസക്കാർക്ക് കൂടുതൽ സുരക്ഷിതത്വം നൽകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കുട്ടികളുമായി അടുത്ത പ്രവർത്തിച്ചിരുന്നവർക്ക് എല്ലാവിധ പിന്തുണയും നൽകാൻ ശ്രമിക്കുമെന്ന് ബ്രിസ്റ്റാളിലെ മേയറായ മാർവിൻ റീസ് പറഞ്ഞു