ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
കേംബ്രിഡ്ജ്: പ്രഥമ ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന്റെ കേംബ്രിഡ്ജ് റീജിയണ്‍ ധ്യാനം അഭിഷേകസാന്ദ്രമായി. നോര്‍വിച്ച് സെന്റ് ജോണ്‍ ദി ബാപിസ്റ്റ് കത്തീഡ്രല്‍ തിങ്ങിനിറഞ്ഞ വിശ്വാസ സമൂഹത്തില്‍ രാവിലെ 9.30നാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചത്. ജപമാല, ആരാധനാഗീതങ്ങള്‍, ആത്മീയ പ്രഭാഷണങ്ങള്‍, വി. കുര്‍ബാന, ദിവ്യകാരുണ്യ ആരാധന തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ വിശ്വാസികള്‍ക്ക് പുത്തന്‍ ഉണര്‍വ്വും ആഴമായ ആത്മീയ ബോധ്യങ്ങളും സമ്മാനിച്ചു.
പശ്ചാത്തപിക്കുന്ന പാപികളുടെ തിരിച്ചുവരവിലാണ് ദൈവം ഏറ്റവും കൂടുതലായി സന്തോഷിക്കുന്നതെന്ന് മുഖ്യപ്രഭാഷകനും സെഹിയോന്‍, അഭിഷേകാഗ്നി ശുശ്രൂഷകളുടെ ഡയറക്ടറുമായ റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. യേശുക്രിസ്തു നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടിയാണ് കുരിശില്‍ മരിച്ചതെന്ന് വിശ്വസിക്കുന്ന ഓരോരുത്തര്‍ക്കുമാണ് നിത്യജീവന് അര്‍ഹത കിട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ നടന്ന ശുശ്രൂഷകളില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, റവ. ഫാ. സാംസണ്‍ കോട്ടൂര്‍, റവ ഫാ. സോജി ഓലിക്കല്‍, റവ. ഫാ. ഷൈജു നടുവത്താനിയില്‍, റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍, കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ടെറിന്‍ മുള്ളക്കര, റവ. ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
ദൈവത്തിന്റെ മുഖം നാം കാണുന്നത് ഈശോയിലാണെന്നും വി. കുര്‍ബാനയില്‍ ഈ മുഖം കൂടുതല്‍ വ്യക്തമായി ദര്‍ശിക്കാനാവുമെന്നും ദിവ്യബലി മധ്യേയുള്ള വചന സന്ദേശത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. കുരിശിലെ സഹനത്തിലൂടെ ഈശോ കാണിച്ചുതന്ന സ്‌നേഹമാണ് യഥാര്‍ത്ഥ സ്‌നേഹം. ഒരാള്‍ക്ക് ഈ ലോകത്തില്‍ വച്ച് സ്വന്തമാക്കാവുന്ന ഏറ്റവും മനോഹരവും വിലയുറ്റതുമായ കാര്യം യേശുക്രിസ്തുവാണെന്നും മാര്‍ സ്രാമ്പിക്കല്‍ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
കേംബ്രിഡ്ജ് റീജിയണ്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ടെറിന്‍ മുള്ളക്കരയുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിലാണ് കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ നടത്തിയത്. കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ശുശ്രൂഷകള്‍ സംഘടിപ്പിച്ചിരുന്നു. കേംബ്രിഡ്ജ് റീജിയണിന്റെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്ന് നിരവധി വിശ്വാസികള്‍ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തി.
അഭിഷേകാഗ്നി കണ്‍വെന്‍ഷന്റെ അഞ്ചാം ദിനം ഇന്ന് കവന്‍ട്രി റീജിയണില്‍ നടക്കും. New Bingly Hall, 1 Hockley Circus, Birmingham, B 18 5 PP ല്‍ രാവിലെ 9 മണിക്ക് ശുശ്രൂഷകള്‍ ആരംഭിക്കും. കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജയ്‌സണ്‍ കരിപ്പായിയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.
നാളെ (വെള്ളി) സൗത്താംപ്ടണ്‍ റീജിയണല്‍ ഏകദിന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടക്കും. Bournemouth Life Centre LTO, 713 Wimborne Road, BH9 2 AU നടക്കുന്ന ശുശ്രൂഷകളുടെ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. റ്റോമി ചിറയ്ക്കല്‍ മണവാളന്‍ ആണ്. ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
Leave a Reply