കൊലപാതകക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചത് കൊല്ലപ്പെട്ടയാളുടെ ഭാര്യയെന്ന് മൊഴി. കേസിൽ ശിക്ഷിക്കപ്പെട്ടയാളും കൊല്ലപ്പെട്ടയാളുടെ ഭാര്യയും തമ്മിൽ രണ്ടു വർഷത്തിലധികമായി ബന്ധമുണ്ടായിരുന്നുവെന്ന് ദുബായിലെ കോടതി രേഖകൾ വ്യക്തമാക്കുന്നു. 2016 ഒക്ടോബറില്‍ നടന്ന സംഭവത്തിലാണ് നിര്‍ണായകവിധി പുറത്തുവന്നത്. സംഭവത്തിൽ ഉൾപ്പെട്ട മൂന്നുപേരും കോംറോസ് ദ്വീപിൽ നിന്നുള്ളവരാണ്. കേസിൽ ഉൾപ്പെട്ട 22 വയസ്സുള്ള യുവതിക്ക് 15 വർഷം ജയിൽശിക്ഷയും പ്രസീഡിങ് ജഡ്ജ് മുഹമ്മദ് ജമാൽ വിധിക്കുകയും ചെയ്തു. പൊലീസിന്റെ ആദ്യഘട്ട അന്വേഷണത്തിൽ തന്നെ മരിച്ച വ്യക്തിയുടെ ഭാര്യയും കാമുകനും കുടുങ്ങിയിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം നിഷേധിച്ചു. ഒടുവിൽ യുവതി പറഞ്ഞത് അനുസരിച്ചാണ് കൃത്യം നടത്തിയതെന്ന് പ്രതി മൊഴി നൽകുകയായിരുന്നു.
കേസിന്‍റെ വഴികള്‍ ഇങ്ങനെ: കൊല്ലപ്പെട്ടയാളും ഭാര്യയും തമ്മില്‍ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒടുവിൽ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി വലിയ പദ്ധതി തന്നെ ഇരുവരും തയാറാക്കി. കൊല്ലപ്പെട്ട വ്യക്തിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു കൃത്യം നടത്തിയ പ്രതി.
സംഭവദിവസം വീട്ടിൽ ഭർത്താവുമായി യുവതി മനഃപൂർവം പ്രശ്നം ഉണ്ടാക്കി. ഇത് പരിഹരിക്കാൻ കാമുകനും ഭർത്താവിന്റെ സുഹൃത്തുമായ വ്യക്തിയെ വിളിച്ചുവരുത്തി. രാത്രി മൂന്നു മണിയോടെ വീട്ടില്‍ എത്തിയ ഇയാൾ ഭർത്താവിനെയും കൂട്ടി പുറത്തേക്ക് പോവുകയായിരുന്നു. തുടർന്ന് വലിയ കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന് ഇരയായ വ്യക്തി മരിച്ചിട്ടില്ലെന്ന് മനസിലാക്കിയതോടെ തല കാറിന്റെ വിവിധ ഭാഗങ്ങളിൽ ഇടിപ്പിക്കുകയും ദേഹത്തുകൂടെ കാറുകയറ്റുകയും ചെയ്തു. കൂടുതൽ തെളിവ് ലഭിക്കാതിരിക്കാൻ ഒഴിഞ്ഞ പ്രദേശത്ത് പോയി കാർ പെട്രോൾ ഒഴിച്ചു കത്തിച്ചു. ഇന്ത്യക്കാരനായ ഒരു സെക്യൂരിറ്റി ജീവനക്കാരൻ ആണ് മൃതദേഹം കണ്ടെത്തിയത്. പ്രതി ഇക്കാര്യങ്ങളെല്ലാം കോടതിയിൽ സമ്മതിച്ചു. ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്.
Leave a Reply