ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗാർഹിക പീഡന പരാതിയിൽ യു കെ മലയാളിക്ക് ജയിൽ ശിക്ഷ വിധിച്ചു. ചെസ്റ്റർഫീൽഡിൽ കുടുംബമായി താമസിച്ചിരുന്ന സെബി വർഗീസ് എന്ന മലയാളി യുവാവിനാണ് ഒരു വർഷത്തെ ജയിൽശിക്ഷ ഡെർബി ക്രൗൺ കോടതി വിധിച്ചത്. 2024 സെപ്റ്റംബർ 3 – ന് ഇയാൾ ഭാര്യയെ ചെരുപ്പ് കൊണ്ട് മർദ്ദിച്ചതിനെ തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അതിക്രൂരമായ ഗാർഹിക പീഡനത്തിന്റെ പിന്നാമ്പുറ കഥകളാണ് പുറത്തുവന്നത്. ഇറച്ചി വെട്ടുന്ന കത്തിയുപയോഗിച്ച് ഭീഷണിപ്പെടുത്തുക, അസഭ്യം പറയുക തുടങ്ങിയ ഒട്ടേറെ പരാതികൾ ആണ് സെബിക്കെതിരെ കോടതിയിൽ ഉന്നയിക്കപ്പെട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

49 കാരനായ സെബി കോടതിയിൽ ഉന്നയിക്കപ്പെട്ട കുറ്റങ്ങൾ സമ്മതിച്ചിരുന്നു. കടുത്ത ഭയാശങ്കകളോടെയാണ് സെബിയുടെ ഭാര്യ ഇയാളുടെ ഒപ്പം കഴിഞ്ഞതെന്ന പ്രോസിക്യൂഷൻ വാദം കോടതി ഗൗരവത്തിൽ എടുത്തതാണ് വിധി സൂചിപ്പിക്കുന്നത്. ഭാര്യയോടുള്ള സെബിയുടെ സ്വഭാവം ഭയപ്പെടുത്തുന്നതും കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവരുടെ ജീവിതം പൂർണ്ണമായും നശിപ്പിക്കുകയും ചെയ്തതായി അന്വേഷണത്തിന് നേതൃത്വം നൽകിയ ഡിറ്റക്റ്റീവ് കോൺസ്റ്റബിൾ ജേക്കബ് ടയേഴ്‌സ് പറഞ്ഞു.

ക്രിമിനൽ കുറ്റങ്ങൾക്ക് ഒരു വർഷത്തെ ശിക്ഷ നേരിടുന്നവർ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തപ്പെടും എന്ന നിയമം നിലവിലുള്ളതിനാൽ ജയിൽ ശിക്ഷ അനുഭവിച്ചതിനു ശേഷം സെബിക്കു യുകെയിൽ തുടരാൻ സാധിക്കില്ല. ഇത് കൂടാതെ അടുത്ത പത്ത് വർഷത്തേയ്ക്ക് ഇയാൾക്ക് ബ്രിട്ടനിൽ പ്രവേശനം ഉണ്ടായിരിക്കുകയില്ല. അടുത്ത കാലത്തായി യുകെ മലയാളി കുടുംബങ്ങളിൽ ഉണ്ടായി കൊണ്ടിരിക്കുന്ന ഗാർഹിക കലഹങ്ങൾ കൂടിവരുന്നതായാണ് അറിയാൻ സാധിച്ചത്. ഈ സാഹചര്യം തദ്ദേശീയരുടെയും മറ്റ് ആളുകളുടെ ഇടയിലും മലയാളി സമൂഹത്തിന്റെ വിലയിടിയാൻ കാരണമായിട്ടുണ്ട്. വീടുകളിൽ ഉച്ചത്തിൽ സംസാരിക്കുകയും വഴക്കു പറയുകയും ചെയ്യുന്ന മലയാളികളുടെ പൊതുവായ രീതികൾ പോലും കടുത്ത ഗാർഹിക കുറ്റകൃത്യങ്ങൾ ആയി കണക്കാക്കപ്പെടുന്ന നാടാണ് ബ്രിട്ടൻ .