ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
പ്രസ്റ്റണ്‍: പത്രോസാകുന്ന പാറമേല്‍ സ്ഥാപിച്ചിരിക്കുന്ന സഭ ഈശോയുടേതാണെന്നും അതിനാല്‍ മാനുഷികഘടകങ്ങളല്ല ഈ സഭയുടെ അടിസ്ഥാനമെന്നും റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ പ്രഥമ അഭിഷേകാഗ്നി കണ്‍വെന്‍ഷനില്‍ വചനസന്ദേശം നല്‍കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സഭയോടു ചേര്‍ന്നു നില്‍ക്കുന്നവര്‍ അതിനാല്‍ ദൈവത്തോടാണു ചേര്‍ന്നു നില്‍ക്കുന്നതെനും അതിനു പുറത്തുനിന്ന് പ്രവര്‍ത്തിക്കുന്നത് ദൈവപദ്ധതിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നിറഞ്ഞുകവിഞ്ഞ വിശ്വാസ സാഗരത്തെ സാക്ഷിനിര്‍ത്തി കണ്‍വവെന്‍ഷന്റെ രണ്ടാംദിന ശുശ്രൂഷകള്‍ രാവിലെ 9.30 ന് ആരംഭിച്ചു. ജപമാല, സ്തുതി സ്‌തോത്രങ്ങള്‍, വചനപ്രഘോഷണങ്ങള്‍, ദിവ്യബലി എന്നിവയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, റവ. ഫാ. സാംസണ്‍ കോട്ടൂര്‍, റവ. ഫാ സോജി ഓലിക്കല്‍, റവ. ഫാ. സജി തോട്ടത്തില്‍, റവ. ഫാ. ജിനോ അരീക്കാട്ട്, റവ. ഫാ. മാത്യൂ ചൂരപൊയ്കയില്‍, റവ ഫാ. ഫാന്‍സ്വാ പത്തില്‍, റവ. ഫാ. മാത്യു പിണക്കാട്ട്, ഫാ. ആന്റണി ചുണ്ടെലിക്കാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഉച്ചകഴിഞ്ഞ് 3 മണിക്ക് മാര്‍ സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ച് വചനസന്ദേശം നല്‍കി. ഈ ഭൂമിയില്‍ ജീവിക്കുമ്പോഴും സ്വര്‍ഗരാജ്യത്തെ ലക്ഷ്യമാക്കി ആത്മീയ ഒരുക്കം നടത്തണമെന്നും അതിന് നിരന്തരമായ പരിശ്രമം ആവശ്യമാണെന്നും തിരുവചന വ്യാഖ്യാന സമയത്ത് അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. വിശ്വാസത്തോടെ സ്വീകരിക്കുന്നവരുടെ മുമ്പില്‍ അപ്പം വി. കുര്‍ബാനയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്റ്റണ്‍ റീജിയണിലെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരാനെത്തി. പ്രസ്റ്റണ്‍ റീജിയണ്‍ ഡയറക്ടര്‍ റവ. ഡോക്ടര്‍ മാത്യു പിണക്കാട്ടിന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിലാണ് കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ നടന്നത്.
കണ്‍വെന്‍ഷന്റെ മൂന്നാം ദിനമായ ഇന്ന് മാഞ്ചസ്റ്റര്‍ റീജിയണില്‍ അഭിഷേകാഗ്നി പെയ്തിറങ്ങും. The Sheridan Suite, 371 Oldham Road, Manchester, M 40 8 PR ല്‍ നടക്കുന്ന ശുശ്രൂഷകള്‍ രാവിലെ 9 മണിക്ക് ആരംഭിക്കും. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക ശുശ്രൂഷ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ശുശ്രൂഷ നടക്കുന്ന സ്ഥലം 1, Irish Town Way, Manchester, M8 ORY. മാഞ്ചസ്റ്റര്‍ റീജിയണ്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയുടേയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് വിശ്വാസികള്‍ക്കായി ക്രമീകരിച്ചിരിക്കുന്നത്. കണ്‍വെന്‍ഷന്റെ നാലാം ദിവസമായ ബുധനാഴ്ച കേംബ്രിഡ്ജ് റീജിയണില്‍ (25 ബുധന്‍) അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടക്കും.
Leave a Reply