സ്വന്തം ലേഖകൻ

ബർമിംഗ്ഹാം : ലോകമെമ്പാടും ഭീതി നിറച്ച് കൊറോണ വൈറസ് പടർന്നുപിടിക്കുകയാണ്. ആ ഭീതി ബർമിംഗ്ഹാമിലേക്കും എത്തിയതായി റിപ്പോർട്ട്‌. ചൈനയിലെ വുഹാനിൽ നിന്നും പുതുവർഷത്തിൽ തിരിച്ചെത്തിയ ബർമിംഗ്ഹാം സ്വദേശി ഡ്രൂ ബെന്നറ്റിനാണ് പനി പോലെയുള്ള ലക്ഷണങ്ങൾ കാണപ്പെട്ടത്. തുടർന്ന് ഇദ്ദേഹത്തെ ലണ്ടൻ ആശുപത്രിയിൽ എത്തിച്ചു ഐസൊലേഷൻ വാർഡിലേക്ക് മാറ്റാനായി തിങ്കളാഴ്ച ആംബുലൻസ് അയച്ചിരുന്നു. അന്ന് വൈകുന്നേരം 4.20 ന് തന്നെ ഹസ്മത് സ്യൂട്ട് ധരിച്ചെത്തിയ വൈദ്യശാസ്ത്രജ്ഞർ അദ്ദേഹത്തെ ആംബുലൻസിൽ കയറ്റി രക്തപരിശോധനയ്ക്കായി ക്വീൻ എലിസബത്ത് ആശുപത്രിയിൽ എത്തിച്ചു. അയൽവാസി പകർത്തിയ വീഡിയോയിലെ ഈ രംഗങ്ങൾ ആണ് ഇപ്പോൾ വൈറസ് ഭീതി പടരുന്നതിന് കാരണമായത്.

ഒരു വെളുത്ത ഹാസ്മറ്റ് സ്യൂട്ട്, നീല നിറത്തിലുള്ള ആപ്രൺ, കയ്യുറകൾ, മാസ്ക് എന്നിവ ധരിച്ച് ആംബുലൻസിൽ ബെന്നറ്റിനെ കയറ്റുന്ന സ്ത്രീയെ വീഡിയോയിൽ വ്യക്തമായി കാണാം. എന്നാൽ രണ്ട് വെസ്റ്റ് മിഡ്‌ലാന്റ്സ് ആംബുലൻസ് സർവീസ് ജോലിക്കാരെ യാതൊരു സംരക്ഷണ വസ്‌ത്രങ്ങളോ മുഖംമൂടികളോ ഇല്ലാതെ കാണുവാനും കഴിയും. ഇതാണ് ആശങ്കയ്ക്ക് വഴിയൊരുക്കിയത്. ബെന്നറ്റിനെ പ്രവേശിപ്പിക്കുമ്പോൾ എന്തുകൊണ്ടാണ് ചില ഉദ്യോഗസ്ഥർ സംരക്ഷണ വസ്ത്രം ധരിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ വെസ്റ്റ് മിഡ്‌ലാന്റ്സ് ആംബുലൻസ് സർവീസ് വിസമ്മതിച്ചു. രോഗം പടരുമെന്ന ഭീഷണി ഗൗരവമായി എടുക്കുന്നതിൽ ബ്രിട്ടീഷ് അധികൃതർ പരാജയപ്പെടുന്നുവോ എന്ന സംശയവും ഉയർന്നുവരുന്നു. വുഹാനിൽ നിന്ന് മടങ്ങിയെത്തിയതായി കരുതപ്പെടുന്ന രണ്ടായിരത്തോളം ബ്രിട്ടീഷുകാർക്ക് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ഇന്നലെ മുന്നറിയിപ്പ് നൽകുകയുണ്ടായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ ഇന്നലെ വരെ 82 പേർ മരിച്ചു. രോഗം ബാധിച്ചവരുടെ എണ്ണം 2740 കടന്നു. ലോകത്തെ പല രാജ്യത്തേക്കും വൈറസ് പടർന്നിട്ടുണ്ട് എന്ന ആശങ്ക ജനങ്ങളെ ഭീതിയിൽ ആഴ്ത്തുന്നുണ്ട്. എന്നാൽ ആശങ്ക അല്ല, ജാഗ്രതയാണ് വേണ്ടതെന്ന് സർക്കാർ അറിയിക്കുന്നു.

കൊറോണ വൈറസ് – പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ

• സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക. 20 സെക്കന്റോളം കൈകൾ കഴുകണം.
• ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖവും വായും അടച്ചുപിടിക്കുക
• കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ, മൂക്ക്, വായ് തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്.
• പനി ഉള്ളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
• അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.
• രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക.
• പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഉടൻ ഡോക്ടറെ കാണുക.