ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ പ്രതിമ അനാച്ഛാദനം ചെയ്‌തതിന് തൊട്ടുപിന്നാലെ മുട്ടകൾ എറിഞ്ഞതിന് യൂണിവേഴ്‌സിറ്റി ആർട്‌സ് ഡയറക്ടർക്ക് 90 പൗണ്ട് പിഴ ചുമത്തി. ലീസെസ്റ്റർ സർവകലാശാലയിലെ ആറ്റൻബറോ ആർട്‌സ് സെന്ററിലെ ഡെപ്യൂട്ടി ഡയറക്ടറായ ജെറമി വെബ്‌സ്റ്റർനാണ് പിഴ ചുമത്തപ്പെട്ടത് . താച്ചറുടെ ജന്മനാടായ ഗ്രാന്തം ടൗണിലാണ് പ്രതിമ പുതിയതായി നിർമ്മിച്ചിരിക്കുന്നത്. ജെറെമി തന്നെ സോഷ്യൽ മീഡിയയിലൂടെ ആണ് താൻ ചെയ്ത ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിമ അനാവരണം ചെയ്തു ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ജെറെമി സ്ഥലത്തെത്തി നാലോളം മുട്ടകൾ എറിയാൻ ശ്രമിച്ചുവെങ്കിലും അതിൽ ഒരെണ്ണം മാത്രമാണ് പ്രതിമയിൽ പതിച്ചത്.
മൂന്നുലക്ഷം പൗണ്ടോളം മുടക്കിയാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പ്രതിമയ്ക്ക് നേരെ നടത്തിയ ആക്രമണം തികച്ചും തെറ്റാണെന്ന് ലോക്കൽ കൗൺസിലർമാരും എംപിമാരും പ്രതികരിച്ചു. സാധാരണ ഒരു നേതാവായിരുന്നില്ല താച്ചറെന്നും, എല്ലാ നൂറ്റാണ്ടിലും ജനങ്ങൾ ഓർമ്മച്ചിരിക്കുന്ന ഒരു നാമമാണ് താച്ചറുടെതെന്നും രാഷ്ട്രീയ നേതാക്കൾ പ്രതികരിച്ചു. 10 അടിയോളം ഉയരമുള്ള പ്രതിമയുടെ സംരക്ഷണത്തിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ ആയിരുന്നു ആദ്യം പ്രതിമ നിർമ്മിക്കുവാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് അത് താച്ചറുടെ ജന്മനാട്ടിലേക്ക് മാറ്റുവാൻ തീരുമാനിക്കുകയായിരുന്നു. പ്രതിമയ്ക്ക് ചുറ്റും മെറ്റൽ വേലി ഉണ്ടെങ്കിലും അതിന് പുറത്തുനിന്നാണ് ജെറെമി മുട്ടയെറിഞ്ഞത് .
Leave a Reply