സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ വൈറസുമായി ബന്ധപ്പെട്ട് യുകെയിലെ കുട്ടികളിൽ ഒരു അപൂർവ തരം ഇൻഫെക്ഷൻ ഉണ്ടാകുന്നതായി പുതിയ കണ്ടെത്തൽ. പനിയുടെ പോലെ രോഗലക്ഷണങ്ങൾ കാണിക്കുന്നതോടൊപ്പം, ഒന്നിലധികം ശരീരാവയവങ്ങളിൽ ഇൻഫ്ലമ്മേഷനും ഉണ്ടാകുന്നു. ഈ രോഗ ലക്ഷണം കാണിക്കുന്ന കുട്ടികളിൽ പകുതിയിലധികം പേരും കൊറോണ ബാധിതരാണ്. എത്രത്തോളം കുട്ടികൾക്കാണ് ഈ ലക്ഷണങ്ങൾ കാണിക്കുന്നതെന്ന കൃത്യമായ കണക്കുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ കാണാനിടയായത് എന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസ് അറിയിച്ചു. ഈ സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും, വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
എൻഎച്ച്എസ് ഇംഗ്ലണ്ട് ഇത് സംബന്ധിച്ച് ഒരു ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് പുതിയ തരത്തിലുള്ള ഒരു ഇൻഫെക്ഷൻ യുകെയിലെ കുട്ടികളിൽ കാണപ്പെടുന്നു എന്നതാണ് ഈ ജാഗ്രതാ നിർദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോക ലക്ഷണങ്ങൾ കാണിക്കുന്ന ഈ കുട്ടികൾ പല പ്രായത്തിൽ ഉള്ളവരാണ്. ഉയർന്ന ടെമ്പറേച്ചർ, കുറഞ്ഞ ബ്ലഡ് പ്രഷർ, ശ്വാസമെടുക്കാനുള്ള തടസ്സം, ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ചിലരിൽ വയറുവേദന, ശർദ്ദിൽ മുതലായ രോഗലക്ഷണങ്ങളും കാണിക്കുന്നുണ്ട്.
ഇത്തരം രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ അടിയന്തര ചികിത്സക്ക് വിധേയമാക്കണമെന്ന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ലോകത്തെമ്പാടുമുള്ള കണക്കുകൾ അനുസരിച്ച് കുട്ടികളിലാണ് കൊറോണ ബാധ ഏറ്റവും കുറവ് കണ്ടെത്തിയിരിക്കുന്നത്. യുകെയിലും ഇത്തരത്തിലുള്ള കേസുകൾ ഇരുപതിൽ താഴെ മാത്രമാണ് എന്നാണ് നിഗമനം.
Leave a Reply