അമരാവതി: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. 20ലേറെപ്പേരെ രക്ഷപ്പെടുത്തിയെന്നും 25 ലേറെപ്പേരെ കാണാനില്ലെന്നുമാണ് വിവരം. കാണാതായവർക്കായി ദുരന്തനിവാരണസേന തെരച്ചിൽ തുടരുകയാണ്. 11 ജീവനക്കാരടക്കം 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കിഴക്കൻ ഗോദാവരി ജില്ലയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം.
ദേവപട്ടണത്തിനടുത്തുള്ള ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തിൽനിന്ന് വിനോദസഞ്ചാര കേന്ദ്രമായ പാപ്പികൊണ്ടാലുവിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ആന്ധ്രപ്രദേശ് ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷന്റേതാണ് അപകടത്തിൽപ്പെട്ട ബോട്ടെന്നാണ് വിവരം. കാണാതായവർക്കായി ഹെലികോപ്റ്ററിലും തെരച്ചിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആന്ധ്ര സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഒപ്പം മന്ത്രിമാരുടെ സംഘത്തോടും രക്ഷാപ്രവർത്തകരോടും എത്രയും വേഗം അപകടസ്ഥലത്ത് എത്താൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിർദേശിക്കുകയും ചെയ്തിരുന്നു.
Leave a Reply