ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിശ്വാസവും സന്യാസവും ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന സമയം. പ്രത്യേകിച്ച് ആധുനികത ജീവിതരീതികളുടെ കടന്നുകയറ്റത്തിൽ മതപരമായ ആചാരങ്ങളിൽനിന്നും ചടങ്ങുകളിൽ നിന്നും യുവജനങ്ങൾ അകന്നു കൊണ്ടേയിരിക്കുന്നു. ഇംഗ്ലണ്ട് പോലെ ആധുനികതയെ വാരിപ്പുണരുന്ന ഒരു രാജ്യത്ത് സന്യാസത്തിന്റെ പ്രസക്തി എന്താണ് ? നിത്യ ബ്രഹ്മചര്യത്തിന്റെയും കന്യാ വൃതത്തിന്റെയും ദൈവവിളികളിലൂടെ നടക്കാൻ പുതുതലമുറ തയ്യാറാകുമോ? സന്യാസത്തിന്റെ വെല്ലുവിളികളെ സ്വീകരിച്ച് ദൈവവിളിയിലൂടെ കടന്നു വന്ന മൂന്ന് പേരുടെ ജീവിതം പറയുകയാണ് ബിബിസി .
പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഒരുകാലത്ത് ഭർത്താവും കുട്ടികളുമായി കുടുംബജീവിതം സ്വപ്നം കണ്ടിരുന്ന ആളായിരുന്നു സിസ്റ്റർ കാതറിൻ. അതിശയകരമായ ഒരു യാത്രയിലാണ് താനിന്നെന്നാണ് കുട്ടികളുമൊത്തുള്ള ഒരു കുടുംബജീവിതം ഭാവനയിൽ കണ്ടിരുന്ന കാതറിൻ അതെ കുറിച്ച് പറഞ്ഞത്. നല്ലൊരു ജോലിയും പങ്കാളിയുമൊത്തുള്ള ജീവിതത്തിൻറെ പാത ഉപേക്ഷിച്ച് വ്യത്യസ്ത ജീവിതം തിരഞ്ഞെടുത്ത കാതറിൻ ഒരു ഒറ്റപ്പെട്ട വ്യക്തി അല്ല.
ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകൾ പ്രകാരം 2018 നും 2022 നും ഇടയിൽ ഇംഗ്ലണ്ടിലും വെയിൽസിലും 85 യുവതികളാണ് കന്യാസ്ത്രീകളായി തീർന്നത്. അവരിൽ ഒരാളാണ് കാതറിൻ . സന്യാസത്തിന്റെ വേലിക്കെട്ടിൽ ഒരു ഒറ്റപ്പെട്ട ജീവിതമൊന്നുമല്ല സിസ്റ്റർ കാതറിനും മറ്റ് സന്യാസിനികളും നയിക്കുന്നത്. അവർ സ്ഥിരമായി തങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകളിൽ പിന്തുടരുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട് . എന്നാൽ ഏകാന്ത ധ്യാനത്തിനും പ്രാർത്ഥനയ്ക്കായും നിരവധി മണിക്കൂറുകൾ ആണ് സിസ്റ്റർ കാതറിൻ ദിവസവും മാറ്റിവയ്ക്കുന്നത്. കോവിഡ് ലോക് ഡൗണിന് തൊട്ടു പിന്നാലെ ആണ് സിസ്റ്റർ കാതറിൻ കമ്മ്യൂണിറ്റി ഓഫ് ഔവർ ലേഡി ഓഫ് വാൽസിംഗ്ഹാമിൻ്റെ കോൺവെൻ്റിൽ ചേർന്നത് . മൂന്നാഴ്ച സമയം മാത്രം പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമായി ഇവിടെ എത്തിയ സിസ്റ്റർ കാതറിൻ നാല് വർഷത്തിനുശേഷം ഇവിടെ സന്യാസത്തിന്റെ പാതയിൽ തുടരുകയാണ്.
കാതറിനും മഠത്തിലെ മറ്റു സിസ്റ്റർമാരും സമൂഹത്തിൽ കാര്യമായ ഇടപെടലുകൾ നടത്തുന്നതിലും വ്യാപൃതരാണ്. ജയിലുകളിൽ സന്ദർശിക്കുന്നതിനും സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും വിദ്യാർത്ഥികൾക്ക് ഇടയിൽ പ്രവർത്തിക്കാനും അവർ സമയം കണ്ടെത്തുന്നു . സിസ്റ്റർ ഇതുവരെ പൂർണ്ണമായ കന്യാവൃതം സ്വീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സന്യാസജീവിതം ഉപേക്ഷിക്കാൻ അവർക്ക് ഇപ്പോഴും സാധിക്കും.
മറ്റൊരു സിസ്റ്ററായ തെരേസ തന്റെ 25-ാം വയസ്സിലാണ് മഠത്തിൽ ചേർന്നത്. ഇപ്പോൾ 39 വയസ്സുള്ള അവൾ ഏകദേശം 15 വർഷമായി സമൂഹത്തിനൊപ്പം ഉണ്ട്. തനിക്ക് 18 വയസ്സുള്ളപ്പോഴാണ് ഒരു കന്യാസ്ത്രീയാകാൻ ദൈവവിളി ഉണ്ടായതെന്ന് അവർ പറഞ്ഞു. മറ്റൊരു സിസ്റ്റർ ആയ കാമില കന്യാസ്ത്രീയാകുന്നതിനുമുമ്പ് ഒരു പാലിയേറ്റീവ് കെയർ നേഴ്സായിരുന്നു.
ഒരു കന്യാസ്ത്രീ എന്ന നിലയിൽ സന്തോഷവതിയായിരിക്കാൻ സാധിക്കുമോ എന്ന് തനിക്ക് മുൻപ് സംശയം ഉണ്ടായിരുന്നതായി സിസ്റ്റർ തെരേസ പറഞ്ഞു. എന്നാൽ വിശ്വാസത്തിൻറെ തീഷ്ണതയും സമൂഹത്തിലെ അശരണർക്കായി ഫലപ്രദമായി ഇടപെടാൻ സാധിക്കുന്നത് മൂലവും താൻ തീർത്തും സന്തോഷവതിയാണെന്ന് അവർ പറഞ്ഞു. പണ്ട് വിവാഹം കഴിക്കുന്നതും പങ്കാളിയുമൊത്തുള്ള ജീവിതവും തനിക്ക് ഇഷ്ടമായിരുന്നു. ചിലപ്പോൾ തൻറെ കുഞ്ഞുങ്ങളെ തനിക്ക് നഷ്ടമായതായുള്ള ചിന്തകൾ മനസ്സിൽ ഉയർന്നു വരും . എന്നാൽ ദൈവവിളിയുടെയും വിശ്വാസത്തിന്റെയും ഉൾക്കരുത്തിൽ ഇത്തരം ചിന്തകളെ മറികടക്കാൻ സാധിച്ചതായി ഇവർ പറഞ്ഞു.
Leave a Reply