ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സഹപ്രവർത്തകരിൽ നിന്നുള്ള പീഡനം സഹിക്ക വയ്യാതെ മലയാളി സ്റ്റുഡന്റ് പോലീസ് ഓഫീസർ ജീവനൊടുക്കി. ബറിയിൽ നിന്നുള്ള അനുഗ്രഹ് എബ്രഹാം(21) ജീവനൊടുക്കിയെന്നാണ് പുറത്ത് വരുന്ന വിവരം. വംശീയപരമായ ഭീഷണിപ്പെടുത്തലിനെയും വിവേചനപരമായ പെരുമാറ്റത്തെയും തുടർന്നാണ് ജീവനൊടുക്കിയത് എന്നാണ് കുടുംബം പറയുന്നത്. മാർച്ച് 3 -ന് മാതാപിതാക്കളോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചതിന് ശേഷമാണ് അനുഗ്രഹ് കാണാതാകുന്നത്. എന്നാൽ അടുത്ത ദിവസം വീടിന് സമീപമുള്ള വനപ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ലീഡ്‌സ് ട്രിനിറ്റി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയായിരുന്നു ഇയാൾ. വെസ്റ്റ് യോർക്ക്ഷയർ പോലീസിൽ പരിശീലനം നടത്തുന്നതിനിടയിലാണ് ദാരുണമായ സംഭവം. സംസ്കാരം 2023 മാർച്ച് 23 -ന് നടന്നു. എന്നാൽ മൂന്ന് വർഷത്തെ അപ്രന്റിസ്‌ഷിപ്പ് ബിരുദത്തിന്റെ ഭാഗമായി പോലീസ് സേനയിൽ പ്ലേസ്‌മെന്റിലിരിക്കുമ്പോൾ ലഭിച്ച മോശമായ അനുഭവങ്ങളാണ് മരണത്തിനു പിന്നിലെന്ന് മാതാപിതാക്കളായ സോണിയ എബ്രഹാമും അമർ എബ്രഹാമും പറഞ്ഞു. പല ഘട്ടങ്ങളിലും അതിക്രൂര ആക്രമണങ്ങൾക്കും പീഡനങ്ങൾക്കും മകൻ ഇരയായിട്ടുണ്ടെന്നും ഇരുവരും കൂട്ടിചേർത്തു.

അനു എന്നറിയപ്പെടുന്ന അനുഗ്രഹിനെ 2022 ഒക്‌ടോബർ മുതലാണ് ഹാലിഫാക്‌സ് പോലീസ് സ്‌റ്റേഷനിൽ നിയമിച്ചത്. തുടക്കത്തിൽ അദ്ദേഹം ആവേശത്തിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. എന്നിരുന്നാലും, അനുവിന് പ്ലെയ്‌സ്‌മെന്റ് ആരംഭിച്ച് ആഴ്‌ചകൾക്കുള്ളിൽ തന്നെ കാര്യങ്ങൾ മാറിമാറിഞ്ഞു. മാർച്ച് 3 -ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അനുവിനെ അവസാനമായി കണ്ടതെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു. തുടർന്ന് പരാതിയുമായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിനെ സമീപിച്ചപ്പോൾ വിവേചനപരമായിട്ടാണ് തങ്ങളോട് പെരുമാറിയതെന്നും കുടുംബം ആരോപിക്കുന്നു.