പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്കും ഒരു മലയാളി ചലഞ്ച്. അമേഠിയയിലും വാരാണാസിയിലും അരയും തലയും മുറുക്കി മത്സരത്തിനിറങ്ങാൻ ഒരുങ്ങുകയാണ് എറണാകുളം ചെറായി സ്വദേശി യു.എസ് ആഷിൻ. ഇന്ത്യൻ ഗാന്ധി പാർട്ടി (ഐജിപി)യുടെ പ്രതിനിധിയാണ് ആഷിന്‍ പാർലമെന്റിലേക്ക് പോകാൻ ഒരുങ്ങുന്നത്.

നിലവിൽ ഐജിപിയുടെ തിരഞ്ഞെടുപ്പ് സംഘ‌ാടകനാണ് യു എസ് ആഷിൻ. 2011-ൽ റജിസ്റ്റർ ചെയ്ത പാർട്ടിയിൽ ഇന്ത്യ ഒട്ടാകെ 10,000 അംഗങ്ങളാണ് ഉള്ളത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 543 മണ്ഡലങ്ങളിലേക്കും മത്സരിക്കാൻ ഒരുങ്ങുകയാണ് പാർട്ടി. നിഷ്പക്ഷരുടെയും നോട്ടക്ക് കുത്തുന്നവരുടെയും വോട്ട് ചെയ്യാൻ ആഗ്രഹിക്കാത്തവരുടെയും പ്രതിനിധിയാണ് താൻ‌ എന്ന് ആഷിൻ സാക്ഷ്യപ്പെടുത്തുന്നു. ബിജെപിയും കോൺഗ്രസും മാറി മാറി ഭരിച്ചിട്ടും 130 കോടി ജനങ്ങളുള്ള ഇന്ത്യ ഇന്നും വികസിത രാഷ്ട്രം മാത്രമാണ്. അമേഠിയും വാരാണാസിയും പിടിച്ചടക്കാമെന്ന വ്യാമോഹത്തിലല്ല താൻ മത്സരത്തിനിറങ്ങുന്നത്. ഈ മത്സരത്തിലൂടെ താൻ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ നിലപാടുകൾ ഇരുവരുടെയും ശ്രദ്ധയിൽ കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് ആഷിൻ പറയുന്നു.

തൊണ്ണൂറു ശതമാനം സംരംഭകര്‍ മാത്രമുള്ള പാർട്ടിയാണ് ഇന്ത്യൻ ഗാന്ധി പാർട്ടിയെന്ന് ആഷിൻ വ്യക്തമാക്കി. മുഴുവൻ സമയം രാഷ്ട്രീയ പ്രവർത്തനമല്ല, കൂടെ ഒരു ജോലിയും ഒപ്പമുണ്ടാകണമെന്ന ശഠിക്കുന്നവരാണ് പാർട്ടിയിൽ ഏറെയും. ആമസോൺ, ഡാൽമിയ തുടങ്ങിയ സ്ഥാപനങ്ങളിലെ ഡയറക്ടർ ബോർഡ് അംഗങ്ങളും ഐജിപിയുടെ ഭാഗമാണ്.

ദേശീയ പാർട്ടികളുടെ നിലവിലെ തിരഞ്ഞെടുപ്പ് അജൻഡയെ പിൻതുടരുകയല്ല ഇന്ത്യൻ ഗാന്ധി പാർട്ടി. സംരംഭകത്വത്തിലൂടെ ഇന്ത്യയെ വികസിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിക്കുകയാണ് ലക്ഷ്യം. ഇന്ത്യയെ അലട്ടുന്ന പ്രധാനപ്രശ്നം കടക്കെണിയാണ്. എന്നാൽ മാറി വരുന്ന സർക്കാരുകൾ ഇതിനെതിരെ സ്വത്വരമായ നടപടി സ്വീകരിച്ചിട്ടില്ല. 3 സെന്റ് സ്ഥലം പാവപ്പെട്ടവർക്ക് പതിച്ചുകൊടുകുകയും, അതിൽ അവർ തുടങ്ങുന്ന ചെറുകിട സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ ഏറി വരുന്ന രാജ്യത്തിന്റെ കടത്തിന് തടയിടാനാകുമെന്ന പ്രതീക്ഷ ആഷിൻ പങ്കുവച്ചു. 18 വയസ്സു മുതൽ നിർബന്ധിത ജോലിയും വിദ്യാഭ്യാസം എന്ന ആശയവും െഎജിപി മുന്നോട്ട് വയ്ക്കുന്നു.