സ്വന്തം ലേഖകൻ
യുകെയിലെ നൂറോളം കുട്ടികൾക്ക് കൊറോണ വൈറസുമായി ബന്ധപ്പെട്ട അപൂർവ്വ രോഗം കണ്ടെത്തിയതായി ഡോക്ടർമാർ. ഏപ്രിലോടെയാണ് കുട്ടികളിലുണ്ടാകുന്ന രോഗത്തെപ്പറ്റി എൻ എച്ച് എസ് ഡോക്ടർമാർക്ക് നിർദേശം ലഭിക്കുന്നത്. ലണ്ടനിൽ എട്ടോളം കുട്ടികൾ രോഗബാധിതരാണ്, 14 വയസ്സുകാരൻ ഈ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായി മരണപ്പെട്ടിരുന്നു. രോഗം ബാധിച്ച കുട്ടികളുടെ എല്ലാവരുടെയും ലക്ഷണങ്ങൾ ഒന്നായിരുന്നു എന്ന് എവെലിന ലണ്ടൻ ചിൽഡ്രൻസ് ഹോസ്പിറ്റൽ അധികൃതർ പറയുന്നു. കടുത്ത പനി, റാഷ്, ചുവന്ന കണ്ണുകൾ, നീര്, വേദന എന്നിവയാണ് രോഗലക്ഷണങ്ങൾ. മിക്ക കുട്ടികൾക്കും ശ്വാസകോശസംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്നില്ല, എന്നാൽ രോഗം മൂർച്ഛിക്കുമ്പോൾ ഹൃദയമിടിപ്പും രക്തചംക്രമണവും നേരെയാക്കാൻ വെന്റിലേറ്റർകളുടെ സഹായം വേണ്ടി വന്നിരുന്നു.
ഈ പുതിയ രോഗത്തെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ബാധിക്കുന്ന കവാസാക്കി ഡിസീസ് ഷോക്ക് സിൻഡ്രോം എന്ന രോഗത്തോടാണ് ഡോക്ടർമാർ ഉപമിക്കുന്നത്. അതിന്റെ ലക്ഷണങ്ങൾ റാഷ്, ഗ്രന്ഥി വീക്കം, വരണ്ട് പൊട്ടിയ ചുണ്ടുകൾ എന്നിവയാണ്. പക്ഷേ ഈ രോഗം 16 വയസ്സുവരെയുള്ള കുട്ടികളെ ബാധിക്കുന്നു എന്നതാണ് ഡോക്ടർമാരെ കുഴക്കുന്നത്. ഇംപീരിയൽ കോളേജ് ലണ്ടനിലെ, പീഡിയാട്രിക് വിഭാഗം ക്ലിനിക്കൽ ലക്ചറർ ആയ ഡോക്ടർ ലിസ് വിറ്റാക്കർ പറയുന്നത് കൊറോണ പടർന്നുപിടിച്ചു ഏകദേശം പകുതിയോളം ആയപ്പോഴാണ് ഈ രോഗവും മൂർധന്യാവസ്ഥയിൽ എത്തിയത്, അതിനാൽ രണ്ടും തമ്മിൽ ബന്ധം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കോവിഡ് 19 മൂർദ്ധന്യാവസ്ഥയിൽ എത്തി മൂന്നോ നാലോ ആഴ്ചയ്ക്കു ശേഷമാണ് ഈ രോഗം കണ്ടുതുടങ്ങിയത്. അതിനാൽ ഇതൊരു പോസ്റ്റ് ഇൻഫെക്ഷ്യസ് ഫിനോമിനെൻ ആകാൻ സാധ്യതയുണ്ട്.
റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സ് ആന്റ് ചൈൽഡ് ഹെൽത്ത് പ്രൊഫസർ റസ്സൽ വൈനർ പറയുന്നത് ഈ രോഗം ബാധിച്ച കുട്ടികളെല്ലാം ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടായിരുന്നുവെന്നും മിക്കവരും രോഗം ഭേദമായി വീട്ടിൽ പോയി എന്നുമാണ്. ഈ രോഗം വളരെ അപൂർവ്വമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രോഗഭീതി കാരണം ലോക്ഡൗൺ കഴിഞ്ഞാലും മാതാപിതാക്കൾ കുട്ടികളെ പുറത്തിറക്കാൻ ഭയപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. കൊറോണ വൈറസ് കുട്ടികളെ അധികമായി ബാധിക്കുന്നില്ല അഥവാ ബാധിച്ചാൽ തന്നെ രോഗലക്ഷണങ്ങൾ വളരെ കുറച്ച് മാത്രമേ പുറത്ത് കാണിക്കുന്നുള്ളു . ഇതിനുള്ള കാരണങ്ങളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തണ്ടേതായിരിക്കുന്നു എന്നാണ് പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
കൊറോണ വൈറസ് നെഗറ്റീവ് ആയ പല കുട്ടികളിലും വൈറസിനെതിരെ ആന്റി ബോഡീസ് കണ്ടെത്തിയിരുന്നു. കുട്ടികളുടെ ശരീരം സ്വാഭാവികമായി രോഗപ്രതിരോധം നടത്തുന്നു എന്ന് തെളിവാണിതെന്ന് ഡോക്ടർ മൈക്കിൾ ലെവിൻ പറഞ്ഞു.
Leave a Reply