ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- എം പി പദവിയിൽ നിന്ന് ലഭിക്കുന്ന വരുമാനമല്ലാതെ, മറ്റ് സ്രോതസ്സുകളിൽ നിന്നും ജോലികളിൽ നിന്നും ബ്രിട്ടനിലെ എംപിമാർ സമ്പാദിക്കുന്ന പണത്തിന്റെ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. എംപി സ്ഥാനം നിലനിൽക്കെ തന്നെ മറ്റു ജോലികളിൽ ഇവർക്ക് ഏർപ്പെടാമെങ്കിലും, തങ്ങൾക്ക് ലഭിക്കുന്ന അധിക വരുമാനവും സമ്മാനങ്ങളും സംഭാവനകളും ഷെയർഹോൾഡിംഗുകളും തുറന്നു കാണിക്കണമെന്ന് നിയമം ബ്രിട്ടനിൽ നിലനിൽക്കുന്നുണ്ട്. ലിസ് ട്രസ് മണിക്കൂറിൽ ഏകദേശം 15,770 പൗണ്ട് സമ്പാദിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിപദം ഒഴിഞ്ഞതിനു ശേഷം തായ്‌വാനിൽ നടത്തിയ ഒരു പ്രസംഗത്തിന് ഒരു മണിക്കൂറിൽ 20,000 പൗണ്ട് തുക അവർക്ക് പ്രതിഫലം ലഭിച്ചതായാണ് പുറത്തുവന്നിരിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞമാസം എംപി പദം ഒഴിഞ്ഞ ബോറിസ് ജോൺസൺ മണിക്കൂറിൽ സമ്പാദിക്കുന്നത് 21,822 പൗണ്ട് തുകയാണ്. എന്നാൽ എം പി പദം ഒഴിഞ്ഞതിനാൽ തന്റെ വരുമാനം പരസ്യമായി വെളിപ്പെടുത്താതെ തന്നെ അദ്ദേഹത്തിന് പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ എംപിമാർക്ക് പാർലമെന്റിൽ നിന്ന് ലഭിക്കുന്ന വരുമാനം മണിക്കൂറിൽ 233 പൗണ്ട് എന്ന നിരക്കിൽ മാത്രമാണ്.
സ്കോട്ടിഷ് ടോറി നേതാവ് ഡഗ്ലസ് റോസ് ആണ് പാർലമെന്റിന് പുറത്ത് ഏറ്റവും കൂടുതൽ മണിക്കൂറുകൾ മറ്റ് ജോലികൾക്കായി ചെലവഴിച്ചതെന്ന് പുറത്തു വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. -കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം 3,869 മണിക്കൂർ അദ്ദേഹം ഫുട്ബോൾ റഫറിയായി ചെലവഴിച്ചു. ടോറി എംപി ജെഫ്രി കോക്സ് ഒരു ബാരിസ്റ്റർ എന്ന നിലയിൽ തന്റെ ജോലിയിൽ 2,565 മണിക്കൂർ ജോലി ചെയ്തതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2019 ലെ തിരഞ്ഞെടുപ്പ് മുതൽ അദ്ദേഹം 2.4 മില്യൺ പൗണ്ട് സമ്പാദിച്ചു. എന്നാൽ ഇത്തരത്തിൽ മറ്റു ജോലികളിലേക്ക് എംപിമാർ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, തങ്ങൾക്കുള്ളിൽ നിക്ഷിപ്തമായിരിക്കുന്ന ദൗത്യം പലപ്പോഴും ഉത്തരവാദിത്വത്തോടെ ചെയ്യാൻ സാധിക്കുകയില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. എംപിമാരുടെ പ്രഥമദൗത്യം തങ്ങൾ ആയിരിക്കുന്ന മേഖലയിലെ ജനങ്ങൾക്ക് സേവനം അനുഷ്ഠിക്കുക എന്നതാണെന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് ഓർമ്മിപ്പിച്ചു.
Leave a Reply