ബിനോയി ജോസഫ്

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചരിത്രമുറങ്ങുന്ന നഗരത്തിൽ നിന്നും സാമൂഹിക നവോത്ഥാനത്തിനായി മലയാളികളുടെ ശബ്ദം ഉയരുന്നു. രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബിംഗിൽ ഏറ്റവും നാശനഷ്ടങ്ങൾ നേരിട്ട ബ്രിട്ടണിലെ അതിപുരാതന തുറമുഖ നഗരവും  അടിമവ്യാപാരത്തിന് അന്ത്യം കുറിപ്പിച്ച വിൽബർ ഫോഴ്സിന്റെ ജന്മനാടുമായ ഹള്ളിൽ നിന്നും ആധുനിക യുഗത്തിലും പിന്തുടരുന്ന ആർഷഭാരതത്തിലെ അനാചാരങ്ങൾക്കെതിരെ പ്രതികരിക്കുന്ന കവിത ലോക ശ്രദ്ധ നേടുന്നു. ഇരുന്നൂറ് വർഷങ്ങളിലേറെയായി നിലനിന്ന അടിമ വ്യാപാരത്തിന് അറുതി വരുത്താൻ 1833 ൽ സ്ളേവ് ട്രേഡ് ആക്ട് നിലവിൽ വരുന്നതുവരെ പടപൊരുതിയ വില്യം വിൽബർഫോഴ്‌സിന്റെ യശസാൽ പ്രസിദ്ധമായ ഈസ്റ്റ് യോർക്ക് ഷയറിന്റെ ഹൃദയ നഗരത്തിൽ നിന്നും ലോക മനസാക്ഷിയ്ക്കു മുന്നിലേക്ക് മാറ്റത്തിന്റെ ചിന്തകൾ “അശുദ്ധ ആർത്തവം” എന്ന കവിതയിലൂടെ പങ്കു വയ്ക്കുകയാണ് മലയാളികളായ സ്റ്റീഫൻ കല്ലടയിലും സാൻ ജോർജ് തോമസ് മമ്പലവും. അതിപ്രശസ്തമായ സംസ്കാരങ്ങളുറങ്ങുന്ന നമ്മുടെ നാടിന്റെ ദയനീയമായ ഒരു ആധുനിക നേർക്കാഴ്ചയോടുള്ള ആത്മ രോഷം ആ വരികളിൽ തുളുമ്പുന്നു.

ഭാരത ജനത വളർച്ചയുടെ പടവുകൾ താണ്ടുമ്പോഴും ഇന്നും നിശബ്ദമായി സമൂഹം അടിച്ചേൽപ്പിക്കുന്ന നിർദ്ദയവും പ്രാകൃതവുമായ ആചാരങ്ങൾക്കെതിരെ ഉഴവൂർ സ്വദേശിയായ സ്റ്റീഫൻ രചിച്ച ഹൃദയവേദനയിൽ ചാലിച്ച കവിതയ്ക്ക്, സുന്ദരമായ ശബ്ദവ്യതിയാനങ്ങളിലൂടെ മാറ്റത്തിനായുള്ള മുറവിളിയുടെ പ്രതിധ്വനി  മനുഷ്യ കർണ്ണങ്ങളിൽ  ആലാപനത്തിന്റെ തീവ്രതയാല്‍ സന്ദേശമായി പകർന്നു നല്കിയത് സാൻ ജോർജ് തോമസ് മമ്പലമാണ്. ആർത്തവത്തിന്റെ ദിവസങ്ങളിൽ സാമൂഹികാചാരമനുസരിച്ച് മാറ്റി പാർപ്പിക്കപ്പെടുകയും അതിനിടയിൽ മരം വീണ് അകാല മൃത്യു വരിക്കുകയും ചെയ്ത തഞ്ചാവൂരിലെ പന്ത്രണ്ടുകാരിയായ പെൺകുട്ടിയുടെ ഓർമ്മകൾക്ക് മുന്നിൽ ഒരു കണ്ണീർ പ്രണാമമർപ്പിച്ചുകൊണ്ടാണ് സ്റ്റീഫൻ തന്റെ കവിത ലോകത്തിന് സമർപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“മകളെ നീയും നിന്റെയാർത്തവുമശുദ്ധമാ… പെണ്ണാണ് നീ വെറും പെണ്ണ്, ആണിന്നടിമയാം പെണ്ണ്..” എന്നീ വരികളിലൂടെ സമൂഹ മനസാക്ഷിയുടെ വിധിയ്ക്കായി,  ഇന്നിന്റെ അനാചാരങ്ങൾ അനാവരണം ചെയ്യപ്പെടുന്നു. സ്ത്രീകൾ അബലകളാണെന്നും പിറന്നു വീഴും നിമിഷം മുതൽ പുരുഷനാൽ അടിച്ചമർത്തപ്പെടേണ്ടവളാണെന്നുമുള്ള നാട്ടുനടപ്പുകൾക്ക് എതിരേയുള്ള ഹൃദയത്തിന്റെ ഭാഷയിലുള്ള രോഷപ്രകടനം കവിതയിൽ നിറയുന്നു. “ശുദ്ധരിൽ ശുദ്ധരാം ദൈവങ്ങൾക്കാവുമോ കേൾക്കുവാൻ… അശുദ്ധരിൽ അശുദ്ധയാം ഋതുമതി നീട്ടുമീയർത്ഥന.. ആര്‍ത്തവ പെണ്ണിനാ ദേവനെ ഒരു നോക്കുകാണാന്‍… കാലവും മാറി കോലവും പിന്നെ നിൻ ചിന്തകളും.. മാറാത്തത് ഈ പെണ്ണെന്ന വാക്കിന്റെ അർത്ഥമതൊന്നു മാത്രം..” കവിതയിലെ വരികൾ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നു.

അ. ആര്‍ത്തവം കവിത

മാനവരാശിയുടെ നിലനില്പിനായി പ്രകൃതി സ്ത്രീകൾക്കായി കനിഞ്ഞു നല്കിയ വരദാനങ്ങൾ, അവരെ ചൊൽപ്പടിക്കു നിർത്താനുള്ള കുറുക്കുവഴികളാക്കുന്ന ആധുനിക സമൂഹത്തിന്റെ നേർക്കാഴ്ചയാണ് ഈ കവിത. ഹൾ കാസിൽ ഹിൽ ഹോസ്പിറ്റലിലെ തിയറ്റർ നഴ്സായി ജോലി ചെയ്യുന്ന സ്റ്റീഫൻ കല്ലടയിൽ സാമൂഹിക സാഹിത്യ കലാ രംഗങ്ങളിൽ യുകെയിൽ സജീവമായി പ്രവർത്തിക്കുന്നു. “ലണ്ടൻ ജംഗ്ഷൻ” എന്ന സീരിയൽ അടക്കം നാടക രചന, സംവിധാനം, കവിതാ, കഥാ രചനകളിലും സ്റ്റീഫൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. “അ. ആർത്തവം” എന്ന പേരിൽ  യൂ ട്യൂബിൽ അപ് ലോഡ് ചെയ്ത കവിത മനോഹരമായി ആലപിച്ച സാൻ മമ്പലം കഴിഞ്ഞ വർഷത്തെ യുക്മ സ്റ്റാർ സിംഗർ വിജയിയാണ്. പ്രശസ്ത ഗായകനായ ജി. വേണുഗോപാലിന്റെ പ്രശംസ ലഭിച്ച ശബ്ദസൗന്ദര്യത്തിന്റെ ഉടമയായ സാൻ എന്ന യുവഗായകന്റെ തീക്ഷ്ണമായ ആലാപനം കവിതയെ കൂടുതൽ മികവുറ്റതാക്കി. 2017, 2018 വർഷങ്ങളിൽ യുക്മ നാഷണൽ കലാമേളയിൽ കലാപ്രതിഭയായി തിളങ്ങിയ സാൻ എഞ്ചിനീയറിംഗിൽ മാസ്റ്റേർസ് ഡിഗ്രി ഹോൾഡറാണ്.  ഗോഡ് സൺ സ്റ്റീഫൻ എഡിറ്റിംഗ് നിർവ്വഹിച്ച കവിതയ്ക്ക് അഭിനന്ദനങ്ങളുമായി നൂറുകണക്കിനാളുകളാണ് സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തിരിക്കുന്നത്.