ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ മലയാളി വിദ്യാർഥിയെ സെക്യൂരിറ്റി ജീവനക്കാരൻ ശാരീരികമായി നേരിട്ടു. യൂണിവേഴ്സിറ്റിയിലെ നവാഗതകർക്കായി സംഘടിപ്പിച്ച ഫ്രഷേഴ്സ് ഡേയിലാണ് സംഭവം. മദ്യപിച്ചെത്തിയ മലയാളി വിദ്യാർഥി മറ്റ് വിദ്യാർത്ഥികളോടും സെക്യൂരിറ്റി ജീവനക്കാരോടും മോശമായി പെരുമാറിയതാണ് യുകെയിലെ മലയാളികൾക്ക് ആകെ നാണക്കേടായ സംഭവങ്ങൾക്ക് തുടക്കമിട്ടതെന്ന് ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മലയാളി വിദ്യാർഥി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

പ്രശ്നക്കാരനായ മലയാളി വിദ്യാർത്ഥിയെ സെക്യൂരിറ്റി ജീവനക്കാരൻ മുഖത്തടിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. ഒറ്റയടിക്ക് ബോധം മറഞ്ഞ വിദ്യാർത്ഥി താഴെ വീഴുന്ന ദൃശ്യങ്ങളാണ് ഉള്ളത്. യുകെ പോലുള്ള മനുഷ്യവകാശങ്ങളെ സംരക്ഷിക്കുന്ന ഒരു രാജ്യത്ത് സെക്യൂരിറ്റി ജീവനക്കാരൻ വിദ്യാർത്ഥിയെ ശാരീരികമായി കൈകാര്യം ചെയ്തതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നുവന്നിട്ടുള്ളത്. പ്രശ്നക്കാരനായ വിദ്യാർത്ഥിയെ നിയമം അനുശാസിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യുന്നതായിരുന്നു ഉത്തമമെന്നാണ് പല വിദ്യാർത്ഥി വിദ്യാർത്ഥിനികളും അഭിപ്രായപ്പെട്ടത്.

ബിരുദ പഠനത്തിനും ബിരുദാനന്തര പഠനത്തിനും മറ്റ് കോഴ്സുകൾ പഠിക്കുവാനുമായി ദിനംപ്രതി ഒട്ടേറെ കുട്ടികളാണ് കേരളത്തിൽ നിന്ന് യുകെയിൽ എത്തിക്കൊണ്ടിരിക്കുന്നത്. പഠനത്തിനോടൊപ്പം ജോലി ചെയ്യാമെന്നതും അതുകഴിഞ്ഞ് എങ്ങനെയെങ്കിലും ഈ രാജ്യത്ത് പിടിച്ചുനിന്ന് ജീവിതം കരുപിടിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് യുകെയിലേയ്ക്കുള്ള മലയാളി വിദ്യാർഥികളുടെ കുടിയേറ്റം. എന്നാൽ വീട്ടുകാരുടെയും നാട്ടുകാരുടെയും കൺവെട്ടത്ത് നിന്ന് മാറി യുകെയിലെത്തുന്ന വിദ്യാർത്ഥികളിൽ ചെറിയൊരു ശതമാനം പ്രശ്നക്കാരായി മാറുന്നതിന്റെ വാർത്തകൾ മലയാളി സമൂഹത്തെ കുറച്ചൊന്നുമല്ല നാണക്കേടിലാക്കുന്നത്. ഏതെങ്കിലും ഒരു മലയാളി വിദ്യാർഥി ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് മൊത്തം വിദ്യാർഥികൾക്കും പഴി കേൾക്കുന്ന സംഭവങ്ങളും കുറവല്ല. യുകെ പോലുള്ള ഒരു രാജ്യത്ത് അനുവദിക്കപ്പെട്ടിരിക്കുന്ന വ്യക്തിസ്വാതന്ത്ര്യം നിയമലംഘനത്തിലേയ്ക്ക് വഴിമാറുകയാണെങ്കിൽ ലക്ഷക്കണക്കിന് രൂപ വിനിയോഗിച്ച് പഠനത്തിനായി യുകെയിലെത്തിയവരെ നാട്ടിലേക്ക് തിരിച്ചയക്കമെന്നുള്ള വസ്തുത  മറന്നാണ് പല വിദ്യാർത്ഥികളും പെരുമാറുന്നത്. ബാങ്കുകളിൽ നിന്നും മറ്റും വൻ കടബാധ്യതയുമായാണ് ഒട്ടുമിക്ക മലയാളി വിദ്യാർഥികളും യുകെയിലെത്തിയിരിക്കുന്നത്.