ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ കുടിയേറ്റ സംവിധാനത്തിൽ ചരിത്രപരമായ മാറ്റം നിലവിൽ വന്നു. വിദേശികൾക്ക് രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും ഉള്ള അനുമതി തെളിയിക്കാൻ ഇനി ഫിസിക്കൽ രേഖകൾ ഉപയോഗിക്കാനാവില്ല. പകരം, കുടിയേറ്റ പദവി പൂർണമായും ഡിജിറ്റൽ ഇ-വിസ സംവിധാനത്തിലേക്ക് മാറ്റിയതായി ഹോം ഓഫിസ് അറിയിച്ചു. ഇതോടെ വർഷങ്ങളായി ഉപയോഗത്തിലുണ്ടായിരുന്ന ബി.ആർ.പി കാർഡുകളും പാസ്‌പോർട്ടിലെ വിസ സ്റ്റാംപുകളും ഔദ്യോഗികമായി ഒഴിവാക്കപ്പെടുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ സംവിധാനത്തിന്റെ ഭാഗമായി, 2024 അവസാനം കാലാവധി തീർന്ന ബയോമെട്രിക് റെസിഡൻസ് പെർമിറ്റുകൾ ഇനി പുതുക്കില്ല. 2026 മുതൽ യുകെയിലേക്ക് എത്തുന്ന പുതിയ വിസ ഉടമകൾക്കും നിലവിൽ രാജ്യത്ത് കഴിയുന്നവർക്കും ഇ-വിസ മാത്രമേ നിയമപരമായ രേഖയായി അംഗീകരിക്കൂ. ബി.ആർ.പി, ബി.ആർ.സി കാർഡുകൾ കൈവശമുള്ളവരും സ്ഥിരതാമസ അനുമതിയുള്ളവരും ഉൾപ്പെടെ എല്ലാവരും UKVI അക്കൗണ്ട് തുറന്ന് ഡിജിറ്റൽ വിസ സംവിധാനത്തിലേക്ക് മാറേണ്ടതാണ്.

ഡിജിറ്റൽ സംവിധാനത്തിലൂടെ യാത്രാ പരിശോധനകളും വിസ സ്ഥിരീകരണവും കൂടുതൽ വേഗത്തിലാകുമെന്നാണ് അധികൃതരുടെ വിശദീകരണം. വിമാനത്താവളങ്ങളിൽ എയർലൈൻ കമ്പനികൾക്ക് യാത്രക്കാരുടെ അനുമതി ഓൺലൈനായി പരിശോധിക്കാനാകും. അതേസമയം, പാസ്‌പോർട്ട് മാറ്റുന്നവർ ഇ-വിസ ഉടൻ അപ്‌ഡേറ്റ് ചെയ്യാത്ത പക്ഷം യാത്ര തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന കാര്യവും ഉയർന്ന് വരുന്നുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പരിചയക്കുറവുള്ളവർക്കിടയിൽ ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ, യാത്രയ്‌ക്ക് മുമ്പ് അക്കൗണ്ട് വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.