അഞ്ജു റ്റി , മലയാളം യുകെ ന്യൂസ് ടീം
ആഗോളതാപനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ നേരിടാൻ രാജ്യം ഇതുവരെ മുൻകരുതൽ എടുത്തിട്ടില്ല എന്ന് സർക്കാരിനെതിരെ വാൻ വിമർശനം. സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്നത്, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, വൈദ്യുതി മുടക്കം, ഭക്ഷ്യക്ഷാമം, വരൾച്ച, ചൂട്, എന്നിവ ആഗോള താപനില ഉയരുന്നതിനനുസരിച്ച് കാലാവസ്ഥയെ തകിടം മറിക്കും എന്നാണ് വിലയിരുത്തൽ. ഇത്തരം സന്ദർഭങ്ങൾ നേരിടുന്നതിനായി യാതൊരുവിധത്തിലുള്ള ആസൂത്രണവും സർക്കാരിൻെറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തികൊണ്ടുള്ള മുന്നറിയിപ്പാണ് 1,500 പേജുള്ള റിപ്പോർട്ടിലൂടെ കാലാവസ്ഥാ വ്യതിയാന സമിതി തയ്യാറാക്കിയിരിക്കുന്നത്.
450 ശാസ്ത്രജ്ഞരും വിദഗ്ധരും ചേർന്ന് തയാറാക്കിയ റിപ്പോർട്ട് അനുസരിച്ച് ആഗോളതാപനില കൂടുന്നതു മൂലം 2050 ഓടുകൂടി നെറ്റ് എമിഷൻ സീറോ എന്ന ലക്ഷ്യത്തിൽ എത്താൻ രാജ്യത്തിന് കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പത്തൊൻപതാം നൂറ്റാണ്ടിന് ശേഷം ബ്രിട്ടനിലെ ശരാശരി താപനില 1.2 സെൽഷ്യസ് വർദ്ധിച്ചിട്ടുണ്ട്. ഇത് 0.5 സെൽഷ്യസ് കൂടി വർധിക്കുമെന്നാണ് വിലയിരുത്തൽ.
ആഗോളതാപനിലയിലുള്ള വൻ വർദ്ധനവ് തടയാനായി നവംബറിൽ യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനം COP26നു ബ്രിട്ടൺ ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് 2050 ഓടുക്കൂടി വേനൽക്കാലത്ത് 10 ശതമാനം കൂടുതൽ വരണ്ടതും, ശീതകാലം 5 ശതമാനം കൂടുതൽ തണുപ്പുള്ളതും, കനത്ത മഴയിൽ 10 ശതമാനം വർദ്ധനവും ഉണ്ടായിരിക്കും. സമുദ്രനിരപ്പ് 1981-2000 നേക്കാൾ 10-30 സെന്റിമീറ്ററും ഉയരുമെന്നുള്ള അപായ സാധ്യതയും റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു.
Leave a Reply