ഇറാനിൽ ജനിച്ച, എന്നാൽ ബ്രിട്ടീഷ് പൗരത്വം നിലവിലുള്ള അനൂഷെഹ് അഷൂരിയെന്ന പൗരനെ ഇറാൻ ചാര ദൗത്യം ആരോപിച്ചു 12 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. ഇറാന്റെ ഇന്റലിജൻസ് രഹസ്യവിവരങ്ങൾ ഇസ്രയേൽ ചാര സംഘടനയ്ക്ക് അനൂഷെഹ് കൈമാറി എന്നതാണ് ഇറാൻ ആരോപിക്കുന്ന കുറ്റം. മറ്റ് രണ്ടു പേർക്കെതിരെയും ഇത്തരത്തിലുള്ള കുറ്റം ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇരട്ട പൗരത്വമുള്ള വ്യക്തികൾക്കെതിരെ ഇറാൻ ശക്തമായ നടപടികളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.
അനൂഷെഹ് ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസിയായ മസൂദുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ഇറാന്റെ ധാരാളം രഹസ്യങ്ങൾ ഇസ്രായേലിന് കൈ മാറിയിട്ടുണ്ടെന്നും ഇറാനിലെ ജുഡീഷ്യറി വക്താവ് ഖോലംഹോ സെയ്ൻ ഇസ്മയെലി വാർത്താസമ്മേളനത്തിൽ ആരോപിച്ചു . ചാര കൃത്യം നടത്തിയതിന് പത്തു വർഷവും, അതിന് പ്രതിഫലമായി പണം കൈപ്പറ്റിയതിന് രണ്ടുവർഷവും ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഇറാൻ ഒരു ബ്രിട്ടീഷ് വനിതയെയാണ് അറസ്റ്റ് ചെയ്തിരുന്നത് എന്നാണ് റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നത് . എന്നാൽ പിന്നീട് വിദേശകാര്യ കോമൺവെൽത്ത് ഓഫീസ് നൽകിയ വിവരം അനുസരിച്ച് ഒരു പുരുഷനാണെന്ന് സ്ഥിരീകരിച്ചു. രണ്ടു വർഷം മുൻപ് ഇറാനിലെ ടെഹ്റാനിൽ വച്ചായിരുന്നു അനൂഷെഹിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു വർഷവും ഈ കേസ് വളരെ വ്യക്തതയോടെ കൈകാര്യം ചെയ്യപ്പെട്ടതായി ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. ഇരട്ട പൗരത്വം ഇറാൻ അംഗീകരിക്കുന്നില്ല. ബ്രിട്ടീഷ് ഗവൺമെന്റിനെയും അധികാരികളെയും കേസിന്റെ വിവരങ്ങൾ അറിയിക്കുവാൻ ഇറാൻ അനുവദിച്ചിരുന്നില്ല.
അറസ്റ്റ് ചെയ്യപ്പെട്ട അന്നൂഷെഹിന്റെ കുടുംബത്തെ തങ്ങൾ സഹായിച്ചിരുന്നു എന്ന് കോമ്മൺവെൽത് ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ആഴ്ച രണ്ട് അറസ്റ്റുകൾ കൂടി നടന്നതായി ഇറാൻ അറിയിച്ചു. അറസ് അമീരി എന്ന് ബ്രിട്ടീഷ് കൗൺസിലിൽ ജോലിചെയ്യുന്ന ഇറാൻ പൗരനെയും, അതോടൊപ്പം തന്നെ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഒരു വിദ്യാർഥിയെയും ആണ് അറസ്റ്റ് ചെയ്തത്. ഇതുപോലെ അനേകം ഇരട്ടപൗരത്വം ഉള്ള വ്യക്തികളെ ഇറാൻ മുൻപും ശിക്ഷിച്ചിരുന്നു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട്.
Leave a Reply