ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ക്രിസ്‌മസിന് മുന്നോടിയായി രാജ്യത്ത് പണിമുടക്കുകൾ വർധിച്ചുവരികയാണ്. റോയൽ മെയിൽ ജീവനക്കാരും ഡ്രൈവിംഗ് എക്സാമിനർമാരും റെയിൽവേ തൊഴിലാളികളും പണിമുടക്കുകയാണ്. ഇന്നലെ റെയിൽ ജീവനക്കാരുടെ പണിമുടക്ക് കാരണം അഞ്ചിലൊന്ന് സർവീസ് മാത്രമാണ് നടത്തിയത്. സ്കോട്ട്ലൻഡിലെയും വെയിൽസിലെയും ഭൂരിഭാഗം റയിൽവെ ലൈനുകളും ഇന്നും അടച്ചിടും. അതേസമയം, നേഴ്‌സുമാർ നടത്തുന്ന ആദ്യ രാജ്യവ്യാപക പണിമുടക്കും ഈയാഴ്ച ആരംഭിക്കുമെന്ന് സൂചനയുണ്ട്.
റെയിൽവേ തൊഴിലാളികൾ, ബസുകൾ, ബാഗേജ് കൈകാര്യം ചെയ്യുന്നവർ, ഹൈവേ തൊഴിലാളികൾ, ഡ്രൈവിംഗ് എക്സാമിനർമാർ എന്നിവർ വെള്ളിയാഴ്ച പണിമുടക്കിലേക്ക് കടക്കും. സമരങ്ങൾ എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാരിന്റെ അടിയന്തര കോബ്ര കമ്മിറ്റി വീണ്ടും ചേരും. റോയൽ മെയിലിന്റെ ഏറ്റവും തിരക്കേറിയ സമയത്താണ് കമ്മ്യൂണിക്കേഷൻ വർക്കേഴ്‌സ് യൂണിയന്റെ (CWU) 115,000 അംഗങ്ങളുടെ സമരം എന്നത് ആശങ്കയുളവാക്കുന്നു.
റോയൽ മെയിലിലെ സമരത്തിന്റെ ഫലമായി, അടുത്ത ദിവസത്തെ ഡെലിവറി സേവനത്തിന് കുറച്ച് സ്ഥലങ്ങളിൽ ചെറിയ കാലതാമസം നേരിടുമെന്ന് ഡിപിഡി ഗ്രൂപ്പ് പറഞ്ഞു. ഈ ആഴ്ച പണിമുടക്കുകൾ നടത്തുന്നതിനൊപ്പം, ഡിസംബർ 23 നും ക്രിസ്മസ് രാവിലും റോയൽ മെയിൽ തൊഴിലാളികൾ സമരത്തിലേക്ക് കടക്കും. വേനൽക്കാലം മുതൽ തർക്കം തുടരുകയാണ്. റെയിൽവേ, എൻഎച്ച്എസ്, അധ്യാപകർ, അതിർത്തി ജീവനക്കാർ, ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ എന്നിവരെല്ലാം ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് രംഗത്ത് എത്തിയിരിക്കുന്നത്.
Leave a Reply