സ്വന്തം ലേഖകൻ 
കൊച്ചി : ഇന്ന് രാവിലെ 11 മണിക്ക് എറണാകുളം ടൗൺ ഹാളിൽ വെച്ച് നടത്തപ്പെട്ട ആം ആദ്മി പാർട്ടി സംസ്ഥാന  കൗൺസിൽ പ്രതിനിധി സമ്മേളനത്തിൽ വൻ ജനപങ്കാളിത്തം. അതിരാവിലെ തന്നെ ഒഴുകിയെത്തിയ ആം ആദ്മികളെകൊണ്ട് പത്തുമണിയോടെ തന്നെ എറണാകുളം ടൗൺഹാൾ നിറഞ്ഞു കവിഞ്ഞിരുന്നു. വെറും നാനൂറിൽ താഴെ അംഗങ്ങളെ പ്രതീക്ഷിച്ച എറണാകുളം സമ്മേളനത്തിലേയ്ക്ക് കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുമായി എത്തിയത് എണ്ണൂറിൽ കൂടുതൽ ആം ആദ്മി പ്രതിനിധികളാണ്. പലർക്കും ഇരിക്കാൻ കസേര കിട്ടാഞ്ഞതുകൊണ്ട് പലരും നിന്നുകൊണ്ടായിരുന്നു മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുത്തത്. സംസ്ഥാന നേത്ര്യത്വത്തെ ഞെട്ടിക്കുന്ന തരത്തിലുള്ള ജനപങ്കാളിത്തമായിരുന്നു വർഷങ്ങൾക്ക് ശേഷം നടന്ന ഈ കേരള സംസ്ഥാന കൗൺസിൽ ആം ആദ്മി പാർട്ടി പ്രതിനിധി സമ്മേളനത്തിൽ ഉണ്ടായിരുന്നത്.
സാധാരണ ആം ആദ്മി പ്രവർത്തകർക്ക് ഈ സമ്മേളനത്തിലേയ്ക്ക് പ്രവേശനം ഇല്ലാതിരുന്നതിനാൽ വാർഡ് തലം മുതൽ സംസ്ഥാന തലം വരെയുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ആയിരുന്നു ഇന്നത്തെ സമ്മേളനത്തിൽ പങ്കെടുത്തത്. ഡെൽഹിയിൽ  നിന്നുള്ള നാഷണൽ ഒബ്സെർവർമാരായ ശ്രീ.എൻ രാജയും , ശ്രീ. അജയ് രാജു, സംസ്ഥാന കൺവീനർ ശ്രീ. പി സി സിറിയക്കും, സെക്രട്രറി പദ്മനാഭൻ ഭാസ്കരനും , ട്രെഷറർ മുസ്തഫ പി കെയും സമ്മേളനത്തിൽ പങ്കെടുത്തു.

നേതാക്കളുടെ പ്രസംഗങ്ങളെ നിറഞ്ഞ കൈയ്യടികളോടെയാണ് പ്രതിനിധി സമ്മേളനത്തിൽ എത്തിയ ആം ആദ്മി പ്രതിനിധികൾ സ്വീകരിച്ചത്. കേന്ദ്ര നേതൃത്വം തൃക്കാക്കരയിൽ മത്സരിക്കാൻ തീരുമാനമെടുക്കുയാണെങ്കിൽ , ഉടൻ തന്നെ പ്രഗത്ഭനായ ഒരു സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന അറിയിപ്പ് വളരെയധികം ആവേശത്തോടെയാണ് ടൗൺ ഹാളിൽ എത്തിയ ആം ആദ്മി പ്രതിനിധികൾ സ്വീകരിച്ചത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ ഡൽഹി – പഞ്ചാബ് മോഡലിലുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് ആം ആദ്മി പാർട്ടി തൃക്കാക്കരയിൽ ഒരുക്കാൻ പോകുന്നത്.

ഡെൽഹി മോഡൽ വികസനത്തിൽ, അഴിമതിയും ധൂർത്തും പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട്  തൃക്കാക്കരയിലെ എല്ലാ വോട്ടർമാരെയും സ്വാധീനിക്കാൻ കഴിയുന്ന പദ്ധതികളായിരിക്കും ആം ആദ്മി പാർട്ടി ഒരുക്കുന്നത്. അതോടൊപ്പം കെജ്‌രിവാളിന്റെ ആദ്യ കേരള സന്ദർശനം ഒരു വൻ വിജയമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഓരോ ആദ്മി പാർട്ടി പ്രവർത്തകരും . അതിനായി പ്രത്യേക കമ്മിറ്റികളെ തയ്യാറാക്കി കഴിഞ്ഞു. മെയ് 15 ന് കെജ്രരിവാൾ പങ്കെടുക്കുന്ന സമ്മേളന നഗരിയിലേയ്ക്ക് ഒരു ലക്ഷം ആം ആദ്മി പാർട്ടി പ്രവർത്തകരെ എത്തിക്കുവാനുള്ള പദ്ധതിയാണ് പാർട്ടി തയ്യാറാക്കുന്നത്.

20/20 യും , ആം ആദ്മി പാർട്ടിയും തമ്മിൽ ഉണ്ടാക്കിയ ഈ  മികച്ച കൂട്ടുകെട്ട് കേരള സമൂഹത്തിലും വിദേശ മലയാളികൾക്കിടയിലും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തത്തോടെ ഇന്ന് നടന്ന സംസ്ഥാന പ്രതിനിധി സമ്മേളന വിജയം കേരള സംസ്ഥാന നേതാക്കൾക്കും വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത് . ഈ പ്രതിനിധികളെ ഉൾപ്പെടുത്തി 20/ 20 യുമായി വ്യക്തമായ പദ്ധതികളോടെ ഈ ഒരു മാസം പ്രവർത്തിച്ചാൽ പഞ്ചാബ് മോഡൽ വിജയം തൃക്കാക്കരയിലും ആം ആദ്മി പാർട്ടിക്ക്  ഉണ്ടാക്കാം എന്നാണ് പാർട്ടി  പ്രതീക്ഷിക്കുന്നത്.