ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൊടും കുറ്റവാളികൾ ജാമ്യത്തിൽ ഇറങ്ങി ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മിനിസ്റ്ററി ഓഫ് ജസ്റ്റിസിൻ്റെ കണക്കുകൾ പ്രകാരം 2020 നും 2022 നും ഇടയിൽ 900 ലൈംഗിക കുറ്റകൃത്യങ്ങളാണ് ജാമ്യത്തിലിറങ്ങിയ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികൾ ചെയ്തു കൂട്ടിയത്. ഓരോ വർഷവും ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം കൂടി വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.
2020 – ൽ 184 ലൈംഗിക കുറ്റങ്ങളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ 2021 -ൽ അത് 326 ഉം 2022 -ൽ 377 ഉം ആയി വർദ്ധിച്ചു. ജയിൽ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികൾ ജാമ്യത്തിലിറങ്ങി പൊതുസമൂഹത്തിന് ഭീഷണിയായി മാറുന്നതിന്റെ ചൂണ്ടുപലകകളാണ് കുറ്റകൃത്യങ്ങളിലെ ക്രമാതീതമായ വർദ്ധനവ് കാണിക്കുന്നത്. കുറ്റം ചെയ്തു ശിക്ഷ അനുഭവിക്കുന്ന പലരിലും ജയിൽവാസം യാതൊരുവിധ പരിവർത്തനവും നടത്തുന്നില്ല എന്നതിന്റെ തെളിവായി ജാമ്യകാലയളവിൽ വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം പരിഗണിക്കണമെന്ന അഭിപ്രായവും ശക്തമാണ്.

ഈ നില തുടർന്നാൽ നാല് വർഷ കാലയളവിൽ ജാമ്യത്തിലിറങ്ങുന്നവർ നടത്തുന്ന ലൈംഗിക കുറ്റകൃത്യങ്ങളും എണ്ണം ആയിരം കടക്കുവാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം കൂടുന്നത് നിയമസംവിധാനത്തിന്റെയും നീതിന്യായ വ്യവസ്ഥകളുടെയും പരാജയമാണെന്ന് ചാരിറ്റുകളും നിയമ വിദഗ്ധരും മുന്നറിയിപ്പ് നൽകി. പല കുറ്റവാളികളുടെയും വിചാരണ നീണ്ടതിനാൽ ജാമ്യം ലഭിക്കാത്ത സാഹചര്യവും നിലവിലുണ്ട്. ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ അപകടസാധ്യത കുറഞ്ഞ പ്രതികളെ ജാമ്യത്തിൽ വിടാനുള്ള നീക്കം പൊതുവെ നടക്കുന്നുണ്ട് . ഇതിനെ തുടർന്നാണ് സമൂഹ മനസ്സാക്ഷികളെ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളുടെ കണക്കുകൾ പുറത്തു വന്നിരിക്കുന്നത്.
	
		

      
      



              
              
              




            
Leave a Reply