രാഷ്ട്രീയകാര്യ ലേഖകൻ , മലയാളം യുകെ
രാഷ്ട്രീയം മലയാളികളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. അതുകൊണ്ടായിരിക്കാം ചെറിയ ഒരു പ്രാദേശിക ഭാഷയായ മലയാളത്തിൽ ഇത്രമാത്രം ന്യൂസ് ചാനലുകൾ ഉള്ളത് . മലയാളത്തിലെ പത്ര ദൃശ്യമാധ്യമങ്ങളിൽ എല്ലാം തന്നെ രാഷ്ട്രീയ സംഭവങ്ങളെ വിശകലനം ചെയ്യുന്ന പംക്തികളും പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട് . മലയാളത്തിലെ എല്ലാ ന്യൂസ് ചാനലുകളും അന്തി ചർച്ചകൾക്കായി സമയം മാറ്റിവയ്ക്കുന്നു. കേരളത്തിൽ നിന്ന് 5 മണിക്കൂർ താമസിച്ചാണ് യുകെയിൽ പ്രഭാതം വിടരുന്നത്. അച്ചടിച്ച മാധ്യമങ്ങളെ പിന്നിലേക്ക് ആക്കി വാർത്തകൾ വിരൽത്തുമ്പിൽ ലഭ്യമാകുന്നതോടെ ഈ കാലത്ത് ഓരോ യുകെ മലയാളിയും മൊബൈലിൽ തിരഞ്ഞെടുപ്പ് വാർത്തകൾക്കായാണ് കണ്ണോടിക്കുന്നത്. പരസ്പരം കാണുമ്പോഴും നാട്ടിലെ സ്ഥാനാർത്ഥിയുടെ വിജയസാധ്യതയാണ് സംഭാഷണങ്ങളിൽ ഇടം പിടിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകളുടെ അതിപ്രസരമാണ്. ഏതെങ്കിലും മുന്നണിയുമായി അനുഭവമുള്ളവർ തങ്ങൾക്ക് അനുകൂലമായ വാർത്തകളും പോസ്റ്റുകളും ട്രോളുകളും ഷെയർ ചെയ്യുന്നു. കേരളത്തിൽനിന്ന് യുകെയിലേയ്ക്ക് മലയാളികളുടെ കുടിയേറ്റം വലിയതോതിൽ ആരംഭിച്ചിട്ട് 20 വർഷത്തിൽ കൂടുതലാകുന്നു. അതുകൊണ്ട് തന്നെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുന്നതിൽ യുകെയുടെ രാഷ്ട്രീയ പാർട്ടികളുടെ പെരുമാറ്റ സംഹിതകളുമായി താരതമ്യം കൂടി വരുത്തുന്നതിൽ അത്ഭുതപ്പെടാനില്ല . കാടും നാടും ഇളക്കി മതിലെല്ലാം പോസ്റ്ററുകൾ ഒട്ടിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം യുകെയിൽ ഇല്ലല്ലോ എന്നാണ് യോർക്ക് ഷെയറിൽ നിന്നുള്ള ഒരു മലയാളി തിരഞ്ഞെടുപ്പിനെ കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ മലയാളം യുകെ ന്യൂസിനോട് പറഞ്ഞത്.
ജോലിയും ഒഴിവുസമയവും തമ്മിൽ വേർതിരിവില്ലാത്ത രീതിയാണ് കേരളത്തിൽ പലപ്പോഴും. ജോലിക്കിടയ്ക്ക് സംഘടനാ പ്രവർത്തനം നടത്തുന്ന സർക്കാർ ജീവനക്കാർ ഒട്ടനവധിയാണ് കേരളത്തിൽ . എന്നാൽ യുകെയിലെ സാഹചര്യം വ്യത്യസ്തമാണ്. ജോലി സമയത്ത് സ്വകാര്യ ആവശ്യത്തിനായി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ തങ്ങൾക്ക് അനുഭാവമുള്ള മുന്നണികളുടെ പോസ്റ്റുകൾ ജോലി സമയത്ത് ഷെയർ ചെയ്യാൻ സാധിക്കില്ലെന്നാണ് ബിർമിംഗ്ഹാമിൽ നിന്നുള്ള ഒരു മലയാളി പരാതിപ്പെട്ടത്. ഇവർക്കെല്ലാം വ്യക്തമായ രാഷ്ട്രീയ ചായ് വുകൾ ഉള്ളവരാണ്. കേരളത്തിൽ വച്ച് പല മുന്നണികളുടെയും ഭാഗമായി പ്രവർത്തിച്ചവരാണ് ഇവരെല്ലാം തന്നെ . എന്നാൽ കുറച്ചുകൂടി വിശാലമായ ലോകം കണ്ടപ്പോൾ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതികളിലും പ്രചാരണങ്ങളിലും കുറച്ചുകൂടി മാറ്റം വേണമെന്നാണ് ഒരു ശരാശരി യുകെ മലയാളിയുടെ മനസ്സിൽ ഉള്ളത്.
ചുവരെഴുത്ത്
കോൺഗ്രസ് നയിക്കുന്ന വലതു മുന്നണിയും സിപിഎമ്മിൻ്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയും ബിജെപിയുടെ എൻഡിഎയും ആണ് കേരളത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന മുന്നണികൾ . എന്നാൽ അനുഭവമുള്ളപ്പോൾ തന്നെ ഏതെങ്കിലും മുന്നണിയെ അന്ധമായി അനുകൂലിക്കുവാൻ യുകെ മലയാളികളിൽ ഭൂരിപക്ഷവും തയ്യാറാകുന്നില്ലെണെന്ന് പലരുടെയും പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ദേശീയ തലങ്ങളിൽ ഒരു മുന്നണിയുടെ ഭാഗമാകുമ്പോഴും കേരളത്തിൽ പരസ്പരം പട വെട്ടുന്ന ഇടതുപക്ഷത്തിന്റെയും വലതുവശത്തിന്റെയും നിലപാടിനോടും സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഞെട്ടിക്കുന്ന ബിജെപി നിലപാടിനോടും ഒരു രാഷ്ട്രീയ ചെകിടിപ്പാണ് പലരും പ്രകടിപ്പിച്ചത്. കേജ്‌രിവാളിന്റെ അറസ്റ്റും തുടർന്നുള്ള സംഭവങ്ങളും ബിജെപി നേതൃത്വം നൽകുന്ന എൻ ഡി എ സഖ്യത്തിലെത്തി മാസങ്ങൾക്ക് ശേഷം പ്രഥുൽ പട്ടേലിനെതിരായ അഴിമതി കേസ് സിബിഐ അവസാനിപ്പിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പലരും ചൂണ്ടിക്കാട്ടുന്നു. കേരള രാഷ്ട്രീയത്തിനപ്പുറം ദേശീയ രാഷ്ട്രീയത്തിലെ തങ്ങളുടെ ഇഷ്ടക്കേടുകളെ കുറിച്ചാണ് കൂടുതൽ ആളുകളും പ്രതികരിച്ചത്. അതുകൊണ്ടാവാം ഇന്ന് പല യുകെ മലയാളികളും സമൂഹമാധ്യമങ്ങളിൽ പങ്കിടുന്ന ചിത്രം ഡൽഹി രാംലീല മൈതാനത്തെ ഇന്ത്യാ സഖ്യ റാലിയിൽ പ്രതിപക്ഷ നേതാക്കൾ കൈകോർത്ത് നിൽക്കുന്ന ചിത്രമായിരുന്നു.
Leave a Reply