സിസ്റ്റർ അഭയ കൊലക്കേസിൽ രണ്ടാം പ്രതിയായ സിസ്റ്റർ സ്റ്റെഫിയുടെ കന്യകാത്വ പരിശോധന നടത്തിയ ഫയൽ തിരുവനന്തപുരം സിബിഐ കോടതിയിൽ ഹാജരാക്കി. കേസിലെ ഇരുപത്തൊമ്പതാം സാക്ഷിയായ ഡോ. രമയോട് രേഖകൾ ഹാജരാക്കാൻ കോടതി അന്ത്യശാസനം നൽകിയിരുന്നു. ഫയൽ ഹാജരാക്കാൻ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 91 പ്രകാരം സി ബി ഐ മുഖേന നോട്ടീസ് നൽകിയിട്ടും ഹാജരാക്കാത്തത് കോടതിയെ ചൊടിപ്പിച്ചിരുന്നു. 10 നകം ഹാജരാക്കാത്ത പക്ഷം അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണ് അന്ത്യശാസനം ഡോക്ടർക്ക് നൽകിയത്.
അതേ സമയം കേസിലെ എൺപത്തിയേഴാം സാക്ഷിയും രാജസ്ഥാൻ സംസ്ഥാനത്തെ ഫോറൻസിക് ഡയറക്ടറുമായ ഡോ. പഥക്കിനോട് ജയ്പൂർ കോടതിയിൽ ജനുവരി 29 ന് ഹാജരാകാൻ സി ബി ഐ ജഡ്ജി സനിൽകുമാർ ഉത്തരവിട്ടു. പ്രായാഥിക്യത്താലുള്ള ശാരീരിക അസ്വാസ്ഥ്യം കാരണം തിരുവനന്തപുരം സിബിഐ കോടതിയിലെത്താനുള്ള സാക്ഷിയുടെ ബുദ്ധിമുട്ട് പരിഗണിച്ച് വീഡിയോ കോൺഫറൻസിംഗിലൂടെ സാക്ഷി വിസ്സാരം നടത്തുന്നതിലേക്കായാണ് ഡോക്ടറോട് രാജസ്ഥാനിലെ ജയ്പൂർ കോടതിയിൽ 29 ന് ഹാജരാകാൻ നിർദേശിച്ചത്. തൽസമയം തിരുവനന്തപുരം സിബിഐ ജഡ്ജി കോടതി ഹാളിൽ ഘടിപ്പിച്ചിട്ടുള്ള സ്ക്രീനിൽ നോക്കി പഥക്കിനെ ചീഫ് വിസ്താരവും ക്രോസ് വിസ്താരവും നടത്തും. അതിലേക്കായി പ്രതികളായ ഫാ.തോമസ് കോട്ടൂരിനോടും സിസ്റ്റർ സ്റ്റെഫിയോടും അവരുടെ അഭിഭാഷകരോടും സിബിഐ പ്രോസിക്യൂട്ടറോടും 29 ന് ഹാജരാൻ കോടതി ഉത്തരവിട്ടു.
മൂന്നാഴ്ച മുമ്പ് സി ബി ഐ കോടതി ഉത്തരവ് പ്രകാരം മജിസ്ട്രേട്രേട്ട് ദീപാ മോഹൻ കമ്മീഷൻ ഡോ. രമയെ കരമനയിലെ വസതിയിൽ ചെന്ന് സാക്ഷി വിസ്താരം നടത്തി കമ്മീഷൻ റിപ്പോർട്ട് സിബിഐ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സി ബി ഐ പ്രോസിക്യൂട്ടർ പ്രതികളായ ഫാ.തോമസ് കോട്ടൂർ , സിസ്റ്റർ സ്റ്റെഫി , പ്രതിഭാഗം അഭിഭാഷകർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സാക്ഷി വിസ്താരം നടത്തിയത്. വിസ്താര വേളയിൽ രഹസ്യ സ്വഭാവമുള്ള ഫയൽ ഡോക്ടർ കമ്മീഷൻ മുമ്പാകെ ഹാജരാക്കി മൊഴി നൽകിയിരുന്നു. ഫയൽ സിബിഐ കോടതിയിൽ നേരിട്ട് ഹാജരാക്കാൻ കമ്മീഷൻ ഡോക്ടർക്ക് നിർദേശം നൽകി.
സി ബി ഐ അറസ്റ്റ് ചെയ്ത സ്റ്റെഫിയെ കന്യകാത്വ പരിശോധന നടത്താൻ ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡോ.രമയുടെ മുന്നിൽ ഹാജരാക്കിയിരുന്നു. പരിശോധന ഫയൽ ഡോക്ടർ രഹസ്യമായി സൂക്ഷിക്കാനും കോടതി ആവശ്യപ്പെടുമ്പോൾ ഹാജരാക്കാനും സി ബി ഐ നിർദേശിച്ചു.അതിനാൽ ഡോക്ടർ റിട്ടയർ ആയിട്ടും മെഡിക്കൽ സൂപ്രണ്ടിനെ ഏൽപ്പിക്കാതെ തന്റെ വസതിയിൽ സുരക്ഷിതമായ കസ്റ്റഡിയിൽ സൂക്ഷിച്ചു. ഈ ഫയലാണ് കോടതി ഇപ്പോൾ ആവശ്യപ്പെട്ട പ്രകാരം ഡോ.രമ ഹാജരാക്കിയത്.
ഡോ. രമയെ മെഡിക്കൽ ബോർഡ് പരിശോധിച്ച് ആരോഗ്യസ്ഥിതി റിപ്പോർട്ട് വിളിച്ചു വരുത്തണമെന്ന പ്രതിഭാഗം ഹർജി ജഡ്ജി സനിൽകുമാർ നേരത്തേ തള്ളിയിരുന്നു. സാക്ഷി മൊഴി നൽകാൻ പ്രാപ്തയല്ലെങ്കിൽ സാക്ഷിയുടെ വാസസ്ഥലത്ത് മൊഴിയെടുക്കാൻ ചെല്ലുന്ന മജിസ്ട്രേട്ട് കമ്മീഷൻ വിവരംകോടതിക്ക് റിപ്പോർട്ടായി സമർപ്പിച്ചോളുമെന്നും അക്കാര്യത്തിൽ പ്രതിക്ക് ആശങ്കയോ വേവലാതിയോ വേണ്ടെന്നും ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കിയിരുന്നു. മാത്രവുമല്ല ക്രിമിനൽ കോടതിക്ക് ഒരിക്കൽ പുറപ്പെടുവിച്ച ഉത്തരവ് പുന:പരിശോധന നടത്താനോ ഭേദഗതി വരുത്താനോ റദ്ദാക്കാനോ അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടു കൂടിയാണ് ഹർജി തള്ളിയത്. ശയ്യാവലംബിയായി കിടക്കയിൽ കഴിയുന്ന ഡോ. രമയെ മജിസ്ട്രേട്ട് ദീപാ മോഹൻ കമ്മിഷൻ വിസ്തരിക്കും മുമ്പ് അവർ മൊഴി നൽകാൻ പ്രാപ്തയാണോയെന്നറിയാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി സ്റ്റെഫി സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. സി ബി ഐ അന്വേഷണം ഏറ്റെടുത്ത ഉടനെ താൻ കന്യകയെന്ന് വരുത്താൻ ബാംഗ്ളൂരിൽ ചെന്ന് സ്റ്റെഫി ഓപ്പറേഷൻ നടത്തി കീറിപ്പോയ കന്യാചർമ്മം കൃത്രിമമായി തുന്നിചേർത്തിരുന്നു.
സ്റ്റെഫി കൃത്രിമമായി കന്യാചർമ്മം ഓപ്പറേഷൻ നടത്തി തുന്നിചേർത്തത് തന്റെ പരിശോധനയിൽ തെളിത്തതായി ഡോ.രമ നേരത്തേ സി ബി ഐ ക്ക് മൊഴി നൽകിയിരുന്നു. രാജ്യത്ത് അപൂർവ്വമായി നടത്താറുള്ള ഹൈമനോപ്ലാസ്റ്റി , ഹൈമനോട്ടമി (യോനീ ഭാഗം സുഗമമായ ലൈംഗിക ബന്ധത്തിനായും മറ്റുമുള്ള തടസ്സം മാറ്റി വിസ്തൃതി കൂട്ടൽ) എന്നീ ഓപ്പറേഷനുകൾ സ്റ്റെഫി നടത്തിയെന്നും ആലപ്പുഴ മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിച്ച ഡോ. രമയും ഡോ. ശ്രീകുമാരിയും കണ്ടെത്തിയിരുന്നു.
Leave a Reply