മാസാന്ത്യാവലോകനം: ജോജി തോമസ്

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ ലഫ്.ഗവര്‍ണറുടെ ഓഫീസില്‍ നടത്തിയ ഉപവാസ സമരം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനവും, നിലനില്‍പ്പും സംബന്ധിച്ച ഒരുപിടി ചോദ്യങ്ങൾ  അവശേഷിപ്പിച്ചാണ് അവസാനിച്ചത്. ഐ.എ.എസ് ഓഫീസര്‍മാരുള്‍പ്പെടുന്ന ബ്യൂറോക്രാറ്റ് സംവിധാനത്തിന്റെ സഹായത്തോടെ കേന്ദ്ര ഗവണ്‍മെന്റ് അടിച്ചേല്‍പ്പിച്ച അപ്രഖ്യാപിത പ്രസിഡന്റ് ഭരണത്തിനെതിരായി കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ലഫ്. ഗവണറുടെ ഓഫീസില്‍ നടന്ന സമരം രാജ്യത്തിന്റെ മൊത്തം ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണമായി. സാഹസികമായ രാഷ്ട്രിയ പ്രവര്‍ത്തനം നടത്താന്‍ ഇഷ്ട്‌പ്പെടുന്ന കെജ്‌രിവാളിന്റെ ഈ അപ്രതീക്ഷിത നീക്കം കേന്ദ്ര ഗവണ്‍മെന്റിനെയും കേന്ദ്ര ഗവണ്‍മെന്റിന്റെ ആജ്ഞാനുവര്‍ത്തികളെയും സമ്മര്‍ദ്ദത്തിലാക്കിയതിന്റെ അനന്തരഫലമാണ് സമരം ഒ്ത്തുതിര്‍പ്പിലാക്കാന്‍ ലഫ്. ഗവര്‍ണറുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നുണ്ടായ നീക്കങ്ങള്‍. ഇതിലുപരിയായി രാജ്യ തലസ്ഥാനത്ത് ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന സമരം രാജ്യത്തെ ഫെഡറല്‍ സംവിധാനം നേരിടുന്ന വെല്ലുവിളിയും ഭീഷണിയും പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധിച്ചുവെന്നതും കെജ്‌രിവാനെയും ആംആദ്മി പാര്‍ട്ടിയെയും സംബന്ധിച്ചടത്തോളം എടുത്തു പറയേണ്ട് നേട്ടമാണ്.

കേന്ദ്ര സര്‍ക്കാരിന്റെയും ലഫ്. ഗവര്‍ണറുടെയും പിന്തുണയോടെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ നാല് മാസത്തിലേറെയായി തുടരുന്ന നിസഹകരണ സമരം അവസാനിപ്പിക്കുക, വീട്ടു പടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഡല്‍ഹി മന്ത്രിസഭയിലെ മൂന്ന് അംഗങ്ങള്‍ ഗവര്‍ണറുടെ ഓഫീസിലെ സന്ദര്‍ശക മുറിയില്‍ സമരം ആരംഭിച്ചത്. കെജ്‌രിവാളിന്റെ അപ്രതീക്ഷിത നീക്കത്തില്‍ പകച്ചുപോയ കേന്ദ്ര സര്‍ക്കാര്‍ മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ, കോടതി എന്നിവ വഴി പ്രതീരോധം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ദേശീയതലത്തില്‍ സമരത്തിന് ലഭിച്ച ജനശ്രദ്ധ കേന്ദ്ര സര്‍ക്കാരിനെയും ലഫ്. ഗവര്‍ണറെയും ഒത്തുതീര്‍പ്പിന് നിര്‍ബന്ധിതരാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളായി മന്ത്രിമാരുമായുള്ള സ്റ്റാറ്റിയൂട്ടറി യോഗങ്ങളും ദൈനംദിന കൂടിക്കാഴ്ച്ചകളും ഒഴിവാക്കി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ നടത്തിയ സമരം രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയിന്‍മേല്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു.

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രം തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കീഴില്‍ ഉദ്യോഗസ്ഥവൃന്ദം സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കുക എന്നതായിരുന്നു. എന്നാല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സ്റ്റാറ്റിയൂട്ടറി യോഗങ്ങള്‍ വരെ ബഹിഷ്‌കരിച്ചത് അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയ പിന്‍ബലം എവിടെ നിന്നോ ലഭിക്കുന്നു എന്നിതിന്റെ തെളിവായിരുന്നു. രാജ്യതലസ്ഥാത്ത് നടന്ന സമരം പല പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണച്ചപ്പോള്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് എതിര്‍ നിലപാട് സ്വീകരിച്ചത് ഇതിനിടയില്‍ കല്ലുകടിയായി. ഡല്‍ഹിയിലെ പ്രാദേശിക രാഷ്ട്രീയത്തില്‍ ആംദ്മി പാര്‍ട്ടി സമരത്തിലൂടെ നേടാന്‍ സാധ്യതയുള്ള നേട്ടങ്ങളാണ് കോണ്‍ഗ്രസിനെ ഇത്തരമൊരു നിലപാടിന് പ്രേരിപ്പിച്ചതെങ്കിലും 2019ലെ പൊതുതെരെഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുന്ന കോണ്‍ഗ്രസിന് ഭാവിയില്‍ ഇത് തിരിച്ചടിയാകും. കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴും വിശാലമായ കാഴ്ച്ചപ്പാടുകളോടുകൂടി ചിന്തിക്കാന്‍ ആരംഭിച്ചിട്ടില്ലെന്നാണ് അവരുടെ നിലപാടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയില്‍ നിന്ന് ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം പോലൂം ലഭിക്കാന്‍ അംഗത്വമില്ലാത്ത പാര്‍ട്ടിയായി തളര്‍ന്ന യാഥാര്‍ത്ഥം കോണ്‍ഗ്രസ് ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ് ഫെഡറല്‍ സംവിധാനം. ഒരു രാഷ്ട്രീയ വ്യവസ്ഥിതിയില്‍ തുടരുന്ന രാജ്യത്തിന് പൊതുവായി ഒരു സര്‍ക്കാരും വ്യക്തമായ അധികാരങ്ങളോടും അവകാശങ്ങളോടും കൂടിയ പ്രാദേശിക ഭരണങ്ങകൂടങ്ങളുമാണ് ഫെഡറല്‍ സംവിധാനത്തിലുള്ളത്. ഇന്ത്യ കൂടാതെ ഫെഡറല്‍ സംവിധാനങ്ങൾ ഉള്ള പ്രമുഖ രാജ്യങ്ങള്‍ അമേരിക്കന്‍ ഐക്യനാടുകള്‍, ബ്രസീല്‍, സ്വിറ്റ്‌സര്‍ലാന്റ് എന്നിവയാണ്. ഫെഡറല്‍ സംവിധാനത്തിന്റെ അന്തസത്ത പരസ്പര ബഹുമാനവും അധികാരങ്ങളിലും അവകാശങ്ങളിനു മേലും ഉള്ള കടന്നു കയറ്റം ഒഴിവാക്കലുമാണ്.

ഫെഡറല്‍ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റത്തിനാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തിയുള്ള സമരത്തിലൂടെ മോഡിയും ബിജെപിയും ലക്ഷ്യമിട്ടത്. ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കുന്ന പല ജനക്ഷേമ പദ്ധതികളും തടയുക എന്നതായിരുന്നും പ്രാഥമിക ലക്ഷ്യമെങ്കിലും ഫെഡറല്‍ സംവിധാനത്തോടുള്ള മോഡിയുടെയും ബിജെപിയുടെയും താല്‍പ്പര്യമില്ലാഴ്മയാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്. ഇത് ഡല്‍ഹിയിലെ ഒരു പ്രാദേശിക പ്രശ്‌നമായി കാണാതെ രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ ഉയരേണ്ടിയിരിക്കുന്നു. കാരണം ഇന്ത്യപോലെ വൈവിധ്യമുള്ള രാജ്യത്ത് മതമെന്ന് ഒറ്റച്ചരടില്‍ ജനങ്ങള്‍ ഒന്നിക്കില്ലെന്നിരിക്കെ ഫെഡറല്‍ സംവിധാനം രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ അത്യന്ത്യാപേക്ഷികമാണ്.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.