ഫാ. ബിജു കുന്നയ്ക്കാട്ട് PRO
റാംസ്‌ഗേറ്റ്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരുടെയും സമ്മേളനം നാളെ മുതൽ റാംസ്‌ഗേറ്റിലുള്ള ഡിവൈൻ ധ്യാനകേന്ദ്രത്തിൽവച്ചു നടക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 12: 30 ന് ആരംഭിക്കുന്ന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവ്വഹിക്കും. രൂപതയുടെ വിവിധ ഇടവക, മിഷൻ, പ്രോപോസ്ഡ് മിഷൻ കേന്ദ്രങ്ങളിൽ ശുശ്രുഷചെയ്യുന്ന വൈദികർ മൂന്നു ദിവസത്തെ ഈ സമ്മേളനത്തിൽ സംബന്ധിക്കും.
അദിലാബാദ് രൂപതാ മെത്രാൻ മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ സമ്മേളനത്തിൽ ക്‌ളാസ്സുകൾ നയിക്കും. ബൈബിൾ വിജ്ഞാനീയത്തിൽ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹത്തിന്റെ ക്ലാസുകൾ സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് മുതൽക്കൂട്ടാകും. അദിലാബാദ് രൂപതയുടെ മെത്രാനായി സ്ഥാനമേറ്റതുമുതൽ രൂപതയ്ക്ക് നവമായ മിഷൻ ചൈതന്യം പകർന്നുകൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ കേരള മെത്രാൻ സിനഡിന് മുന്നോടിയായി മെത്രാന്മാരുടെ ധ്യാനം നയിച്ചതും മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടാനായിരുന്നു.
സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന വൈദികർ, വി. കുർബാനയർപ്പണത്തിനാവശ്യമായ തങ്ങളുടെ തിരുവസ്ത്രങ്ങൾ കൊണ്ടുവരണമെന്ന് രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട് അറിയിച്ചു. വൈദികസമ്മേളനം നടക്കുന്ന ഈ ദിവസങ്ങളിൽ ദൈവജനം മുഴുവനും രൂപതയിലെ എല്ലാ വൈദികർക്കുമായി പ്രാർത്ഥിക്കണമെന്നു രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അഭ്യർത്ഥിച്ചു. സമ്മേളനം ബുധനാഴ്ച സമാപിക്കും. സമ്മേളനം നടക്കുന്ന റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൻറെ പോസ്റ്റ് കോഡ്: CT11 9PA.
Leave a Reply