ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ അമേരിക്കയിലേക്ക് നാടുകടത്തില്ല. അദ്ദേഹത്തിന്റെ മാനസിക ആരോഗ്യവും ആത്മഹത്യാ പ്രവണതയും കണക്കിലെടുത്ത് നിയമപരമായി അസാഞ്ചിനെ നാടുകടത്താന്‍ സാധിക്കില്ലെന്നാണ് യുകെ കോടതി വിധി അറിയിച്ചത്. ഇന്നലെ രാവിലെ ലണ്ടനിലെ ഓൾഡ് ബെയ്‌ലിയിൽ നടന്ന കേസില്‍ ജില്ലാ ജഡ്ജ് വനേസ ബാരൈറ്റ്‌സറാണ് വിധി പറഞ്ഞത്. ഭീകരതയ്‌ക്കെതിരായ യുദ്ധം എന്ന പേരില്‍ ജൂലിയന്‍ അസാഞ്ച് പുറത്തുവിട്ട രേഖകളുടെ പേരില്‍ ചാരവൃത്തി, ഹാക്കിങ്ങ് തുടങ്ങി 18 ഓളം കേസുകളായിരുന്നു അദ്ദേഹത്തിനെതിരെ അമേരിക്ക ചുമത്തിയിരുന്നത്. സർക്കാർ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യാൻ ഗൂഢാലോചന നടത്തിയെന്നും ചാരവൃത്തി നടത്തിയെന്നുമാണ് പ്രാധാന ആരോപണം.
ഈ വിധി ജൂലിയന്റെ വിജയം ആണെന്നും നീതിയിലേക്കുള്ള ആദ്യപടിയാണെന്നും ജൂലിയന്റെ അഭിഭാഷകയും കാമുകിയുമായ സ്റ്റെല്ല മോറിസ് പറഞ്ഞു. കേസില്‍ യു.എസ് അപ്പീലിന് പോകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ടിരുന്നെങ്കില്‍ ജൂലിയനെ കൊളറാഡോയിലെ കുപ്രസിദ്ധമായ സൂപ്പർമാക്സ് ജയിലിലേക്ക് മാറ്റുമായിരുന്നു. കോടതി പുറപ്പെടുവിച്ചത് ഒരു സന്തോഷവാർത്തയാണെന്ന് കൺസർവേറ്റീവ് എംപി ഡേവിഡ് ഡേവിസ് വ്യക്തമാക്കി. അസാഞ്ചിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു അനുകൂലികൾ പ്രതിഷേധം നടത്തി.
ഓസ്‌ട്രേലിയക്കാരനായ കംപ്യൂട്ടര്‍ പ്രോഗ്രാമറായിരുന്നു ജൂലിയന്‍ അസാഞ്ച്. 2006ലാണ് വിസില്‍ ബ്ലോവിങ്ങ് ഓര്‍ഗനൈസേഷനായ വിക്കിലീക്‌സ് അദ്ദേഹം ആരംഭിക്കുന്നത്. ഐസ് ലാന്‍ഡ് ആസ്ഥാനമായായിരുന്നു വിക്കിലീക്‌സ് പ്രവര്‍ത്തിച്ചിരുന്നത്. 2018ലാണ് വിക്കിലീക്‌സിന്റെ എഡിറ്ററായി മാധ്യമപ്രവര്‍ത്തകൻ ക്രിസ്റ്റിന്‍ ഹ്രാഫ്‌നോസന്‍ ചുമതലയേറ്റെടുക്കുന്നത്. 2010ന്റെ മധ്യത്തില്‍ വിക്കിലീക്‌സ് അഫ് ഗാനിസ്ഥാനിലെയും ഇറാഖിലെയും യു.എസ് സൈനിക രേഖകള്‍ പ്രസിദ്ധീകരിച്ചതിനുശേഷമാണ് ജൂലിയന്‍ അസാഞ്ച് ലോകശ്രദ്ധ നേടുന്നത്. 2012 മുതൽ 2019 വരെ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയാർഥിയായാണ് അദ്ദേഹം താമസിച്ചത്. 2019ലായിരുന്നു അറസ്റ്റ്.
Leave a Reply