ന്യൂസ് ഡെസ്ക്, മലയാളം യുകെ
സിഡ്നിയിൽ നടന്ന കത്തിക്കുത്തിൽ ഒരു ബിഷപ്പിനും മൂന്ന് വിശ്വാസികൾക്കും പരുക്ക്. തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ശേഷം സിഡ്‌നിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള വെക്‌ലിയിലുള്ള ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് പള്ളിയിൽ ബിഷപ്പ് മാർ മാരി ഇമ്മാനുവൽ പ്രസംഗിക്കുമ്പോഴാണ് ഹൂഡി ധരിച്ച ആക്രമി അൾത്താരയിലേക്ക് കടന്ന് ഒന്നിലധികം തവണ അദ്ദേഹത്തെ കുത്തിയത്.
കുർബാന തൽസമയം സംപ്രേഷണം ചെയ്തതിനാൽ പള്ളിയുടെ യൂട്യൂബ് പേജിൽ ആക്രമണത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ നൂറുകണക്കിന് ആളുകളാണ് പ്രതിയെ വിട്ടുതരണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പോലീസ് ബാരിയറിന് നേരെ കുപ്പികളും കല്ലുകളും എറിഞ്ഞ് പ്രതിഷേധം നടത്തിയത്. അക്രമിയുടെ സുരക്ഷ മുൻനിർത്തി നിലവിൽ പ്രതിയെ പള്ളിയുടെ കെട്ടിടത്തിനുള്ളിൽ തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.
സംഭവത്തിൽ ഒരു വൈദികൻ ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എൻഎസ് ഡബ്ലിയു അറിയിച്ചു. ബിഷപ്പ് ഇമ്മാനുവലിന്റെയും വൈദികന്റെയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് ചർച്ച് രാത്രി 10.30 ന് മുമ്പ് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു.
Leave a Reply