കോട്ടയം: എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ നടന്ന എടിഎം കവർച്ചാ കേസിൽ പിടികൂടിയ പ്രതികളെ കേരളത്തിൽ എത്തിച്ചു. മൂന്നുപേരെയാണു പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മോഷണത്തിനുശേഷം ഹരിയാന ഷിക്കപ്പുർ മേവാത്തിലേക്കു കടന്ന സംഘത്തിലെ മുഖ്യപ്രതികളായ രാജസ്ഥാൻ സ്വദേശി പപ്പി മിയോ, ഹനീഫ്, നസീം ഖാൻ എന്നിവരാണു പിടിയിലായത്. ഇവരിൽ ഫനീഫ്, നസീം ഖാൻ എന്നിവരെയാണ് കോട്ടയത്ത് ചങ്ങനാശേരിയിൽ എത്തിച്ചിരിക്കുന്നത്. ഇവിടെനിന്നും ഇവരെ ഏറ്റുമാനൂരിലെ പോലീസിന്റെ ഹൈടെക് സെല്ലിൽ എത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം.
അതേസമയം ഡൽഹിയിലെ ബൈക്ക് മോഷണക്കേസിൽ തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുന്ന പപ്പി മിയോയെ പോലീസ് കസ്റ്റഡിയിൽ ലഭിച്ചിട്ടില്ല. ഇയാൾക്കായി കോടതിയിൽ പോലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ ലഭിക്കുന്ന മുറയ്ക്ക് ഇയാളെയും കേരളത്തിൽ എത്തിക്കും. ഷിക്കപ്പുർ പോലീസിന്റെ സഹായത്തോടെ കവർച്ചാ സംഘങ്ങളുടെ ഗ്രാമമായ മേവാത്തിൽനിന്നുമാണ് ഹനീഫിനെയും നസീമിനെയും സംഘം പിടികൂടിയത്.
ട്രക്ക് ഡ്രൈവറാണ് നസീം ഖാൻ. കേസിൽ രണ്ടുപേർകൂടി ഇനി പിടിയിലാകാനുണ്ട്. ഇവരെയും ഉടൻ പിടികൂടാനാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഒക്ടോബർ 12നു പുലർച്ചെ ഇരുന്പനത്തെ എടിഎമ്മിൽനിന്ന് 25 ലക്ഷം രൂപയും കൊരട്ടിയിലെ എടിഎമ്മിൽനിന്നു 10.60 ലക്ഷം രൂപയുമാണ് ഇവർ കവർന്നത്. കോട്ടയം ജില്ലയിൽ വെന്പള്ളിയിലും മോനിപ്പള്ളിയിലും എടിഎം കവർച്ചാശ്രമവും സംഘം നടത്തിയിരുന്നു.
Leave a Reply