തൃശൂരില്‍ വയലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹത്തിന്റെ പല ഭാഗങ്ങളും കണ്ടെത്താനായില്ല. ഇന്നലെയാണ് ചൂണ്ടല്‍ പാടത്ത് പുരുഷന്റേതെന്ന് തോന്നുന്ന ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ക്ക് രണ്ട് ദിവസത്തോളം പഴക്കമുണ്ട്. രണ്ടു കാലുകൾ ഒരിടത്തും അരയ്ക്കു മുകൾഭാഗം മറ്റൊരു ഭാഗത്തുമായാണു കണ്ടെത്തിയത്. വയറിന്റെ ഭാഗവും തുടകളും കണ്ടെത്താനായില്ല. കൊലപാതകമാണെന്നു സംശയിക്കുന്നതായി പൊലീസ് വിശദമാക്കി.
ഇന്നലെ വൈകിട്ടാണ് മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. മരക്കമ്പനിക്കു പിന്നിൽ ആളൊഴിഞ്ഞ ഭാഗത്ത് ആടിനെ തീറ്റിക്കാൻ എത്തിയവരാണു മൃതദേഹം കണ്ടത്. തൃശൂർ–കുന്നംകുളം പാതയിൽനിന്നു 150 മീറ്റർ അകലെയായിരുന്നു മൃതദേഹം. പരിശോധനയിൽ 50 മീറ്ററിനുള്ളിൽ രണ്ടു ഭാഗത്തായി തലയും നെഞ്ചുവരെയുള്ള ഉടൽഭാഗവും കൈകാലുകളും കണ്ടെത്തി.
സമീപത്തുനിന്നു തുണിയുടെ അവശിഷ്ടവും ശരീരം കത്തിക്കാൻ ഇന്ധനം പകർത്തിക്കൊണ്ടു വന്നതായി സംശയിക്കുന്ന പാത്രത്തിന്റെ അടപ്പും കണ്ടെടുത്തു. മുടി പരിശോധിച്ചതിൽനിന്നാണു പുരുഷന്റേതാണെന്നു സൂചന ലഭിച്ചത്. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
Leave a Reply