സ്വന്തം ലേഖകൻ
കൊച്ചി : ഇന്ത്യൻ ജനതയുടെ പ്രതീക്ഷയായി വളരുന്ന ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്രരിവാൾ കേരളക്കരയിലേയ്ക്ക് എത്തുന്നു എന്ന വാർത്ത മലയാളിയായ ഓരോ ആം ആദ്മി പ്രവർത്തകനേയും വളരെയധികം ആവേശം കൊള്ളിച്ചിരിക്കുകയാണ്. ചരിത്രത്തിൽ ഒരിക്കലും ഇല്ലാത്ത രീതിയിൽ കേരളത്തിൽ ആം ആദ്മി തരംഗം അതിവേഗത്തിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ് . മലയാള മാധ്യമങ്ങളുടെ സഹായമില്ലാതെ തന്നെ മലയാളികളിൽ പത്തിൽ മൂന്ന് പേർ ആം ആദ്മി പാർട്ടിയെ ഇതിനോടകം ഇഷ്ടപ്പെട്ടിരിക്കുന്നു എന്ന സർവേ ഫലങ്ങൾ പുറത്ത് വരുമ്പോൾ , കേരളവും ആം ആദ്മി രാഷ്ട്രീയത്തെ നെഞ്ചിലേറ്റിയിരിക്കുന്നു എന്ന് നിസംശയം പറയാൻ കഴിയും.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പട്ടണങ്ങൾക്കൊപ്പം , കേരളത്തിലെ എല്ലാ ജില്ലകളിലേയും കുഗ്രാമങ്ങളിൽ വരെ ഇപ്പോൾ ആം ആദ്മി കമ്മിറ്റികൾ നിലവിൽ വന്നു കൊണ്ടിരിക്കുകയാണ് . കഴിഞ്ഞ 10 വർഷമായി ഓരോ മലയാളി ആം ആദ്മിയും കണ്ടിരുന്ന വലിയൊരു സ്വപ്നമാണ് മെയ് 15 ന് കിഴക്കംബലത്തെ മൈതാനത്ത് യാഥാർഥ്യമാകാൻ പോകുന്നത്. പതിനായിരങ്ങളെ അണിനിരത്തികൊണ്ട് സമ്മേളനത്തെ വൻ വിജയമാക്കുവാനുള്ള കഠിന ശ്രമത്തിലാണ് കേരളത്തിലെ ഓരോ ആം ആദ്മി പ്രവർത്തകനും.
ആം ആദ്മി പാർട്ടിയുടെ ദേശീയ നേതാക്കളായ ശ്രീ : എൻ രാജയുടെയും , ശ്രീ : അജയ് രാജിന്റയും , സംസ്ഥാന കൺവീനർ ശ്രീ: പി സി സിറിയക്കിന്റെയും , സെക്രട്രറി പദ്മനാഭൻ ഭാസ്ക്കറിന്റെയും , ട്രെഷറർ മുസ്തഫ പി കെയുടെയും നേത്ര്യത്വത്തിൽ, കേരളത്തിലെ ഓരോ ജില്ലകളിൽ നിന്നും വരുന്ന പ്രവർത്തകർക്ക്, ഇന്ത്യയിലും വിദേശത്തുമുള്ള മലയാളികളായ ആം ആദ്മി പാർട്ടി പ്രവർത്തകരുടെ സഹായത്താൽ സൗജന്യ യാത്രാസൗകര്യം ഉൾപ്പെടെ മറ്റ് എല്ലാ സംവിധാനങ്ങളും ഒരുക്കുവാനുള്ള പദ്ധതികളാണ് ആവിഷ്ക്കരിക്കുന്നത്.
ആം ആദ്മി പാർട്ടിയുടെ സംസ്ഥാന സോഷ്യൽ മീഡിയ കോർഡിനേറ്റർ ശ്രീ : സുനിൽ ജോർജ്ജിന്റെയും ടീമിന്റെയും നേതൃത്വത്തിൽ വലിയ രീതിയിലുള്ള പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. കെജ്രിവാളിന്റെ കേരള സന്ദർശനത്തെ ഭൂരിപക്ഷം മലയാളികളും വളരെയധികം താല്പര്യത്തോടെയും , പ്രതീക്ഷയോടെയും കാണുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന സ്വീകാര്യതയിൽ നിന്ന് മനസ്സിലാകുന്നത്.
കഴിഞ്ഞ ഒരാഴ്ച കൊണ്ട് തന്നെ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി നൂറ് കണക്കിന് ആം ആദ്മികളാണ് മെയ് 15 ന് കെജ്രിവാൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുവാനായി മുന്നോട്ട് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം എറണാകുളം ടൗൺഹാളിൽ ആം ആദ്മി പാർട്ടിയുടെ കേരള നേതൃത്വം സംഘടിപ്പിച്ച സംസ്ഥാന പ്രതിനിധി സമ്മേളനത്തിലേക്ക് പ്രതീക്ഷിച്ചതിനെക്കാൾ ഇരട്ടി ആം ആദ്മികൾ ഒഴുകിയെത്തിയത് നേത്ര്യത്വത്തിലും , പ്രവർത്തകരിലും വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
അതുകൊണ്ട് തന്നെ ഇന്ത്യൻ ജനതയുടെ മുഴുവൻ പ്രത്യാശയായി വളരുന്ന അരവിന്ദ് കെജ്രിവാൾ എന്ന മനുഷ്യസ്നേഹിയെ ഒരു നോക്ക് കാണുവാൻ ആയിരക്കണക്കിന് മലയാളികൾ കിഴക്കംബലത്തേയ്ക്ക് ഒഴുകിയെത്താനുള്ള സാധ്യതയാണ് ഇപ്പോൾ കേരളത്തിൽ കാണുന്നത്. മെയ് 15ലെ കിഴക്കംബലം മൈതാനം കേരള രാഷ്ട്രീയത്തിലെ പുതിയൊരു രാഷ്ട്രീയ സമവാക്യത്തിന് തന്നെ തുടക്കം കുറിക്കുമെന്നാണ് രാഷ്ട്രീയ കേരളം വിലയിരുത്തുന്നത്.
Leave a Reply