ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ആരോഗ്യ മേഖലയിലായിരുന്നു ആദ്യകാല മലയാളികളിൽ ഭൂരിഭാഗവും ജോലി ചെയ്തിരുന്നത്. എൻഎച്ച്എസിൻ്റെ കീഴിലും കെയർ മേഖലയിലും ജോലി ചെയ്തിരുന്ന യു കെ മലയാളികളും അവരുടെ പുതുതലമുറയും യുകെയുടെ സാമൂഹിക സാംസ്കാരിക മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് മുന്നേറുന്നത്. അതുകൊണ്ട് തന്നെ പ്രാദേശിക സമൂഹവും മലയാളികളുടെ പ്രവർത്തനങ്ങളെ വളരെ ആദരവോടും ബഹുമാനത്തോടെയുമാണ് വീക്ഷിച്ചു വന്നിരുന്നത്.

എന്നാൽ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. അതിന് പ്രധാന കാരണം കഴിഞ്ഞ കുറെ നാളുകളായി വിദ്യാർത്ഥി വിസയിൽ മലയാളികളുടെ അതിരു കടന്ന കുടിയേറ്റമാണ്. എങ്ങനെയും വിദ്യാർത്ഥി വിസയിൽ യുകെയിൽ എത്തുക തുടർന്ന് പി ആർ നേടിയെടുക്കാമെന്ന മലയാളികളുടെ അമിതമായ ആത്മവിശ്വാസം ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണമായതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. സർക്കാരിൻറെ മാറിയ കുടിയേറ്റ നയത്തിന്റെ ഭാഗമായി പലരും സ്റ്റേ ബാക്ക് പീരീഡ് കഴിഞ്ഞ് തിരിച്ചു പോകേണ്ട അവസ്ഥയിലാണ്. 50 ലക്ഷത്തിനടുത്ത് രൂപ ചിലവഴിച്ച് യുകെയിലെത്തി പിആർ നേടാനാകാതെ തിരിച്ചു പോരുമ്പോൾ നാട്ടിൽ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ കടബാധ്യതയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത്തരം പ്രശ്നങ്ങളിൽ പല കുടുംബങ്ങളുടെയും ശിഥിലീകരണത്തിന് കാരണമാകുന്നതായുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ലണ്ടനിലെ ഇൽഫോർഡിൽ താമസിക്കുന്ന മലയാളി ദമ്പതികളിൽ ഭാര്യ ഭർത്താവിനെ കുത്തി ഗുരുതരമായി പരുക്കേൽപ്പിച്ച വിവരങ്ങളും പുതുതലമുറ യുകെ മലയാളി കുടിയേറ്റങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്ന വ്യക്തി ബന്ധങ്ങളുടെ അപചയമായാണ് കാണേണ്ടത്.

എറണാകുളം സ്വദേശികളായ ദമ്പതികൾ ഒരു വർഷമായി സ്റ്റുഡൻറ് വിസയിൽ കഴിയുകയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഒട്ടേറെ മലയാളികൾ ഒന്നിച്ചു താമസിക്കുന്ന വീട്ടിലാണ് സംഭവം അരങ്ങേറിയത്. ഭർത്താവിനെ മാരകമായി കുത്തിയതിനെ തുടർന്ന് യുവതി പോലീസ് കസ്റ്റഡിയിലാണ്. ഇവരുടെ രണ്ടു കുഞ്ഞുങ്ങളുടെ സംരക്ഷണവും കടുത്ത പ്രശ്നങ്ങളിലേയ്ക്കാണ് ചെന്നെത്തുന്നതെന്നാണ് അടുപ്പമുള്ളവർ വെളിപ്പെടുത്തിയത്. അടുത്ത കുറെ നാളുകളിലായി സ്റ്റുഡൻസ് വിസയിൽ എത്തിയ മലയാളികളുടെ ഇടയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ നേർക്കാഴ്ചയിലേക്ക് വിരൽ ചൂണ്ടുന്നതാണ് പ്രസ്തുത സംഭവം.